ബിൽ ഗേറ്റ്സുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ; ആർട്ടിഫിഷ്യൽ ഇന്‍റലിജൻസടക്കം ചർച്ചയായി
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ബിൽ ഗേറ്റ്സ് ''കാലാവസ്ഥാ ദുരന്തം എങ്ങനെ ഒഴിവാക്കാം" എന്ന തന്റെ പുസ്തകം രാജീവ് ചന്ദ്രശേഖറിന് സമ്മാനിച്ചു.
ദില്ലി: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യ സ്റ്റാക്ക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) എന്നിവയെക്കുറിച്ചാണ് ഇരുവരും ചർച്ച നടത്തിയത്. ഇലക്‌ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തില്‍ നടന്ന കൂടിക്കാഴ്ചയിൽ ''കാലാവസ്ഥാ ദുരന്തം എങ്ങനെ ഒഴിവാക്കാം" എന്ന തന്റെ പുസ്തകം ബിൽ ഗേറ്റ്‌സ് രാജീവ് ചന്ദ്രശേഖറിന് സമ്മാനിച്ചു.
ശതകോടീശ്വരനും മനുഷ്യസ്‌നേഹിയുമായ ബിൽ ഗേറ്റ്‌സ് ബുധനാഴ്ച കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും പ്രശ്‌നം പരിഹരിക്കാൻ ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾക്ക് ആഹ്വാനം ചെയ്യുകയും ഇന്ത്യ മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൊവിഡ് മഹാമാരിക്ക് ശേഷമുള്ള തന്റെ ആദ്യ ഇന്ത്യൻ പര്യടനത്തിലാണ് ബിൽ ഗേറ്റ്‌സ്. ശതകോടീശ്വരനും മനുഷ്യസ്‌നേഹിയുമായ ബിൽ ഗേറ്റ്‌സ്, മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ സാരഥി കൂടിയാണ്.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ബില്‍ ഗേറ്റ്സ്, പ്രശ്‌നം പരിഹരിക്കാൻ ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾക്ക് ഇന്ത്യ മുൻകൈ എടുക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. 1980-കളുടെ മധ്യത്തിൽ ഇന്റലിനൊപ്പം പ്രവർത്തിച്ച കാലം മുതൽ രാജീവ് ചന്ദ്രശേഖറിന് ബിൽ ഗേറ്റ്‌സിനെ അറിയാം. രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പ് സാങ്കേതിക മേഖലയിൽ മൂന്ന് പതിറ്റാണ്ടിന്‍റെ അനുഭവസമ്പത്താണ് രാജീവ് ചന്ദ്രശേഖറിനുള്ളത്.
1986-ൽ ചിക്കാഗോയിലെ ഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം,രാജീവ്
ചന്ദ്രശേഖറിന് ജോലിയ്ക്കുള്ള ആദ്യ വാഗ്‌ദാനം ലഭിച്ചത് മൈക്രോസോഫ്റ്റിൽ നിന്നായിരുന്നു. യുഎസിലെ മുൻനിര സാങ്കേതിക കമ്പനികളിൽ ഒന്നായി മൈക്രോസോഫ്റ്റ് ഉയർന്നിരുന്നു. സീനിയർ ഡിസൈൻ എഞ്ചിനീയർ, സിപിയു ആർക്കിടെക്റ്റ് എന്നീ നിലകളിൽ ഏതാനും വർഷങ്ങൾ അമേരിക്കയിൽ ജോലി ചെയ്ത ശേഷം ചന്ദ്രശേഖർ ഇന്ത്യയിലേക്ക് മടങ്ങി. 1994-ൽ അദ്ദേഹം ബിപിഎൽ മൊബൈൽ സ്ഥാപിച്ചുകൊണ്ട് ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്ററായി മാറിയത് ചരിത്രം.