Asianet News MalayalamAsianet News Malayalam

2 വർഷത്തിനുള്ളിൽ എയർ ഇന്ത്യയിലേക്ക് എത്തിയത് 9,000 ജീവനക്കാർ; ടാറ്റയുടെ ലക്ഷ്യം ഇതാണ്

 2027 ആകുമ്പോഴേക്കും  ആഭ്യന്തര വിപണിയുടെ 30% പിടിച്ചെടുക്കാനാണ് എയര്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.

Air India Jobs Tata Group airline hired 9000 employees in 2 years
Author
First Published Sep 22, 2024, 1:39 PM IST | Last Updated Sep 22, 2024, 1:39 PM IST

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ മുൻനിര  വിമാനക്കമ്പനിയായ എയർ ഇന്ത്യ കഴിഞ്ഞ രണ്ട് വര്ഷം കൊണ്ട് നിയമിച്ചത് 9000  ജീവനക്കാരെ. 5000 ക്രൂ അംഗങ്ങൾ ഉൾപ്പെടെയുള്ള കണക്കാണ് ഇത്. കൂടാതെ ജീവനക്കാരുടെ ശരാശരി പ്രായം 54 വയസ്സിൽ നിന്ന് 35 വയസ്സായി കുറഞ്ഞതായി എയർ ഇന്ത്യ ചീഫ് കാംബെൽ വിൽസൺ പറഞ്ഞു,

ടാറ്റ ഗ്രൂപ്പിന്‍റെ പക്കലെത്തിയോടെ എയര്‍ ഇന്ത്യയിൽ നിരവധി പരിഷ്കാരങ്ങളാണ് വന്നത്. ഇതിന്റെ ഭാഗമായി എയർലൈനിൻ്റെ ആഭ്യന്തര വിപണി വിഹിതം 2023 സാമ്പത്തിക വർഷത്തിൽ നിന്നും 2024 ലെത്തിയപ്പോൾ 27  ശതമാനം ഉയർന്നു. കൂടാതെ കമ്പനിയുടെ അന്താരാഷ്ട്ര വിപണി വിഹിതം 21 ശതമാനത്തിൽ നിന്ന് 24 ശതമാനമായി ഉയർന്നതായി കാംബെൽ വിൽസൺ പറഞ്ഞു, 

ടാറ്റ സണ്‍സിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, ടാറ്റ ഗ്രൂപ്പിന്‍റെ എയര്‍ലൈന്‍ ബിസിനസിന്‍റെ നഷ്ടം മുന്‍ സാമ്പത്തിക വര്‍ഷത്തെ 15,414 കോടി രൂപയില്‍ നിന്ന് 6,337 കോടി രൂപയായി കുറഞ്ഞു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ടാറ്റ എസ്ഐഎ എയര്‍ലൈന്‍സ് (വിസ്താര), എഐഎക്സ് കണക്ട് (എയര്‍ ഏഷ്യ ഇന്ത്യ) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 2022ലാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ വാങ്ങിയത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യയുടെ എക്കാലത്തെയും ഉയര്‍ന്ന ഏകീകൃത വരുമാനമായ 51,365 കോടി രൂപ കൈവരിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24% കൂടുതലാണിത്. കമ്പനിയുടെ ലഭ്യമായ സീറ്റ് കിലോമീറ്റര്‍ കപ്പാസിറ്റി 105 ബില്യണായി വര്‍ധിച്ചു. പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ 85% ആയും ഉയര്‍ന്നു.

വിസ്താര ബ്രാന്‍ഡ് പ്രവര്‍ത്തിപ്പിക്കുന്ന ടാറ്റ എസ്ഐഎ എയര്‍ലൈന്‍സ് വരുമാനം 29% വളര്‍ച്ചയോടെ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 15,191 കോടി രൂപയായി. കഴിഞ്ഞ വര്‍ഷത്തെ നഷ്ടം 1,394 കോടി രൂപയില്‍ നിന്ന് 581 കോടി രൂപയായി കുറഞ്ഞു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പങ്ക് വച്ച കണക്കുകള്‍ പ്രകാരം ജൂലൈ അവസാനത്തോടെ ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണിയുടെ 28.8% എയര്‍ ഇന്ത്യ ഗ്രൂപ്പിന്‍റെ നിയന്ത്രണത്തിലാണ്.  2027 ആകുമ്പോഴേക്കും  ആഭ്യന്തര വിപണിയുടെ 30% പിടിച്ചെടുക്കാനാണ് എയര്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.
 

Latest Videos
Follow Us:
Download App:
  • android
  • ios