മുട്ട കിട്ടാനില്ല, ഇന്ത്യയോട് ചോദിച്ച് ബംഗ്ലാദേശ്, കയറ്റി അയച്ചത് രണ്ടര ലക്ഷം മുട്ടകൾ
ബംഗ്ലാദേശിൽ പ്രതിദിനം 40 ദശലക്ഷം മുട്ടകൾക്ക് ആവശ്യക്കാരുണ്ട്. ബംഗ്ലാദേശിൽ മുട്ട വില ഉയരാൻ പ്രധാന കാരണം കോഴിത്തീറ്റയുടെ വില വർധനവാണ്.
ദില്ലി: ബംഗ്ലാദേശിലേക്ക് 2.31 ലക്ഷം മുട്ടകൾ കയറ്റുമതി ചെയ്ത് ഇന്ത്യ. ബംഗ്ലദേശിൽ, മുട്ടവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഈ വലിയ കയറ്റുമതി. ധാക്കയിലും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലും മുട്ടയുടെ വില ഒരു ഡസനിന് 200 ടാക്ക ആയി ഉയർന്നിട്ടുണ്ട് അതായത് 140.75 രൂപ. വില കുത്തനെ ഉയർന്നതോടെ ഇടത്തരം വരുമാനമുള്ള കുടുംബങ്ങളെ ഇത് ബാധിച്ചു.
വില സ്ഥിരപ്പെടുത്തുന്നതിനായി 4.5 കോടി മുട്ട, ഘട്ടം ഘട്ടമായി ഇറക്കുമതി ചെയ്യാൻ ബംഗ്ലാദേശ് സർക്കാർ അനുമതി നൽകിയതായാണ് റിപ്പോർട്ട്. നവംബറോടെ ഇന്ത്യയിൽ നിന്ന് 90 ലക്ഷം മുട്ടകൾ കൂടി ബംഗ്ലാദേശിലേക്ക് കയറ്റുമതി ചെയ്യും.
കൂടാതെ, മുട്ടയുടെ വില പിടിച്ചുനിർത്താൻ ബംഗ്ലാദേശ് നാഷണൽ ബോർഡ് ഓഫ് റവന്യൂ (എൻബിആർ) മുട്ടയുടെ ഇറക്കുമതി തീരുവ 25 ശതമാനത്തിൽ നിന്ന് 5 ശതമാനമായി വെട്ടിക്കുറച്ചു. മുട്ടയുടെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതോടെ മുട്ടയുടെ ഇറക്കുമതിച്ചെലവ് ഒരു ഡസനിന് 13.8 ടാക്കയോളം കുറയും. പ്രോട്ടീൻ്റെ ഉറവിടമായ മുട്ട, രാജ്യത്തെ സാധാരണക്കാരന് താങ്ങാനാവുന്നതാക്കി മാറ്റുമെന്ന് എൻബിആർ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തിൻ്റെ വാണിജ്യ മന്ത്രാലയം കണക്കാക്കിയത് അനുസരിച്ച് ബംഗ്ലാദേശിൽ പ്രതിദിനം 40 ദശലക്ഷം മുട്ടകൾക്ക് ആവശ്യക്കാരുണ്ട്. ബംഗ്ലാദേശിൽ മുട്ട വില ഉയരാൻ പ്രധാന കാരണം കോഴിത്തീറ്റയുടെ വില വർധനവാണ്. മുട്ട ഉൽപാദനച്ചെലവിൻ്റെ 75 ശതമാനം വഹിക്കുന്നത് കോഴിത്തീറ്റയാണ്, ബംഗ്ലാദേശിലെ തീറ്റയുടെ വില ഇന്ത്യയേക്കാൾ വളരെ കൂടുതലാണ്. മാത്രമല്ല, മുട്ട ഉൽപാദനത്തിനായി കർഷകർ വാങ്ങുന്ന ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളുടെ വില ഇന്ത്യയിൽ വളരെ കൂടുതലാണ്. ഇന്ത്യയിൽ, ഒരു കോഴിക്കുഞ്ഞിൻ്റെ വില 25-35 ടാക്ക ആണ്. ബംഗ്ലാദേശിൽ ഇന്ത്യയേക്കാൾ മൂന്നിരട്ടി വില കൂടുതലാണ്. 80-120 ടാക്ക വരെയാണ് കോഴിക്കുഞ്ഞിൻ്റെ വില