പുതിയ ബജറ്റിൽ നികുതി മാറുമോ; കഴിഞ്ഞ വർഷം ധനമന്ത്രി പ്രഖ്യാപിച്ച ആറ് ആദായനികുതി നിയമങ്ങൾ
2023 ലെ കേന്ദ്ര ബജറ്റിൽ പുതിയ നികുതി വ്യവസ്ഥ മുതൽ റിബേറ്റുകളിലെ മാറ്റങ്ങൾ വരെ, ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയ ആറ് പ്രധാന ആദായനികുതി പ്രഖ്യാപനങ്ങൾ നോക്കാം.
ലോകസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ 2024 ഫെബ്രുവരി 1 ന് ധനമന്ത്രി നിർമ്മല സീതാരാമൻ മോദി സർക്കാരിനായി നിർണായക ഇടക്കാല ബജറ്റ് അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ഈ ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകാനിടയില്ല. 2023 ലെ കേന്ദ്ര ബജറ്റിൽ പുതിയ നികുതി വ്യവസ്ഥ മുതൽ റിബേറ്റുകളിലെ മാറ്റങ്ങൾ വരെ, ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയ ആറ് പ്രധാന ആദായനികുതി പ്രഖ്യാപനങ്ങൾ നോക്കാം.
1) നികുതി റിബേറ്റ് പരിധി ഉയർത്തി
പുതിയ നികുതി വ്യവസ്ഥയിലെ റിബേറ്റ് പരിധി 7 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു, അതായത് പുതിയ നികുതി വ്യവസ്ഥയിൽ 7 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികൾക്ക് നികുതിയൊന്നും നൽകേണ്ടതില്ല.
2) ആദായ നികുതി സ്ലാബുകളിൽ മാറ്റങ്ങൾ
നികുതി ഘടനയിൽ മാറ്റം വരുത്തി, സ്ലാബുകളുടെ എണ്ണം അഞ്ചാക്കി കുറയ്ക്കുകയും നികുതി ഇളവ് പരിധി 3 ലക്ഷമായി ഉയർത്തുകയും ചെയ്തു.
0-3 ലക്ഷം - ഇല്ല
3-6 ലക്ഷം - 5%
6-9 ലക്ഷം- 10%
9-12 ലക്ഷം - 15%
12-15 ലക്ഷം - 20%
15 ലക്ഷത്തിന് മുകളിൽ- 30%
3) പുതിയ ആദായ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള സ്റ്റാൻഡേർഡ് ഡിഡക്ഷൻ ആനുകൂല്യം
പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ സ്റ്റാൻഡേർഡ് ഡിഡക്ഷന്റെ ആനുകൂല്യം ശമ്പളക്കാരായ വിഭാഗത്തിനും ഫാമിലി പെൻഷൻകാർ ഉൾപ്പെടെയുള്ള പെൻഷൻകാർക്കും ലഭിക്കും. ശമ്പളമുള്ള വ്യക്തിക്ക് 50,000 രൂപയും പെൻഷൻകാർക്ക് 15,000 രൂപയും സ്റ്റാൻഡേർഡ് കിഴിവ് ലഭിക്കും.
4) ഉയർന്ന സർചാർജ് നിരക്ക്
വ്യക്തിഗത ആദായനികുതിയിലെ ഏറ്റവും ഉയർന്ന സർചാർജ് നിരക്ക് 2 കോടി രൂപയ്ക്ക് മുകളിലുള്ള വരുമാനത്തിന് പുതിയ നികുതി വ്യവസ്ഥയിൽ 37% ൽ നിന്ന് 25% ആയി കുറച്ചു.
5) ലീവ് എൻകാഷ്‌മെന്റിന് നികുതി ഇളവ്
സർക്കാരിതര ശമ്പളമുള്ള ജീവനക്കാരുടെ വിരമിക്കലിന് ശേഷമുള്ള ലീവ് എൻകാഷ്‌മെന്റിന്റെ നികുതി ഇളവിന്റെ പരിധി 3 ലക്ഷത്തിൽ നിന്ന് 25 ലക്ഷമായി ഉയർത്തി.
6) പുതിയ ആദായനികുതി വ്യവസ്ഥ ഡിഫോൾട്ട് ആയിരിക്കും
പുതിയ ആദായ നികുതി വ്യവസ്ഥയെ ഡിഫോൾട്ട് ടാക്‌സ് സമ്പ്രദായമാക്കി മാറ്റി. എന്നിരുന്നാലും, പൗരന്മാർക്ക് പഴയ നികുതി വ്യവസ്ഥയുടെ ആനുകൂല്യങ്ങൾ ലഭിക്കാനുള്ള ഓപ്ഷൻ തുടരും.