Asianet News MalayalamAsianet News Malayalam

വെള്ളിത്തലമുടിയുള്ള ന്യൂ ജെന്‍ ബിസിനസുകാരന്‍, രത്തന്‍ ടാറ്റ വളർത്തിയ സ്റ്റാര്‍ട്ടപ്പുകള്‍

പഴയകാലത്ത് ടാറ്റയെ കുതിപ്പിലേക്ക് നയിച്ച വ്യക്തിയായിരുന്നു രത്തന്‍ ടാറ്റ. പക്ഷെ കാലത്തിനൊത്ത് അദ്ദേഹം സ്വന്തം മനസ് നവീകരിച്ചുകൊണ്ടേയിരുന്നു എന്നതിന് തെളിവാണ് ന്യൂ ജെന്‍ സംരംഭങ്ങള്‍ക്കുള്ള അദ്ദേഹത്തിന്‍റെ സംഭാവനകള്‍. ആ അര്‍ത്ഥത്തില്‍ ഒരു ന്യൂ ജെന്‍ ബിസിനസുകാരന്‍ കൂടിയായിരുന്നു രത്തന്‍ ടാറ്റ.

Beyond business How Ratan Tata batted for Indian startup ecosystem
Author
First Published Oct 10, 2024, 11:47 AM IST | Last Updated Oct 10, 2024, 11:47 AM IST

ടാറ്റ ഗ്രൂപ്പിനെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതിനൊപ്പം ജീവിതത്തിലുടനീളം അറിവ് സമ്പാദിക്കുന്നതിലും, പഠനവും ബിസിനസ് പരീക്ഷണവും തുടരുന്നതിലും ശ്രദ്ധയൂന്നിയ വ്യക്തി കൂടിയായിരുന്നു രത്തന്‍ ടാറ്റ. അദ്ദേഹം അവശേഷിപ്പിച്ചു പോയ കയ്യൊപ്പ് ടാറ്റ ഗ്രൂപ്പില്‍ മാത്രമായിരുന്നില്ല, വളര്‍ന്നു വരുന്ന സംരംഭങ്ങളില്‍ കൂടിയായിരുന്നു. രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളെ കഴിവിന്‍റെ പരമാവധി പ്രോത്സാഹിപ്പിച്ചാണ് രത്തന്‍ ടാറ്റ വിട പറയുന്നത്.

സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപങ്ങളെ ഒരു പഠനാനുഭവം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. മികച്ച സംരംഭങ്ങളെ തിരിച്ചറിയാനും അവയ്ക്ക് ഉയരങ്ങളിലെത്താന്‍ സഹായിക്കുന്ന തരത്തില്‍ സാമ്പത്തിക നിക്ഷേപം നടത്തുന്നതിലും രത്തന്‍ ടാറ്റയ്ക്ക് സവിശേഷമായ കഴിവുണ്ടായിരുന്നു. ചെറിയ സ്റ്റാര്‍പ്പുകളായി തുടങ്ങി പിന്നീട് രാജ്യത്തെ വമ്പന്‍ കമ്പനികളായി മാറിയ പേടിഎം, ഓല, സ്നാപ്ഡീല്‍ എന്നിവയില്‍ രത്തന്‍ ടാറ്റയ്ക്ക് നിക്ഷേപമുണ്ട്. ഇങ്ങനെത്തുടങ്ങി വിവിധ മേഖലകളിലായി 40 പുതിയ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ രത്തന്‍ ടാറ്റ നിക്ഷേപം നടത്തി. കണ്ണട ബ്രാന്‍ഡായ ലെന്‍സ്കാര്‍ട്ട്, ബേബി പ്രൊഡക്ട് ബ്രാന്‍ഡായ ഫസ്റ്റ് ക്രൈ, സര്‍വീസ് പ്ലാറ്റ്ഫോം അര്‍ബന്‍ കമ്പനി, ബിസിനസ്-ടു-ബിസിനസ് മാര്‍ക്കറ്റ് പ്ലേസ് മോഗ്ലിക്സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അടുത്തിടെ അദ്ദേഹം ഒരു സ്റ്റാര്‍ട്ടപ്പില്‍ നടത്തിയ നിക്ഷേപം എത്രമാത്രം റിട്ടേണ്‍ നല്‍കി എന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് രത്തന്‍ ടാറ്റയുടെ ദീര്‍ഘവീക്ഷണത്തിന്‍റെ ഉത്തമ ഉദാഹരമാണ്. 2016ല്‍ ഷെയര്‍ ട്രേഡിംഗ് സ്റ്റാര്‍ട്ടപ്പായ അപ്സ്റ്റോക്സിന്‍റെ 1.33 ശതമാനം ഓഹരികള്‍ അദ്ദേഹം വാങ്ങി. കഴിഞ്ഞ ദിവസം തന്‍റെ പക്കലുള്ള ഓഹരികളുടെ അഞ്ച് ശതമാനം അദ്ദേഹം വിറ്റു.  23,000 ശതമാനമായിരുന്നു റിട്ടേണ്‍.

സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചാ സാധ്യത നേരത്തെ തിരിച്ചറിഞ്ഞ് നിക്ഷേപം നടത്തുന്നവരില്‍ മുന്‍പന്തിയിലായിരുന്നു രത്തന്‍ ടാറ്റ. കുട്ടികള്‍ക്കുള്ള വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും മറ്റും വില്‍പ്പന നടത്തുന്ന ഫസ്റ്റ് ക്രൈയിലും അദ്ദേഹം നിക്ഷേപം നടത്തിയിരുന്നു. രത്തന്‍ ടാറ്റ  ഐപിഒയ്ക്ക് മുമ്പ് ഫസ്റ്റ് ക്രൈയുടെ 77,900 ഓഹരികള്‍ വാങ്ങിയിരുന്നു . ഓഹരി ഒന്നിന് ശരാശരി 84.72 രൂപയ്ക്കാണ് അദ്ദേഹം വാങ്ങിയത്. ഐപിഒ  ലിസ്റ്റിംഗോടെ രത്തന്‍ ടാറ്റയുടെ നിക്ഷേപം 5 ഇരട്ടിയിലധികം വര്‍ധിച്ചു. 66 ലക്ഷം രൂപ കമ്പനിയില്‍ നിക്ഷേപിച്ച രത്തന്‍ ടാറ്റയുടെ നിക്ഷേപം ലിസ്റ്റിംഗിന് ശേഷം 5 കോടി രൂപയിലെത്തിയിരുന്നു.

സാമൂഹ്യ സേവന രംഗത്തും അദ്ദേഹം തന്‍റെ ശ്രദ്ധ പതിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്കും അദ്ദേഹം സഹായം നല്‍കി. കടുത്ത നായ പ്രേമിയായ അദ്ദേഹത്തിന് ഒരിക്കല്‍ ടാറ്റ എല്‍ക്സിയിലെ ഒരു ഡിസൈന്‍ എഞ്ചിനീയറില്‍ നിന്ന് ഒരു കത്ത് ലഭിച്ചു. തെരുവ് നായ്ക്കള്‍ക്കിടയില്‍ മരണം സംഭവിക്കുന്നത് തടയാന്‍ കോളര്‍ നിര്‍മിക്കുന്നതിനുള്ള ഒരു സംരംഭം ആരംഭിക്കാനുള്ള നിര്‍ദ്ദേശമായിരുന്നു ആ കത്തിലുണ്ടായിരുന്നത്. ടാറ്റയുടെ ഏറ്റവും അടുത്ത സഹായികളിലൊരാളും ടാറ്റ ട്രസ്റ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ജനറല്‍ മാനേജരുമായി മാറിയ ശന്തനു നായിഡുവായിരുന്നു ആ എഞ്ചിനീയര്‍. ഈ സൗഹൃദം ഒടുവില്‍ മുതിര്‍ന്ന പൗരന്മാരെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള നായിഡുവിന്‍റെ സ്റ്റാര്‍ട്ടപ്പായ ഗുഡ്ഫെല്ലോസില്‍ രത്തന്‍ ടാറ്റ നിക്ഷേപം നടത്തുന്നതിലേക്കും നയിച്ചു.

പഴയകാലത്ത് ടാറ്റയെ കുതിപ്പിലേക്ക് നയിച്ച വ്യക്തിയായിരുന്നു രത്തന്‍ ടാറ്റ. പക്ഷെ കാലത്തിനൊത്ത് അദ്ദേഹം സ്വന്തം മനസ് നവീകരിച്ചുകൊണ്ടേയിരുന്നു എന്നതിന് തെളിവാണ് ന്യൂ ജെന്‍ സംരംഭങ്ങള്‍ക്കുള്ള അദ്ദേഹത്തിന്‍റെ സംഭാവനകള്‍. ആ അര്‍ത്ഥത്തില്‍ ഒരു ന്യൂ ജെന്‍ ബിസിനസുകാരന്‍ കൂടിയായിരുന്നു രത്തന്‍ ടാറ്റ.

Latest Videos
Follow Us:
Download App:
  • android
  • ios