ആകാശത്തും ഇൻ്റർനെറ്റോ; ആഭ്യന്തര വിമാനങ്ങളിൽ വൈഫൈ സേവനം ആരംഭിച്ച് എയർ ഇന്ത്യ
യാത്രക്കായി എയർ ഇന്ത്യ തിരഞ്ഞെടുക്കുന്ന യാത്രക്കാർക്ക് യാത്രയ്ക്കിടയിൽ സൗജന്യ ഇൻ്റർനെറ്റ് സൗകര്യം ആസ്വദിക്കാം.
ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയായ എയർ ഇന്ത്യ ആഭ്യന്തര വിമാനങ്ങളിൽ വൈഫൈ സേവനം ആരംഭിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു വിമാനത്തിൽ വൈഫൈ കണക്റ്റിവിറ്റി നൽകുന്നത്. 2025 ജനുവരി 1 മുതൽ, തിരഞ്ഞെടുത്ത എയർ ഇന്ത്യ വിമാനങ്ങളിൽ ഈ സേവനം ലഭ്യമാകുമെന്ന് എയർലൈൻ അറിയിച്ചു. ഇതോടെ യാത്രക്കായി എയർ ഇന്ത്യ തിരഞ്ഞെടുക്കുന്ന യാത്രക്കാർക്ക് യാത്രയ്ക്കിടയിൽ സൗജന്യ ഇൻ്റർനെറ്റ് സൗകര്യം ആസ്വദിക്കാം.
ഇന്ത്യൻ ഏവിയേഷൻ രംഗത്ത് സുപ്രധാന ചുവടുവെപ്പ് തന്നെയാണ് ഇത്. കാരണം. വിമാനത്തിൽ സഞ്ചരിക്കുമ്പോഴും ഇനി ആളുകൾക്ക് ബ്രൗസ് ചെയ്യാനും സോഷ്യൽ മീഡിയ ഉപയോഗിക്കാനും ജോലി ചെയ്യാനും കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടും സാധിക്കും. വിനോദ യാത്രക്കാർക്കും ബിസിനസ്സ് യാത്രക്കാർക്കും ഇത് കൂടുതൽ സൗകര്യപ്രദമാകും. യാത്രക്കാർക്ക് ഒരേസമയം ഒന്നിലധികം ഉപകരണങ്ങൾ വൈഫൈയുമായി ബന്ധിപ്പിക്കാൻ കഴിയും, ഐഒഎസ് അല്ലെങ്കിൽ ആൻഡ്രോയിഡ് ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, സ്‌മാർട്ട്‌ഫോണുകൾ എന്നിവയുൾപ്പെടെയുള്ളവയിൽ വൈഫൈ ഉപയോഗിക്കാം
ന്യൂയോർക്ക്, ലണ്ടൻ, പാരീസ്, സിംഗപ്പൂർ ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര റൂട്ടുകളിൽ പരീക്ഷിച്ച് വിജയിച്ചതിന് ശേഷമാണ് ഇത് ആഭ്യന്തര ഫ്ലൈറ്റുകളിൽ ലഭ്യമാക്കുന്നത്. എയർലൈനിൻ്റെ എല്ലാ വിമാനങ്ങളിലും ഈ ഓഫർ വിപുലീകരിക്കാൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്.
വൈഫൈ എങ്ങനെ കണക്റ്റുചെയ്യാം
നിങ്ങളുടെ ഉപകരണത്തിൽ Wi-Fi ഓൺ ചെയ്യുക.
തുടർന്ന് ലഭിക്കുന്ന ഓപ്‌ഷനുകളിൽ നിന്നും 'എയർ ഇന്ത്യ വൈഫൈ' നെറ്റ്‌വർക്ക് തിരഞ്ഞെടുക്കുക.
എയർ ഇന്ത്യ പോർട്ടലിൽ നിങ്ങളുടെ പിഎൻആറും അവസാന പേരും നൽകുക.
കണക്റ്റ് ചെയ്താൽ സൗജന്യ ഇൻ്റർനെറ്റ് സീവനം ലഭിക്കുന്നതാണ്