കർഷകർക്ക് വാരിക്കോരി തരും; ബജറ്റിൽ വൻ ഓഫറുകളെന്ന് സൂചന
കർഷകരെ കയ്യിലെടുക്കുന്നതിനുള്ള തന്ത്രവുമായി കേന്ദ്രം. മോദി സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം വിതരണം ചെയ്യുന്ന തുക കൂട്ടുന്നതിനുള്ള തീരുമാനം ബജറ്റിൽ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ കർഷകരെ കയ്യിലെടുക്കുന്നതിനുള്ള തന്ത്രവുമായി കേന്ദ്രം. മോദി സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം വിതരണം ചെയ്യുന്ന തുക കൂട്ടുന്നതിനുള്ള തീരുമാനം ബജറ്റിൽ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. നിലവിൽ ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കളായ കർഷകർക്ക് പ്രതിവർഷം 6,000 രൂപയാണ് ലഭിക്കുന്നത്. ബജറ്റിൽ ഈ തുക 6000 രൂപയിൽ നിന്ന് 9000 രൂപയായി ഉയർത്താനാണ് സാധ്യത.കർഷകരുടെ അക്കൗണ്ടിലേക്ക് മൂന്ന് ഗഡുക്കളായി സർക്കാർ ഈ പണം ഓൺലൈനായി കൈമാറുകയാണ് ചെയ്യുന്നത്.
2019ലെ ഇടക്കാല ബജറ്റിലാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയുടെ 16-ാം ഗഡു ഈ വർഷം ഫെബ്രുവരിക്കും മാർച്ചിനും ഇടയിൽ വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബർ 15ന് സർക്കാർ 15-ാം ഗഡു കർഷകർക്ക് നൽകിയിരുന്നു.വരുന്ന ഫെബ്രുവരിയിൽ ഈ പദ്ധതി ആരംഭിച്ചിട്ട് 5 വർഷം തികയുകയാണ്. അടുത്ത 5 വർഷത്തേക്ക് കർഷകരുടെ വരുമാനം 50 ശതമാനം വർധിപ്പിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 2024 ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിലായിരിക്കും പ്രഖ്യാപനം നടത്തുക. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്.
2024-25 ലെ ബജറ്റിൽ കാർഷിക മേഖലയ്ക്കായി ഏകദേശം 2 ലക്ഷം കോടി രൂപ വകയിരുത്തിയേക്കുമെന്നാണ് സൂചന. നടപ്പ് സാമ്പത്തിക വർഷം അനുവദിച്ച 1.44 ലക്ഷം കോടി രൂപയേക്കാൾ 39 ശതമാനം കൂടുതലാണിത്. ഈ ഫണ്ടിൻറെ സഹായത്തോടെ കർഷകരുടെ വരുമാനം വർധിപ്പിക്കാൻ മാത്രമല്ല, വിള ഇൻഷുറൻസ് വിപുലീകരിക്കാനും പദ്ധതികളുണ്ടായേക്കും.വിള ഇൻഷുറൻസ് പദ്ധതിയായ പ്രധാനമന്ത്രി ഫസൽ ബീമാ യോജന 2016ൽ ആണ് ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം കർഷകരുടെ വിളകൾ വളരെ കുറഞ്ഞ പ്രീമിയത്തിലാണ് ഇൻഷൂർ ചെയ്യുന്നത്. ഇതിനായി കർഷകർ മൊത്തം പ്രീമിയത്തിൻറെ 1.5 മുതൽ 5 ശതമാനം വരെ മാത്രമേ അടയ്‌ക്കേണ്ടതുള്ളൂ, ബാക്കി തുക സർക്കാർ ആണ് അനുവദിക്കുക