ടാറ്റയെന്നാ സുമ്മാവാ... എയർഇന്ത്യയുടെ ഘർവാപ്പസി വിജയത്തിലേക്ക്, നഷ്ടം പകുതിയിലേറെ കുറഞ്ഞു.

ഡിജിസിഎ പങ്ക് വച്ച കണക്കുകള്‍ പ്രകാരം ജൂലൈ അവസാനത്തോടെ ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണിയുടെ 28.8% എയര്‍ ഇന്ത്യ ഗ്രൂപ്പിന്‍റെ നിയന്ത്രണത്തിലാണ്.  

Air India halves loss to Rs 4,444 crore in FY24

ടാറ്റ ഗ്രൂപ്പിന്‍റെ പക്കലെത്തിയോടെ എയര്‍ ഇന്ത്യയുടെ കഷ്ടകാലം മാറിത്തുടങ്ങുന്നോ ..? കമ്പനിയുടെ നഷ്ടം പകുതിയില്‍ താഴെയായി കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ എടുത്തു പറയേണ്ടത് എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന ഫലമാണ്. കമ്പനിയുടെ സാമ്പത്തിക നഷ്ടം പകുതിയിലേറെയായി കുറഞ്ഞു..എയര്‍ ഇന്ത്യയുടെ നഷ്ടം 2022-2023 സാമ്പത്തിക വര്‍ഷത്തിലെ 11,388 കോടി രൂപയില്‍ നിന്ന് 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ 4,444 കോടി രൂപയായി കുറഞ്ഞു. വിറ്റുവരവ് 23 ശതമാനം വര്‍ധിച്ച് 38,812 കോടി രൂപയായി.  

ടാറ്റ സണ്‍സിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, ടാറ്റ ഗ്രൂപ്പിന്‍റെ എയര്‍ലൈന്‍ ബിസിനസിന്‍റെ നഷ്ടം മുന്‍ സാമ്പത്തിക വര്‍ഷത്തെ 15,414 കോടി രൂപയില്‍ നിന്ന് 6,337 കോടി രൂപയായി കുറഞ്ഞു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ടാറ്റ എസ്ഐഎ എയര്‍ലൈന്‍സ് (വിസ്താര), എഐഎക്സ് കണക്ട് (എയര്‍ ഏഷ്യ ഇന്ത്യ) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 2022ലാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ വാങ്ങിയത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യയുടെ എക്കാലത്തെയും ഉയര്‍ന്ന ഏകീകൃത വരുമാനമായ 51,365 കോടി രൂപ കൈവരിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24% കൂടുതലാണിത്. കമ്പനിയുടെ ലഭ്യമായ സീറ്റ് കിലോമീറ്റര്‍ കപ്പാസിറ്റി 105 ബില്യണായി വര്‍ധിച്ചു. പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ 85% ആയും ഉയര്‍ന്നു.

വിസ്താര ബ്രാന്‍ഡ് പ്രവര്‍ത്തിപ്പിക്കുന്ന ടാറ്റ എസ്ഐഎ എയര്‍ലൈന്‍സ് വരുമാനം 29% വളര്‍ച്ചയോടെ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 15,191 കോടി രൂപയായി. കഴിഞ്ഞ വര്‍ഷത്തെ നഷ്ടം 1,394 കോടി രൂപയില്‍ നിന്ന് 581 കോടി രൂപയായി കുറഞ്ഞു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പങ്ക് വച്ച കണക്കുകള്‍ പ്രകാരം ജൂലൈ അവസാനത്തോടെ ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണിയുടെ 28.8% എയര്‍ ഇന്ത്യ ഗ്രൂപ്പിന്‍റെ നിയന്ത്രണത്തിലാണ്.  2027 ആകുമ്പോഴേക്കും  ആഭ്യന്തര വിപണിയുടെ 30% പിടിച്ചെടുക്കാനാണ് എയര്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios