സിൻഡ്രല്ല കഥ പോലൊരു വിവാഹം; കോടീശ്വരനായ രാജകുമാരന്റെ വധു ആരാണ്
ലോകത്തിലെ ധനിക രാജ്യങ്ങളിലൊന്നായ ബ്രൂണെയിലെ രാജകുമാരന്‍ വിവാഹം ചെയ്യുന്നത് രാജകുടുംബത്തിന് പുറത്തുള്ള ഒരു സാധാരണ പെൺകുട്ടിയെയാണ്.
ലോകത്തിലെ ഏറ്റവും ധനികനായ ഭരണാധികാരികളില്‍ ഒരാളായ ഹസനുല്‍ ബോല്‍കിയയുടെ മകൻ അബ്ദുൾ മതിന്റെ രാജകീയ വിവാഹ ചടങ്ങുകൾ ആരംഭിച്ചു. ലോകത്തിലെ ധനിക രാജ്യങ്ങളിലൊന്നായ ബ്രൂണെയിലെ രാജകുമാരന്‍ വിവാഹം ചെയ്യുന്നത് രാജകുടുംബത്തിന് പുറത്തുള്ള ഒരു സാധാരണ പെൺകുട്ടിയെയാണ്.
32-കാരനായ അബ്ദുൾ മതിൻ 29-കാരിയായ യാങ് മുളിയ അനിഷ റോസ്‌നഹയെയാണ് വിവാഹം ചെയ്യുന്നത്. ജനുവരി 7 മുതൽ 10 ദിവസം നീണ്ടുനിൽക്കുന്ന ഇരുവരുടെയും വിവാഹ ചടങ്ങുകൾക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. തലസ്ഥാനമായ ബന്ദര്‍ സെരി ബെഗവാനിലെ സ്വര്‍ണത്താഴിക്കുടമുള്ള പള്ളിയില്‍ വെച്ച് മുസ്ലീം മതാചാര പ്രകാരമാണ് വിവാഹം.
ലോകത്ത് ഇന്നും രാജവാഴ്ച്ച പിന്തുടരുന്ന രാജ്യങ്ങളിലൊന്നാണ് ബ്രുണെ. ഏഷ്യയിലെ ഏറ്റവും വലിയ ദ്വീപായ ബോര്‍ണിയോയുടെ വടക്കുകിഴക്കുള്ള കൊച്ചു രാജ്യമാണിത്. വെറും 5,795 ചതുരശ്ര കിലോമീറ്റാണ് അതിന്റെ വിസ്തീര്‍ണം. ഈ ചെറിയ രാജ്യത്ത് താമസിക്കുന്നതാകട്ടെ നാലരലക്ഷം ജനങ്ങളും.
ഹസനുല്‍ ബോല്‍കിയ ഇബ്‌നി ഒമര്‍ അലി സൈഫുദ്ദീന്‍ മൂന്നാമന്‍ എന്നാണ് സുൽത്താന്റെ മുഴുവന്‍ പേര്. സുൽത്താന്റെ നാലാമത്തെ മകനാണ് അബ്ദുൾ മതിൻ. ബ്രൂണെയിലെ 29-ാമത്തെ സുല്‍ത്താനാണ് ഹസനുല്‍ ബോല്‍കിയ 1984-ല്‍ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷം അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനവും വഹിക്കുന്നു. എലിസബത്ത് രാജ്ഞിയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാജാവ് കൂടിയാണ് ബോല്‍കിയ. 2017-ല്‍ തന്റെ ഭരണത്തിന്റെ സുവര്‍ണ ജൂബിലി അദ്ദേഹം ആഘോഷിച്ചിരുന്നു.
മതിൻ രാജകുമാരനെ പലപ്പോഴും പിതാവിനൊപ്പം ഔദ്യോഗിക കാര്യങ്ങളിൽ കാണാറുണ്ട്. 2023 മെയ് മാസത്തിൽ ചാൾസ് രാജാവിന്റെയും കാമില രാജ്ഞിയുടെയും കിരീടധാരണത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. മതീനും അനീഷയും വർഷങ്ങളായി പ്രണയത്തിലാണ്. , 2023 ജനുവരിയിൽ രാജകുമാരി അസീമ നിമത്തുൽ ബോൾകിയയുടെ രാജകീയ വിവാഹത്തിൽ പങ്കെടുത്തപ്പോൾ ഇരുവരും തമ്മിലുള്ള അടുപ്പം വർദ്ധിച്ചു എന്നാണ് റിപ്പോർട്ട്.
വിവാഹ ആഘോഷങ്ങൾ ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പ്, അബ്ദുൾ മതീൻ രാജകുമാരൻ തന്റെയും പ്രതിശ്രുത വധുവിന്റെ ഒപ്പം പുതുവത്സരം ആഘോഷിക്കുന്ന ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. "എല്ലാവർക്കും സന്തോഷകരമായ പുതുവർഷം ആശംസിക്കുന്നു" എന്നാണ് ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നൽകിയത്.