വിലക്കയറ്റവും ചെലവും കണക്കിലെടുത്തു; സന്തോഷ വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍, ജീവനക്കാര്‍ക്ക് വലിയ ആശ്വാസം
വിലക്കയറ്റവും അനുബന്ധമായുണ്ടാകുന്ന ചെലവുകളും കണക്കിലെടുത്താണ് ക്ഷാമബത്ത മൂന്ന് മുതൽ നാല് ശതമാനം വരെ വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പുറമെ പെൻഷൻകാർക്കും വർധനവിന് സാധ്യതയുണ്ട്.
ദില്ലി: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. വിലക്കയറ്റവും അനുബന്ധമായുണ്ടാകുന്ന ചെലവുകളും കണക്കിലെടുത്താണ് ക്ഷാമബത്ത മൂന്ന് മുതൽ നാല് ശതമാനം വരെ വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പുറമെ പെൻഷൻകാർക്കും വർധനവിന് സാധ്യതയുണ്ട്. ജനുവരി, ജൂലൈ മാസങ്ങളിലായി വർഷത്തിൽ രണ്ട് തവണയാണ് ഡിഎ വർധിപ്പിക്കുക.
2023 ജനുവരിയിലാണ് അവസാനമായി വർധന പ്രഖ്യാപിച്ചത്. ഇത് പ്രാബല്യത്തിൽ വന്നിട്ടുമുണ്ട്. ജനുവരിയിൽ നാല് ശതമാനം വർധിപ്പിച്ച് ഡിഎ 42 ശതമാനമായി ഉയർത്തിയിരുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം, കേന്ദ്ര സർക്കാർ ഡിഎ വീണ്ടും നാല് ശതമാനം വർധിപ്പിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ ഡിഎ 46 ശതമാനമായി ഉയരും. സർക്കാർ ജീവനക്കാർക്ക് ഡിയർനസ് അലവൻസ് (ഡിഎ) നൽകുമ്പോൾ പെൻഷൻകാർക്ക് ഡിയർനസ് റിലീഫും (ഡിആർ) ആണ് നൽകിവരുന്നത്.
ശമ്പളത്തിൽ എത്ര കൂടും?
ഒരു സർക്കാർ ജീവനക്കാരന്‍റെ പ്രതിമാസ ശമ്പളം ഏകദേശം 42,000 രൂപയും അടിസ്ഥാന ശമ്പളം ഏകദേശം 25,500 രൂപയുമാണെങ്കിൽ ക്ഷാമബത്തയായി നിലവിൽ 9,690 രൂപ ലഭിക്കും. എന്നാൽ ഡിഎ നാല് ശതമാനം വർധിപ്പിച്ച സാഹചര്യത്തിൽ ക്ഷാമബത്ത തുകയായി 10,710 രൂപയായി ഉയരും. അതായത് ശമ്പളത്തിൽ 1,020 രൂപയുടെ വർധനവുണ്ടാകും. പെൻഷൻകാർക്കും പ്രതിമാസ പെൻഷൻ വർധിക്കും. ഉദാഹരണത്തിന്, ഒരാൾക്ക് പ്രതിമാസം 30,000 രൂപ അടിസ്ഥാന പെൻഷൻ ലഭിക്കുന്നുണ്ടെങ്കിൽ, അവർക്കുള്ള ഡി ആർ 11,400 രൂപയായിരിക്കും.
നാല് ശതമാനം ഡിആർ വർധിച്ചാൽ, തുക 12,600 രൂപയായി ഉയരും. പ്രതിമാസ പെൻഷനിൽ 800 രൂപയുടെ വർധനവുണ്ടാകും.
ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് നിലവിൽ 47.58 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാരും 69.76 ലക്ഷം പെൻഷൻകാരുമുണ്ട്. വരാനിരിക്കുന്ന ക്ഷാമബത്ത വർധനവുകൾ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു പോലെ പ്രയോജകരമായിരിക്കും. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് ക്ഷാമബത്ത നൽകുന്നതെങ്കിൽ അടിസ്ഥാന പെൻഷന്റെ അടിസ്ഥാനത്തിലാണ് ഡിആർ നൽകിവരുന്നത്.
ഉടനടി പണം ആവശ്യമുണ്ടോ, 30 മിനിറ്റ്, അതിവേഗത്തിൽ വായ്പ നേടാം; സുവിധ ലോൺ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...