ജിയോയെ വിജയിപ്പിച്ച അതേ തന്ത്രവുമായി മുകേഷ് അംബാനി; പെപ്‌സികോയെയും കൊക്കകോളയെയും വെല്ലുവിളിച്ച് കാമ്പ കോള
പയറ്റിത്തെളിഞ്ഞ തന്ത്രവുമായി മുകേഷ് അംബാനി. കാമ്പ കോള ബ്രാൻഡ് ഉപയോഗിച്ച് വിദേശ ബ്രാൻഡുകളെ വെല്ലുവിളിക്കാനുള്ള സാമ്പത്തിക ശക്തി റിലയൻസിനുണ്ട്
ദില്ലി: ഇന്ത്യൻ വ്യാവസായിക ഭീമനായ റിലയൻസ് ശീതള പാനീയ വിപണി കീഴടക്കാൻ ഒരുങ്ങുന്നു. യുഎസ് പാനീയ ഭീമന്മാരായ പെപ്‌സികോയെയും കൊക്കകോളയെയും വെല്ലുവിളിച്ചുകൊണ്ട് കാമ്പ കോള എന്ന ഐക്കോണിക് ബ്രാൻഡിനെ വിപണിയിലേക്ക് കൊണ്ടുവരികയാണ് റിലയൻസ്. വിപണി പിടിക്കാൻ ടെലികോം മേഖലയിലെ മുന്നേറ്റത്തിന് തിരഞ്ഞെടുത്ത അതേ മാർഗമാണ് റിലയൻസ് ഇത്തവണയും സ്വീകരിക്കുന്നത്. അതായത് വില കുറയ്ക്കൽ!
ദില്ലി ആസ്ഥാനമായുള്ള പ്യുവർ ഡ്രിങ്ക്‌സ് ഗ്രൂപ്പിൽ നിന്ന് ശീതളപാനീയ ബ്രാൻഡായ കാമ്പയെ ഏറ്റെടുത്ത റിലയൻസ്, ഗുജറാത്ത് ആസ്ഥാനമായിട്ടുള്ള സോസ്യോ ഹജൂരി ബിവറേജസിന്റെ 50 ശതമാനം ഓഹരിയും സ്വന്തമാക്കിയിട്ടുണ്ട്. കാമ്പ കോള, കാമ്പ ലെമൺ, കാമ്പ ഓറഞ്ച് എന്നിവ ഫ്ലേവറുകളിലാണ് ഇവ വിപണിയിൽ എത്തുക.
ALSO READ: മുകേഷ് അംബാനിയുടെ 592 കോടിയുടെ ആഡംബര ഭവനം; ബ്രിട്ടനിലെ ചരിത്രപരമായ സ്വത്തുക്കളിലൊന്ന്
1970 കളിലും 1980 കളിലും ഇന്ത്യയിൽ പ്രചാരത്തിലുള്ള പഞ്ചസാര സോഡകൾ പിന്നീട് യുഎസ് ഭീമന്മാർ വിപണി പിടിച്ചതോടെ അപ്രത്യക്ഷമാകുകയായിരുന്നു. കൊക്കകോളയെയും പെപ്‌സിയെയും ഗൃഹാതുരത്വമുണർത്തുന്ന ഒരു പ്രാദേശിക ബ്രാൻഡ് ഉപയോഗിച്ച് വെല്ലുവിളിക്കാനുള്ള സാമ്പത്തിക ശക്തിയും റിലയൻസിനുണ്ട് എന്നാണ് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
നവീകരിച്ച കാമ്പ പാനീയങ്ങൾ മുകേഷ് അംബാനി വിപണിയിൽ എത്തിക്കുന്നത് പയറ്റി തെളിഞ്ഞ തന്ത്രത്തിന്റെ അകമ്പടിയോടെയാണ്. പെപ്‌സിയും കൊക്കകോളയും അടക്കി വാഴുന്ന വിപണിയിൽ വില കുറച്ചാണ് കാമ്പ കോളയെ എത്തിക്കുന്നതെന്നാണ് റിപ്പോർട്ട്. കാമ്പ നിർമ്മിക്കുന്നതിനായി സ്വന്തമായി അല്ലെങ്കിൽ സംയുക്ത സംരംഭങ്ങളായോ ചില ഫാക്ടറികൾ തുറക്കാനും സാധ്യതയുണ്ട്.
രണ്ട് ലിറ്റർ കാമ്പ കോള ബോട്ടിലിന് സ്റ്റോറുകളിൽ 49 രൂപ ആണ് വില, അതായത് ലേബൽ വിലയിൽ ഏകദേശം 50 ശതമാനം കിഴിവ് നൽകികൊണ്ട്. മാത്രമല്ല, 2.25 ലിറ്റർ കോക്ക്, പെപ്‌സി എന്നിവയുടെ വിലയേക്കാൾ മൂന്നിലൊന്ന് കുറവാണ് ഇത്, കാമ്പ കോളയുടെയും കോക്കിന്റെയും ഏറ്റവും ചെറിയ കുപ്പികൾക്ക് 10 രൂപയും പെപ്‌സിക്ക് 12 രൂപയുമാണ് വില.
ALSO READ: ലോകത്തിലെ ആദ്യ 10 സമ്പന്നരിൽ ഇടം നേടിയ ഏക ഇന്ത്യക്കാരൻ; ഗൗതം അദാനിയെ പിന്തള്ളി മുകേഷ് അംബാനി
വരാനിരിക്കുന്ന ജനപ്രിയ ഐപിഎൽ ക്രിക്കറ്റ് ടൂർണമെന്റിനിടെ റിലയൻസ് ഒരു പരസ്യ പരിപാടി ആസൂത്രണം ചെയ്യുന്നുണ്ടെന്നും കാമ്പയെ അവരുടെ റിഫ്രഷ്‌മെന്റ് പങ്കാളിയാക്കാൻ കുറഞ്ഞത് മൂന്ന് ടീമുകളുമായെങ്കിലും ചർച്ചകൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, കഴിഞ്ഞ വർഷം മുതൽ ചെറിയ കുപ്പികളുടെ വില മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ടെന്നും വിതരണം വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും കൊക്കകോള കമ്പനി പറഞ്ഞിട്ടുണ്ട്. വിപണിയിൽ പുതിയ എതിരാളികൾ ഉള്ളത് ഉത്പാദനം കൂടുതൽ വികസിപ്പിക്കാനുള്ള മികച്ച അവസരമാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.