കേന്ദ്ര ബജറ്റ്, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തേടി വ്യവസായ മേഖല
തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള സമഗ്രമായ പദ്ധതികള്‍ നടപ്പിലാക്കണമെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ധനമന്ത്രിയോട് ആവശ്യപ്പെട്ടു
കേന്ദ്ര ബജറ്റില്‍ വിവിധ മേഖലകളുടെ പുരോഗതിക്കായി മൂന്ന് തലത്തിലുള്ള ഉത്തേജന പരിപാടികള്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ട് രാജ്യത്തെ വ്യാവസായിക മേഖല. അടിസ്ഥാന സൗകര്യ വികസനം, ഉല്‍പാദനം , ഉപഭോഗം വര്‍ദ്ധിപ്പിക്കല്‍ എന്നീ മേഖലകളിലാണ് കേന്ദ്രസര്‍ക്കാരിന്‍റെ സഹായം വ്യാവസായിക മേഖല ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള വിപുലമായ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കണം എന്നാണ് ഇവരുടെ ആവശ്യം. യുക്തിസഹമായ നികുതി ഘടന , സംരംഭം നടത്തിക്കൊണ്ടു പോകാനുള്ള ചെലവ് കുറയ്ക്കല്‍, വ്യാവസായിക മേഖലയുമായി ബന്ധപ്പെട്ടുള്ള നയങ്ങളുടെ പരിഷ്കരണം എന്നിവ നടപ്പാക്കണം എന്നും ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ വ്യവസായ സംഘടനകള്‍ ആവശ്യപ്പെട്ടു.
തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള സമഗ്രമായ പദ്ധതികള്‍ നടപ്പിലാക്കണമെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ധനമന്ത്രിയോട് ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ പൊതുകടം മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്‍റെ 50 ശതമാനമായി കുറച്ചു കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സിഐഐ ധനമന്ത്രിയോട് ആവശ്യപ്പെട്ടു. വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്ന മേഖലകളായ റെഡിമെയ്ഡ് വസ്ത്ര നിര്‍മാണം, പാദരക്ഷാ നിര്‍മ്മാണം, ഫര്‍ണിച്ചര്‍ നിര്‍മ്മാണ മേഖല, വിനോദസഞ്ചാര മേഖല, റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണ മേഖല എന്നിവയ്ക്കായി വിവിധ സഹായ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കണമെന്നും സിഐഐ ശുപാര്‍ശ ചെയ്തു. വിനോദസഞ്ചാര മേഖലയ്ക്ക് അടിസ്ഥാന സൗകര്യ മേഖല എന്ന പദവി നല്‍കണമെന്നും സിഐഐ ആവശ്യപ്പെട്ടു.
വ്യക്തികള്‍ക്കുള്ള നികുതി 25 ശതമാനം ആയി കുറയ്ക്കുന്നത് പുതിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കും എന്ന് വ്യവസായ മേഖല ചൂണ്ടിക്കാട്ടി. ഇന്ധനത്തിനുള്ള എക്സൈസ് തീരുവ കുറയ്ക്കല്‍, ആദായനികുതി സ്ലാബ് കുറയ്ക്കല്‍, മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്‍റ് ഗ്യാരണ്ടി സ്കീം വഴിയുള്ള കൂലി വര്‍ദ്ധന എന്നിവയിലൂടെ ആളുകളുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കാം എന്നും വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടി.