വിദേശ നിക്ഷേപകര്‍ ഇന്ത്യയെ കയ്യൊഴിഞ്ഞ വര്‍ഷം; 2025-ല്‍ തിരിച്ചുവരുമോ നിക്ഷേപകര്‍?
1,20,508 കോടിയുടെ നിക്ഷേപമാണ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ വിറ്റഴിച്ചത്. 2022 നു ശേഷമുള്ള ഏറ്റവും വലിയ വില്‍പ്പനയാണിത്.
വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയെ കയ്യൊഴിഞ്ഞ വര്‍ഷമാണ് 2024. വിദേശ നിക്ഷേപകര്‍ സകല നിക്ഷേപങ്ങളും വിറ്റഴിച്ച് ഇന്ത്യ വിടുന്ന കാഴ്ചയാണ് ഈ വര്‍ഷം കാണാന്‍ സാധിച്ചത്. 1,20,508 കോടിയുടെ നിക്ഷേപമാണ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ വിറ്റഴിച്ചത്. 2022 നു ശേഷമുള്ള ഏറ്റവും വലിയ വില്‍പ്പനയാണിത്. 2022ല്‍ 1,50,250 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം 1,32,648 കോടിയുടെ നിക്ഷേപം നടത്തിയ സ്ഥാനത്താണ് ഈ വര്‍ഷം ഇത്രയധികം നിക്ഷേപം വിറ്റഴിച്ചത്.
ചൈനീസ് ഓഹരി വിപണി കൂടുതല്‍ ആകര്‍ഷകം ആയതാണ് ഇന്ത്യന്‍ ഓഹരി വിപണിയിലെ നിക്ഷേപം വിറ്റഴിച്ച് വിദേശ നിക്ഷേപകര്‍ ഇന്ത്യ വിടാന്‍ ഉണ്ടായ പ്രധാനപ്പെട്ട കാരണം. ആകര്‍ഷകമായ വിലയുള്ള മികച്ച ഓഹരികളാണ് ചൈനയിലേക്ക് വിദേശനിക്ഷേപകരെ ആകര്‍ഷിക്കുന്നത്. ഇതിനുപുറമേ അമേരിക്കന്‍ ബോണ്ടിലെ മികച്ച റിട്ടേണ്‍ നിക്ഷേപകരെ ഇന്ത്യ വിടാന്‍ പ്രേരിപ്പിച്ചു. ഇന്ത്യയിലെ ഓഹരികളുടെ അമിത വിലയാണ് വിദേശനിക്ഷേപകര്‍ക്ക് അനാകര്‍ഷകമായ പ്രധാന ഘടകം. വിദേശനിക്ഷേപകര്‍ അവരുടെ നിക്ഷേപം വിറ്റഴിച്ചതോടുകൂടി സെപ്റ്റംബറിന് ശേഷം നിഫ്റ്റി 10 ശതമാനവും സെന്‍സസ് 8.7 ശതമാനവും ഇടിവ് നേരിടുകയും ചെയ്തു
അടുത്ത വര്‍ഷം വിദേശനിക്ഷേപകരുടെ തന്ത്രം എന്തായിരിക്കും?
അമേരിക്കന്‍ പ്രസിഡണ്ടായി ട്രംപ് അധികാരമേറ്റശേഷം അദ്ദേഹത്തിന്‍റെ രാഷ്ട്രീയ, സാമ്പത്തിക നിലപാടുകള്‍ക്ക് അനുസരിച്ച് ആയിരിക്കും ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപകരുടെ തിരിച്ചുവരവ്. ട്രംപിന്‍റെ നിലപാടുകള്‍ വിപണികളെ സ്വാധീരിക്കുമെന്നതിനാല്‍ അടുത്തവര്‍ഷം ആദ്യത്തെ ആറുമാസം വലിയ ചാഞ്ചാട്ടം വിപണികളില്‍ ഉണ്ടാക്കാനാണ് സാധ്യത. അത് നോക്കി മാത്രമായിരിക്കും ഇന്ത്യയിലേക്കുള്ള നിക്ഷേപം എങ്ങനെയായിരിക്കണം എന്ന് വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ തീരുമാനിക്കുന്നത്. കോര്‍പ്പറേറ്റുകളുടെ നികുതി കുറയ്ക്കും എന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് വ്യക്തമാക്കിയിട്ടുണ്ട.് ഇത് അമേരിക്കയിലെ നിക്ഷേപം കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റും. അതേസമയം അമേരിക്കയില്‍ വീണ്ടും പലിശ നിരക്ക് കുറച്ചില്ലെങ്കില്‍ മികച്ച വരുമാനം തേടി വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള സാധ്യത കൂടുതലാണ്