ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; മൂന്ന് മാസത്തിനിടെ പണിപോയത് 27,000 പേർക്ക്
ആമസോണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടല്‍. ജനുവരിയിൽ 18,000 ജീവനക്കാരെ ആമസോൺപിരിച്ചുവിട്ടിരുന്നു. നിലവിൽ 9000 ജീവനക്കാരെക്കൂടെ പിരിച്ചുവിടുന്നതോടെ മൂന്ന് മാസത്തിനിടയിൽ 27000 പേരെയാണ് കമ്പനി പിരിച്ചുവിടുന്നത്.
ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്സ് കമ്പനികളിലൊന്നായ ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. സാമ്പത്തിക അനിശ്ചിതത്വം കാരണം വരും ദിവസങ്ങളിൽ 9000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനം. ആമസോൺ വെബ് സേവനങ്ങൾ, പരസ്യവിഭാഗം, തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടൽ നടപടി കൂടുതലായും ബാധിക്കുകയെന്നാണ് റിപ്പോർട്ടുകൾ.
വരും ആഴ്ചകളിൽത്തന്നെ പിരിച്ചുവിടൽ നടപടിയുണ്ടാകുമെന്ന് സിഇഒ ആൻഡി ജെസ്സി ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിൽ കമ്പനി ഗണ്യമായ തോതിൽ ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും, നിലവിൽ സാമ്പത്തിക മാന്ദ്യം കാരണമാണ് ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുന്നതെന്നും, നടപടി ബുദ്ധിമുട്ടുള്ളതാണെങ്കിലും കമ്പനിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് പിരിച്ചുവിടൽനടപടി അനിവാര്യമാണെന്നും സിഇഒ ആൻഡി ജെസ്സി അറിയിച്ചു.
ജനുവരിയിൽ 18,000 ജീവനക്കാരെ ആമസോൺപിരിച്ചുവിട്ടിരുന്നു. നിലവിൽ 9000 ജീവനക്കാരെക്കൂടെ പിരിച്ചുവിടുന്നതോടെ മൂന്ന് മാസത്തിനിടയിൽ 27000 പേരെയാണ് കമ്പനി പിരിച്ചുവിടുന്നത്. ആമസോണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിതെന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുടെ ആറ് ശതമാനത്തോളം വരുന്ന ജീവനക്കാരെയാണ് നേരത്തെ പിരിച്ചുവിട്ടത്. വെയർഹൗസ് സ്റ്റാഫ് ഉൾപ്പെടെ 1.5 ദശലക്ഷത്തിലധികം തൊഴിലാളികളാണ് ആമസോണിലുള്ളത്. 2023 ന്റെ തുടക്കത്തിൽ കമ്പനിയിൽ കൂടുതൽ പിരിച്ചുവിടൽ ഉണ്ടാകുമെന്ന് ആമസോൺ സിഇഒ ആൻഡി ജാസി നേരത്തെ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
സാമ്പത്തിക മാന്ദ്യം കാരണം പ്രധാന ടെക് കമ്പനികളിലെല്ലാം കൂട്ടപ്പിരിച്ചുവിടൽ നടപടിയിലാണ്. ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ അടുത്തിയെ 10000 പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപച്ചിരുന്നു. 2022ൽ 11,000-ലധികം പേരെ പിരിച്ചുവിട്ടതിന് പുറമെയാണ് മെറ്റയുടെ പുതിയ പിരിച്ചുവിടൽ നടപടി. ട്വിറ്ററിൽ നിന്ന് 3700 ജീവന്ക്കാരെയും പിരിച്ചുവിട്ടിരുന്നു.