ചെലവ് വളരെ കുറവ്, മറ്റ് ഇന്ത്യക്കാരെ പോലെ മക്കളുടെ വിവാഹത്തിനായി മുകേഷ് അംബാനി വാരിക്കോരി ചെലവഴിക്കുന്നില്ല
ഒരു ഇന്ത്യക്കാരൻ 5 മുതൽ 15 ശതമാനം വരെ മക്കളുടെ വിവാഹ ആഘോഷങ്ങൾക്കായി ചെലവഴിക്കുന്നു. ഇതുപ്രകാരം മുകേഷ് അംബാനി ചെലവഴിക്കുന്നത് വളരെ കുറവാണ്.
ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹമാണ്. ഏകദേശം രണ്ട് മാസം നീണ്ടുനിന്ന ആഘോഷങ്ങളാണ് വിവാഹത്തോട് അനുബന്ധിച്ച് നടക്കുന്നത്. റിഹാന, ജസ്റ്റിൻ ബീബർ തുടങ്ങി ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ താരങ്ങൾ അംബാനി വിവാഹത്തിന് എത്തിയതോടെ, മുകേഷ് അംബാനി മകന്റെ വിവാഹത്തിനായി ചെലവഴിക്കുന്ന തുകയുടെ കണക്കുകൾ തിരയുകയാണ് പാപ്പരാസികൾ. രാജ്യം കണ്ട ഏറ്റവും ചെലവേറിയ വിവാഹമാണ് നടക്കുന്നത്. എന്നാൽ മറ്റ് ഇന്ത്യക്കാരെ പോലെ തന്റെ സമ്പത്തിന്റെ മുഴുവൻ എടുത്ത് വിവാഹ ആഘോഷങ്ങൾക്കായി പൊടിക്കുകയല്ല മുകേഷ് അംബാനി ചെയ്യുന്നത്. അംബാനി കുടുംബം തങ്ങളുടെ ആസ്തിയുടെ 0.5 ശതമാനം മാത്രമാണ് അനന്തിൻ്റെയും രാധികയുടെയും വിവാഹത്തിന് ചെലവഴിക്കുന്നത്.
അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹ ആഘോഷങ്ങൾ മാർച്ചിൽ ഗുജറാത്തിലെ ജാംനഗറിൽ ആരംഭിച്ചിരുന്നു. തുടർന്ന് ഇറ്റലിയിൽ നിന്നും ഫ്രാന്സിലേക്കുള്ള കപ്പൽ സവാരി. കൂടാതെ വിവാഹത്തിന്റെ ഒരാഴ്ച മുൻപ് തുടങ്ങിയ ഹൽദി, സംഗീത്, മെഹന്തി, ഗ്രഹ പൂജ തുടങ്ങിയ നിരവധി ചടങ്ങുകൾ. അംബാനി വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു, ആഗോള താരങ്ങളായ ജസ്റ്റിൻ ബീബർ, റിഹാന, ബോളിവുഡ് സെലിബ്രിറ്റികളായ ദിൽജിത് ദോസഞ്ജ് എന്നിവരുടെ പ്രകടനങ്ങൾ ചടങ്ങിലെ മുഖ്യാകർഷണമായിരുന്നു. 50 മുതൽ 90 കോടി വരെയാണ് ഇവർ ഓരോരുത്തർക്കും അംബാനി നൽകിയത്.
ഫോബ്സ് പറയുന്നതനുസരിച്ച്, മുഴുവൻ വിവാഹ ആഘോഷങ്ങളുടെയും ഏകദേശ ചെലവ് 4,000-5,000 കോടി രൂപ ആണ്. അതായത് 0.6 ബില്യൺ ഡോളർ. 123.2 ബില്യൺ ഡോളർ ആസ്തിയുള്ള മുകേഷ് അംബാനിയുടെ ആസ്തിയുടെ 0.5 ശതമാനം മാത്രമാണ് ഇത്.
സാധാരണ 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ആസ്തിയുള്ള ഒരു ഇന്ത്യക്കാരൻ, മക്കളുടെ വിവാഹത്തിന് 10 മുതൽ 15 ലക്ഷം രൂപ വരെ ചെലവഴിക്കാറുണ്ട്.10 കോടി രൂപ വരെ ആസ്തിയുള്ള ഒരാൾക്ക് ചെലവ് 1.5 കോടി രൂപ വരെയാകാം. അതായത്, ഒരു ഇന്ത്യക്കാരൻ 5 മുതൽ 15 ശതമാനം വരെ മക്കളുടെ വിവാഹ ആഘോഷങ്ങൾക്കായി ചെലവഴിക്കുന്നു. ഇതുപ്രകാരം മുകേഷ് അംബാനി ചെലവഴിക്കുന്നത് വളരെ കുറവാണ്.