സോവറിൻ ഗോൾഡ് ബോണ്ട് നിർത്തലാക്കുമോ? തീരുമാനം സെപ്റ്റംബറിൽ, കാരണം ഇതോ
ജൂലൈ 23 ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ സ്വർണ്ണത്തിൻ്റെ കസ്റ്റംസ് തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ചതിനുശേഷം ആഭ്യന്തര സ്വർണ്ണ വിലയിൽ ഏകദേശം 5 ശതമാനം ഇടിവുണ്ടായിരുന്നു.
സ്വർണത്തിൻ്റെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാനുള്ള ബജറ്റ് പ്രഖ്യാപനത്തെത്തുടർന്ന്, സോവറിൻ ഗോൾഡ് ബോണ്ടുകളുടെ (എസ്ജിബി) ഭാവി സംബന്ധിച്ചുള്ള തീരുമാനം കേന്ദ്ര സർക്കാർ സെപ്തംബര് അവസാനത്തോടെ എടുക്കുമെന്ന് സൂചന.
ജൂലൈ 23 ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ സ്വർണ്ണത്തിൻ്റെ കസ്റ്റംസ് തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ചതിനുശേഷം ആഭ്യന്തര സ്വർണ്ണ വിലയിൽ ഏകദേശം 5 ശതമാനം ഇടിവുണ്ടായിരുന്നു. തീരുവ വെട്ടിക്കുറച്ചത് സ്വർണ്ണ വില കുറയുന്നതിന് കാരണമായെങ്കിലും, ഇത് സ്വർണത്തിന്റെ ആവശ്യകത വർധിപ്പിക്കുകയും ചെയ്തു.
സ്വർണ്ണ ഇറക്കുമതിയും വാങ്ങലും കുറയ്ക്കുക എന്ന പ്രത്യേക ലക്ഷ്യത്തോടെയാണ് എസ്ജിബികൾ ഒരു നിക്ഷേപമായി കൊണ്ടുവന്നത്. എന്നാൽ ഇപ്പോൾ ഇറക്കുമതി തീരുവ കുറച്ചതിനാൽ, സ്വർണത്തിന്റെ ഡിമാൻഡ് ഉയരും. ധനക്കമ്മി നികത്തുന്നതിനുള്ള ഏറ്റവും ചെലവേറിയ മാർഗങ്ങളിലൊന്നാണ് എസ്ജിബി പദ്ധതി. ഇതൊരു സാമൂഹ്യ ഉന്നമന പദ്ധതിയല്ല, മറിച്ച് ഒരു നിക്ഷേപ പദ്ധതിയായതിനാൽ ഇത് തുടരണമോ എന്നതിനെക്കുറിച്ച് സമഗ്രമായ പഠനം നടത്തണമെന്ന് ഉദോഗസ്ഥ വൃത്തങ്ങൾ പറയുന്നു.
2015 നവംബറിലാണ് സോവറിൻ ഗോൾഡ് ബോണ്ട് സ്കീം ആരംഭിച്ചത് ഫിസിക്കൽ സ്വർണ്ണത്തിന്റെ ആവശ്യകത കുറയ്ക്കുകയും ആഭ്യന്തര സമ്പാദ്യത്തിന്റെ ഒരു ഭാഗം സ്വർണ്ണം വാങ്ങാൻ ഉപയോഗിക്കുന്ന സാമ്പത്തിക സമ്പാദ്യത്തിലേക്ക് മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇതാരംഭിച്ചത്. എട്ട് വർഷമായിരിക്കും ഈ ബോണ്ടുകളുടെ കാലാവധി. അതേസമയം അഞ്ച് വർഷത്തിന് ശേഷം എപ്പോൾ വേണമെങ്കിലും പിൻവലിക്കാൻ കഴിയും. 2.5 ശതമാനമാണ് പലിശ.സർക്കാരിന് വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആണ് ഈ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നത്.