ലോക്ക്ഡൗൺ കാലത്ത് റദ്ദാക്കിയ വിമാനങ്ങളുടെ യാത്രാ ടിക്കറ്റ് തുക എയർ ഇന്ത്യ തിരിച്ച് നൽകും
ട്രാവൽ ഏജന്റുമാർക്കയച്ച കത്തിലാണ് എയർ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. വിമാനക്കമ്പനികളിൽ നിന്ന് ആദ്യമായാണ് രാജ്യത്ത് ഇത്തരമൊരു പ്രഖ്യാപനം ഉണ്ടാകുന്നത്
ദില്ലി: ലോക്ക് ഡൗൺ കാലത്ത് റദ്ദാക്കിയ യാത്രാ വിമാനങ്ങളിൽ ബുക്ക് ചെയ്ത ടിക്കറ്റിന്റെ തുക റീഫണ്ട് ചെയ്യുമെന്ന് എയർ ഇന്ത്യ. ടിക്കറ്റിന്റെ കാൻസലേഷൻ ചാർജ്ജ് ഈടാക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
ട്രാവൽ ഏജന്റുമാർക്കയച്ച കത്തിലാണ് എയർ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. വിമാനക്കമ്പനികളിൽ നിന്ന് ആദ്യമായാണ് രാജ്യത്ത് ഇത്തരമൊരു പ്രഖ്യാപനം ഉണ്ടാകുന്നത്. മാർച്ച് 23 മുതൽ മെയ് 31 വരെയുള്ള ടിക്കറ്റുകളാണ് റീഫണ്ട് ചെയ്യുന്നത്.
കൊവിഡ് ലോക്ക് ഡൗൺ തടയാൻ മാർച്ച് 25 മുതലാണ് വിമാന സർവീസുകൾ റദ്ദാക്കിയത്. ഇതേ തുടർന്ന് ആയിരക്കണക്കിന് യാത്രക്കാർക്ക് ടിക്കറ്റുകൾക്ക് മുടക്കിയ കാശ് നഷ്ടപ്പെടുമെന്ന ആശങ്ക ഉണ്ടായിരുന്നു. ലോക്ക് ഡൗണിൽ ഇളവ് പ്രഖ്യാപിക്കപ്പെടുകയും മെയ് 25 മുതൽ വിമാന സർവീസുകൾ ആരംഭിക്കുകയും ചെയ്തതോടെയാണ് തുക മടക്കികൊടുക്കാമെന്ന തീരുമാനത്തിലേക്ക് എയർ ഇന്ത്യ എത്തിയത്.