റിലയൻസ് ജീവനക്കാർക്ക് മുകേഷ് അംബാനിയുടെ സമ്മാനം; ചുവന്ന ഗിഫ്റ്റ് ബോക്സിൽ നാണയങ്ങളും
ചുവന്ന ഗിഫ്റ്റ് ബോക്‌സ് തുറക്കുമ്പോൾ ഒരു വെള്ളി നാണയം, മധുരപലഹാരങ്ങൾ, ഹൽദിറാമിൻ്റെ പലഹാര പാക്കറ്റുകൾ എന്നിവ കാണാം.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകന്റെ വിവാഹമാണ്. രാജ്യം കണ്ട ഏറ്റവും ഗംഭീരമായ വിവാഹ മാമാങ്കമാണ് അരങ്ങേറുന്നത്. ജൂലൈ 12 ന് അനന്ത് അംബാനിയും രാധിക മർച്ചൻ്റും മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിൽ വെച്ച് വിവാഹിതരാകും. വിവാഹത്തോട് അനുബന്ധിച്ച് മുകേഷ് അംബാനി റിലയൻസ് ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകിയതായാണ് റിപ്പോർട്ട്.
റിലയൻസ് ജീവനക്കാരിയായ തന്യ രാജ്, തനിക്ക് ലഭിച്ച സമ്മാനപ്പെട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ചുവന്ന ഗിഫ്റ്റ് ബോക്‌സ് തുറക്കുമ്പോൾ ഒരു വെള്ളി നാണയം, മധുരപലഹാരങ്ങൾ, ഹൽദിറാമിൻ്റെ പലഹാര പാക്കറ്റുകൾ എന്നിവ കാണാം. പെട്ടിയിൽ ചുവന്ന അക്ഷരങ്ങൾ കൊണ്ട് അനന്തിന്റെയും രാധികയുടെയും പേര് എഴുതിയിട്ടുണ്ട്.
അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുൻപ്, അംബാനി കുടുംബം നിരാലംബരായ ദമ്പതികൾക്കായി സമൂഹ വിവാഹ ചടങ്ങ് നടത്തിയിരുന്നു. തിങ്കളാഴ്ച 50 വിവാഹങ്ങളാണ് നടന്നത്. നവദമ്പതിമാർക്ക് ഒരു വർഷത്തേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങളും വീട്ടുപകരണങ്ങളും മുകേഷ് അംബാനി സമ്മാനിച്ചു. പലചരക്ക് സാധനങ്ങൾ, പാത്രങ്ങൾ, ഗ്യാസ് സ്റ്റൗ, മിക്‌സർ, ഫാൻ തുടങ്ങിയ വീട്ടുപകരണങ്ങൾ, മെത്തയും തലയിണയും സമ്മാനങ്ങളായി നൽകിയിരുന്നു.
നാളെയാണ് വിവാഹത്തോട് അനുബന്ധിച്ചുള്ള മൂന്ന് ദിവസത്തെ ചടങ്ങുകൾ ആരംഭിക്കുന്നത്., 'ശുഭ് വിവാഹ' എന്നാണ് ആദ്യ ദിവസത്തെ ചടങ്ങിന്റെ പേര്. അടുത്ത ദിവസം, ജൂലൈ 13-ന് 'ശുഭ ആശിർവാദ്' ജൂലൈ 14-ന് വിവാഹ സൽക്കാരം. വിവാഹത്തിന് എത്തുന്ന അതിഥികൾ പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ ധരിക്കാൻ ക്ഷണക്കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. വിവാഹ സൽക്കാരത്തിന് "ഇന്ത്യൻ ചിക്" തീം അനുസരിച്ച് വസ്ത്രം ധരിക്കാൻ അതിഥികൾക്ക് നിർദേശമുണ്ട്.