300 ചെറിയ ജെറ്റുകൾ; ചരിത്രത്തിലെ ഏറ്റവും വലിയ വിമാന കരാറിലേക്ക് എയർ ഇന്ത്യ
ചെറിയ ജെറ്റുകൾ 300 എണ്ണം വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ
മുന്നൂറ് ചെറിയ ജെറ്റുകൾക്ക് ഓർഡർ നല്കാൻ ഒരുങ്ങി എയർ ഇന്ത്യ. മുൻപ് കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ എത്തിയതോടെയാണ് പുതിയ ചുവടുവെപ്പിന് ഒരുങ്ങന്നതെന്നാണ് റിപ്പോർട്ട്. വാണിജ്യ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡറുകളിൽ ഒന്നായിരിക്കും ഇത്.
കാരിയർ എയർബസ് എസ് ഇ-യുടെ എ 320 നിയോ ഫാമിലി ജെറ്റുകളോ ബോയിംഗ് കമ്പനിയുടെ 737 മാക്‌സ് മോഡലുകളോ എയർ ഇന്ത്യ ഓർഡർ ചെയ്തേക്കാം. അല്ലെങ്കിൽ ഇവ രണ്ടും വാങ്ങിയേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. വാങ്ങൽ ചർച്ചകൾ വളരെ രഹസ്യമായാണ് നടക്കുന്നത്. ടാറ്റ ഗ്രൂപ്പ് ഇതിനെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
എയർ ഇന്ത്യ വാങ്ങാൻ ഉദ്ദേശിക്കുന്ന 737 മാക്‌സ് ജെറ്റുകൾക്ക് ഒരു ഇടപാടിൽ 10 ജെറ്റുകൾ കൈമാറുമ്പോൾ ഏകദേശം 40.5 ബില്യൺ ഡോളർ വിലവരും. അതായത് ഏകദേശം 400 കോടി രൂപ. 300 വിമാനങ്ങളുടെ നിർമ്മാണത്തിനും വിതരണത്തിനും വർഷങ്ങൾ തന്നെ ആവശ്യമായി വരും. അതിനാൽ തന്നെ ഘട്ടം ഘട്ടമായി ആയിരിക്കും വില്പന. എയർബസ് ഒരു മാസത്തിനുള്ളിൽ ഏകദേശം 50 ചെറിയ ജെറ്റുകൾ നിർമ്മിക്കുന്നു, 2023-ന്റെ മധ്യത്തോടെ ഇത് 65 ആയും 2025-ഓടെ 75 ആയും വർദ്ധിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.
സർക്കാരിന്റെ ഉടമസ്ഥതയിൽ നിന്നും ടാറ്റായുടെ കൈകളിലേക്ക് എത്തിയപ്പോഴേക്കും എയർ ഇന്ത്യ വീണ്ടും പഴയ പ്രതാപം തിരിഛ്ച്ചു പിടിക്കാൻ ഒരുങ്ങുകയാണ്. അതിന്റെ ആദ്യ പടിയായി ഈ കരാറിനെ കാണാം. ഇതിലൂടെ എയർ ഇന്ത്യയ്ക്ക് എതിരാളികളുമായുള്ള മത്സരത്തിൽ മുന്നേറാൻ സാധിക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.