എയര്‍ ഇന്ത്യ എക്സ്പ്രസിനും എയര്‍ ഏഷ്യ ഇന്ത്യയ്ക്കുമായി ബുക്കിങ്ങിന് ഒറ്റ വെബ്‌സൈറ്റ്
ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിനും എയര്‍ ഏഷ്യ ഇന്ത്യയ്ക്കുമായി ഏകീകൃത റിസര്‍വേഷന്‍ സംവിധാനം
ദില്ലി: ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസിനും എയര്‍ഏഷ്യ ഇന്ത്യയ്ക്കുമായി ഏകീകൃത റിസര്‍വേഷന്‍ സംവിധാനം. സംയോജിത വെബ്‌സൈറ്റ് വഴി യാത്രക്കാര്‍ക്ക് രണ്ട് എയര്‍ലൈനുകളുടെയും ടിക്കറ്റ് ബുക്കിംഗ് നടത്താം. ഇതോടെ എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ഏഷ്യ ഇന്ത്യ എന്നിവയുടെ ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇനി മുതല്‍ airindiaexpress.com എന്ന വെബ്സൈറ്റിലാകും ലഭ്യമാകുക.
എയര്‍ഏഷ്യ ഇന്ത്യയെ, എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. മാര്‍ച്ച് 27 തിങ്കളാഴ്ചയാണ് airindiaexpress.com എന്ന ഏകീകൃത വെബ്‌സൈറ്റ് , റിസര്‍വ്വേഷന്‍ സംവിധാനം, സോഷ്യല്‍ മീഡിയ അക്കൗണ്ട്, കസ്റ്റമര്‍ സ്‌പ്പോര്‍ട്ട് എന്നിവ നിലവില്‍ വന്നത്.
അഞ്ച് മാസം മുമ്പാണ് എയര്‍ ഏഷ്യ ഇന്ത്യയെ എയര്‍ ഇന്ത്യ പൂര്‍ണമായും ഏറ്റെടുത്തത്. എയര്‍ ഏഷ്യ ഇന്ത്യയെ എയര്‍ ഇന്ത്യയും മൂന്ന് മാസം മുന്‍പ് ഒരൊറ്റ സിഇഒയ്ക്ക് കീഴിലാക്കുകയും ചെയ്തിരുന്നു. ഏകൃകൃത റിസര്‍വ്വേഷന്‍ സംവിധാനം നിലവില്‍ വന്നതോടെ എയര്‍ ഇന്ത്യ എക്‌സ്പ്‌സസിന്റെയും, എയര്‍ ഏഷ്യയുടെയും ലയനത്തിന്റെ നിര്‍ണായക ഘട്ടം പൂര്‍ത്തിയാക്കിയതായും, കമ്പനിയുടെ പരിവര്‍ത്തന യാത്രയിലെ സുപ്രധാന നാഴികക്കല്ലാണിതെന്നും എയര്‍ ഇന്ത്യ ഗ്രൂപ്പ് അറിയിച്ചു. ലയനനടപടികളിലെ മറ്റ് ഘട്ടങ്ങള്‍ വരുംദിവസങ്ങളില്‍ പൂര്‍ത്തിയാക്കുമെന്നും എയര്‍ ഇന്ത്യയുടെ സിഇഒയും എംഡിയുമായ കാംബെല്‍ വില്‍സണ്‍ പറഞ്ഞു.
ഇന്ത്യയില്‍ 19 സ്ഥലങ്ങിലേക്കാണ് എയര്‍ ഏഷ്യ ഇന്ത്യ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് 19 ഇന്ത്യന്‍ നഗരങ്ങളിലേക്കും 14 രാജ്യാന്തര സ്ഥലങ്ങളിലേക്കും സര്‍വീസ് നടത്തുന്നുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസ് 2005ലും എയര്‍ ഏഷ്യ ഇന്ത്യ 2014ലുമാണ് പ്രവര്‍ത്തനമാരംഭിച്ചത്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഏഷ്യ ഇന്ത്യ, വിസ്താര എന്നിങ്ങനെ നിലവില്‍ നാല് എയര്‍ലൈനുകള്‍ ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ്. ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ണ്ണമായാല്‍ കമ്പനി കുറഞ്ഞ ചെലവില്‍ അന്താരാഷ്ട്ര സര്‍വീസുകളും ലഭ്യമാക്കുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.