Asianet News MalayalamAsianet News Malayalam

നടുക്കടലിൽ കുടുങ്ങുമോ ഇന്ത്യയുടെ ബസ്മതി അരി; ഇറാനിലേക്കുള്ള കയറ്റുമതി പ്രതിസന്ധിയിലേക്ക്

ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായാല്‍  ഇറാനിലേക്കുള്ള കയറ്റുമതി പൂർണമായി തടസപ്പെടാന്‍ സാധ്യതയുണ്ട്. കൂടാതെ കയറ്റി അയച്ച ബസ്മതി  അരിയുടെ പണം ലഭിക്കുന്നതിലും കാലതാമസം നേരിട്ടേക്കാം.

Basmati rice exporters to Iran fear slowdown, payment delays
Author
First Published Oct 5, 2024, 6:53 PM IST | Last Updated Oct 5, 2024, 6:53 PM IST

റാന്‍ - ഇസ്രയേല്‍ സംഘര്‍ഷം കൊടുമ്പിരി കൊള്ളുമ്പോള്‍ നെഞ്ചിടിക്കുന്നത് രാജ്യത്തെ ബസ്മതി അരി കര്‍ഷകരുടെ കൂടിയാണ്. ബസ്മതി അരി ഏറ്റവും കൂടുതല്‍ കയറ്റി അയയ്ക്കുന്നത് ഇറാനിലേക്കാണ്. ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായാല്‍  ഇറാനിലേക്കുള്ള കയറ്റുമതി പൂർണമായി തടസപ്പെടാന്‍ സാധ്യതയുണ്ട്. കൂടാതെ കയറ്റി അയച്ച ബസ്മതി  അരിയുടെ പണം ലഭിക്കുന്നതിലും കാലതാമസം നേരിട്ടേക്കാം. രാജ്യത്തെ പല വിപണികളിലും ഇപ്പോള്‍ തന്നെ ബസ്മതി  അരി വിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍  ബസ്മതി അരിയുടെ വില കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ക്വിന്‍റലിന്  200 രൂപ മുതല്‍ 300 രൂപ വരെ കുറഞ്ഞു. വന്‍കിട കയറ്റുമതിക്കാർ ബസ്മതി അരി വാങ്ങുന്നത് കുറച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇറാനിലേക്കുള്ള കയറ്റുമതിക്ക് ഇന്‍ഷുറന്‍സ് നല്‍കുന്നത് നിര്‍ത്തിയതും തിരിച്ചടിയായി.രാജ്യത്ത് നിന്ന് കയറ്റി അയയ്ക്കുന്ന ബസ്മതി അരിയുടെ 25 ഇറാനിലേക്കും 20 ശതമാനം ഇറാഖിലേക്കുമാണ്. ഈ രണ്ട് രാജ്യങ്ങളിലേക്കും മാത്രം പ്രതിവര്‍ഷം 16,000 കോടി രൂപയുടെ ബസ്മതി അരിയാണ് ഇന്ത്യയില്‍ നിന്നും കയറ്റി അയയ്ക്കുന്നത്.

വാണിജ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, 2024-25 ഏപ്രില്‍-ജൂലൈ കാലയളവില്‍  ഇന്ത്യയുടെ ബസ്മതി  അരി കയറ്റുമതി 1.91 ദശലക്ഷം മെട്രിക് ടണ്‍  ആയിരുന്നു, ഇതില്‍ 19% കയറ്റുമതിയും ഇറാനിലേക്കായിരുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് നിന്ന് 5.24 മെട്രിക് ടണ്‍ ബസ്മതി  അരിയാണ് കയറ്റി അയച്ചത്. ഇതില്‍ ഇറാനിലേക്കുള്ള കയറ്റുമതി 0.67 മെട്രിക് ടണ്‍ ആയിരുന്നു. ആകെ കയറ്റുമതിയുടെ 13% വരുമിത്. ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതിക്കാരാണ് ഇന്ത്യ, ആഗോള അരി വിപണിയുടെ 35% മുതല്‍ 40% വരെ നിയന്ത്രിക്കുന്നത് ഇന്ത്യയാണ്.

ഇന്ത്യയ്ക്കൊപ്പം തന്നെ പാകിസ്ഥാനും അരി കയറ്റുമതിയില്‍ സജീവമാണ്. ആഗോള അരിവ്യാപാരത്തിന്‍റെ 40% ഇന്ത്യയാണ് നിയന്ത്രിക്കുന്നതെങ്കില്‍, ബസ്മതി അരി കയറ്റുമതിയുടെ 35% പാക്കിസ്ഥാനാണ് നിയന്ത്രിക്കുന്നത്. 2022-23 ല്‍ അരി കയറ്റുമതിയില്‍ നിന്ന് ഇന്ത്യ 11 ബില്യണ്‍ ഡോളറിലധികം നേടി, പാകിസ്ഥാന്‍ 3.9 ബില്യണ്‍ ഡോളറും.

Latest Videos
Follow Us:
Download App:
  • android
  • ios