പാഴ്‌സൽ വഴി 'പണി' വരും; തട്ടിപ്പിനെ സൂക്ഷിക്കുക! മുന്നറിയിപ്പ് നൽകി ഐസിഐസിഐ ബാങ്ക്
തട്ടിപ്പുകാർ പിന്തുടരുന്ന പുതിയ രീതിയാണ് പാഴ്‌സൽ തട്ടിപ്പ്? ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാൻ ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്ക് ചില വഴികളും പറയുന്നുണ്ട്.
രാജ്യത്ത് ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതേസമയം, ഇതിന് ഭീഷണി എന്നോണം തട്ടിപ്പുകളുടെ എണ്ണവും കൂടുന്നുണ്ട്. വിവിധ രീതികളിലാണ് ഇപ്പോൾ ആളുകളിൽ നിന്നും പണം തട്ടാൻ ഉപയോഗിക്കുന്നത്. ഇപ്പോഴിതാ പുതിയ പാഴ്‌സൽ തട്ടിപ്പിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഐസിഐസിഐ ബാങ്ക്. ഇമെയിൽ വഴിയാണ് ബാങ്ക് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയത്.
എന്താണ് പാഴ്‌സൽ തട്ടിപ്പ്?
തട്ടിപ്പുകാർ പിന്തുടരുന്ന പുതിയ രീതിയാണ് പാഴ്‌സൽ തട്ടിപ്പ്? ഓൺലൈൻ ആയി സാധനങ്ങൾ ഓർഡർ ചെയ്തവരെ വിളിച്ച് പോലീസ് ഉദ്യോഗസ്ഥരോ കസ്റ്റംസ് വകുപ്പിലെ ഉദ്യോഗസ്ഥരോ ആയി അഭിനയിച്ച് നിങ്ങളുടെ പേരിലുള്ള പാഴ്‌സലിൽ മയക്കുമരുന്ന് പോലുള്ള നിയമവിരുദ്ധ പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടെന്നും നിയമപരമായ ശിക്ഷകൾ നേരിടേണ്ടിവരുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു. ഇരകളുടെ ദുർബലതയെയും ഭയത്തെയും മുതലെടുത്ത് പണം തട്ടുകയാണ് ഇവരുടെ ലക്ഷ്യം. ഇത്തരത്തിലുള്ള ഭയപ്പെടുത്തലുകൾക്ക് ഒടുവിൽ സാമ്പത്തിക വിവരങ്ങൾ നല്കാൻ ആവശ്യപ്പെടും. കൂടാതെ ഒരു വ്യാജ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യാൻ ഇരകളോട് ആവശ്യപ്പെടുകയും ചെയ്യും. ഇത് കൂടാതെ ബാങ്ക് വിവരങ്ങൾക്ക് പുറമെ അവരുടെ ആധാർ നമ്പറുകളും മറ്റ് തിരിച്ചറിയൽ വിവരങ്ങളും നൽകാനും തട്ടിപ്പുകാർ ആവശ്യപ്പെടും.
ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാൻ ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്ക് ചില വഴികളും പറയുന്നുണ്ട്.
അപരിചിതരിൽ നിന്നും ഇത്തരം കോളുകൾ വരുകയാണെങ്കിൽ അത് സ്ഥിരീകരിക്കാൻ ശ്രമിക്കുക.
സാമ്പത്തിക വിവരങ്ങൾ എത്ര ഭീഷണിപ്പെടുത്തിയാലും നൽകാതിരിക്കുക
ഇത്തരത്തിലുള്ള കോളുകൾ വന്നാൽ അത് പോലീസിനെ അറിയിക്കുക. അല്ലെങ്കിൽ, ഉടൻ തന്നെ ദേശീയ സൈബർ ക്രൈം പോർട്ടലായ cybercrime.gov.in-ലേക്ക് റിപ്പോർട്ട് ചെയ്യണം അല്ലെങ്കിൽ നിങ്ങൾക്ക് 1930 എന്ന ഹെൽപ്പ് ലൈൻ നമ്പറിലും വിളിക്കാവുന്നതാണ്.
വ്യക്തിഗത വിവരങ്ങൾ അപരിചിതരുമായി പങ്കുവെക്കാതെ ഇരിക്കുക.