ധനമന്ത്രി കനിയുമോ? വീട് വാങ്ങുന്നവര്‍ക്കും ഭവന വായ്പയെടുത്തവര്‍ക്കും ആവശ്യങ്ങളേറെ, പ്രതീക്ഷ ബജറ്റിൽ
പ്രത്യേകിച്ച് രാജ്യത്തിന്‍റെ നഗരപ്രദേശങ്ങളില്‍ വീടുകളുടെ വില കുതിച്ചുയരുന്നതിനാല്‍ ഉയര്‍ന്ന ഇളവുകള്‍ വേണമെന്ന ആവശ്യമാണ് ഉയരുന്നത്.
2025-26 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഭവനവായ്പ വായ്പയെടുത്തവരുടെ പ്രതീക്ഷകളും വാനോളമാണ്. വായ്പയെടുത്തവര്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് വെല്ലുവിളി സൃഷ്ടിക്കുമ്പോള്‍ ഇതിനെ മറികടക്കാനുള്ള എന്തെല്ലാം ആനുകൂല്യങ്ങള്‍ ധനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രത്യേകിച്ച് രാജ്യത്തിന്‍റെ നഗരപ്രദേശങ്ങളില്‍ വീടുകളുടെ വില കുതിച്ചുയരുന്നതിനാല്‍ ഉയര്‍ന്ന ഇളവുകള്‍ വേണമെന്ന ആവശ്യമാണ് ഉയരുന്നത്. സെക്ഷന്‍ 80സി, 24ബി (പഴയ നികുതി വ്യവസ്ഥ) പ്രകാരം നിലവിലുള്ള നികുതി കിഴിവുകള്‍ അപര്യാപ്തമാണെന്നും ഇവര്‍ പറയുന്നു.
നിലവില്‍ ഭവന വായ്പയെടുത്തവര്‍ക്ക് പഴയ നികുതി സമ്പ്രദായത്തിന് കീഴില്‍ സെക്ഷന്‍ 80 സി, 24 ബി എന്നിവ പ്രകാരം കിഴിവുകള്‍ ലഭിക്കും. സ്വന്തമായി താമസിക്കുന്ന വീടിന്, സെക്ഷന്‍ 24(ബി) പ്രകാരം ഒരു വര്‍ഷത്തില്‍ 2 ലക്ഷം രൂപ വരെയുള്ള ഭവനവായ്പയുടെ പലിശയ്ക്കും സെക്ഷന്‍ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെ തിരിച്ചടച്ച പ്രിന്‍സിപ്പലിനും പരമാവധി നികുതി ഇളവ് ലഭിക്കും. പക്ഷെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കൊണ്ട് ഭവന വായ്പകളുടെ പലിശ നിരക്ക് ഉയരുകയും വീടുകളുടെ വില കൂടുകയും ചെയ്തിട്ടുണ്ട്.
ക്രെഡിറ്റ്-ലിങ്ക്ഡ് സബ്സിഡി സ്കീം പുനഃസ്ഥാപിക്കുക
2022 മാര്‍ച്ച് 31 വരെ ക്രെഡിറ്റ്-ലിങ്ക്ഡ് സബ്സിഡി സ്കീം ലഭ്യമായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ , താഴ്ന്ന വരുമാനമുള്ള വിഭാഗങ്ങള്‍, ഇടത്തരം വരുമാനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് ബാങ്കുകളില്‍ നിന്നും മറ്റും സബ്സിഡി പലിശ നിരക്കില്‍ ഭവനവായ്പകള്‍ ലഭ്യമാക്കാന്‍ ഈ സ്കീം സഹായിച്ചിരുന്നു. ഇത് പുനസ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
സെക്ഷന്‍ 80 ഇഇഎ
സെക്ഷന്‍ 80 ഇഇഎ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഭവനവായ്പയ്ക്ക് നല്‍കുന്ന പലിശയില്‍ 50,000 രൂപ വരെ കിഴിവ് ഉറപ്പാക്കിയിരുന്നു. 2022 മാര്‍ച്ചിന് ശേഷം ഇതും നിര്‍ത്തലാക്കി. ഇതും ഭവന വായ്പയെടുക്കുന്നവര്‍ക്ക് തിരിച്ചടിയാണ്.