അദാനിയുടെ പുതിയ തന്ത്രം; രണ്ട് കമ്പനികളെ ലയിപ്പിച്ചു, ലക്ഷ്യം ഇതൊന്ന് മാത്രം
അദാനി ഇന്‍ഫ്രാസ്ട്രക്ചര്‍, മുന്ദ്ര സോളാര്‍ ടെക്നോളജി എന്നീ കമ്പനികളെയാണ് അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ ലയിപ്പിച്ചിരിക്കുന്നത്.
പുനരുപയോഗ ഊര്‍ജ പദ്ധതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി രണ്ട് കമ്പനികളെ അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ ലയിപ്പിച്ച് അദാനി എന്‍റര്‍പ്രൈസസ്. അദാനി ഇന്‍ഫ്രാസ്ട്രക്ചര്‍, മുന്ദ്ര സോളാര്‍ ടെക്നോളജി എന്നീ കമ്പനികളെയാണ് അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ ലയിപ്പിച്ചിരിക്കുന്നത്. അദാനിയുടെ റിയല്‍ എസ്റ്റേറ്റ്, താപ-സൗരോര്‍ജ വൈദ്യുതി കമ്പനിയാണ് അദാനി ഇന്‍ഫ്രാസ്ട്രക്ടര്‍ ആന്‍റ് ഡെവലപ്പേഴ്സ്. കൂടാതെ എഞ്ചിനീയറിംഗ്, ടെക്നോ-കൊമേഴ്സ്യല്‍, പ്രോജക്റ്റ് മാനേജ്മെന്‍റ്, കണ്‍ട്രോള്‍, കമ്മീഷനിംഗ് സേവനങ്ങള്‍ എന്നിവ നല്‍കുകയും ചെയ്യുന്നു. വൈദ്യുതി ഉല്‍പാദന , വിതരണ കമ്പനിയാണ് മുന്ദ്ര സോളാര്‍ ടെക്നോളജി.
അദാനി എന്‍റര്‍പ്രൈസസിന്‍റെ ഉപകമ്പനിയാണ് അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ പദ്ധതികളായ ഗ്രീന്‍ ഹൈഡ്രജന്‍, സോളാര്‍ വൈദ്യുതി ഉല്‍പാദന നിര്‍മാണ ഘടകങ്ങള്‍, ബാറ്ററി എന്നിവയാണ് അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ഉല്‍പാദിപ്പിക്കുന്നത്.ലോകമെമ്പാടുമുള്ള ഊര്‍ജ്ജം, യൂട്ടിലിറ്റികള്‍, ഗതാഗതം, ലോജിസ്റ്റിക്സ്, ഇന്‍കുബേഷന്‍ മേഖലകളില്‍ കമ്പനി സേവനം നല്‍കുന്നു. ഫ്രഞ്ച് ഊര്‍ജ്ജ കമ്പനിയായ ടോട്ടല്‍ എനര്‍ജീസിന് അദാനി ന്യൂ ഇന്‍ഡസ്ട്രീസില്‍ 25 ശതമാനം ഇക്വിറ്റി ഓഹരിയുണ്ട്, ബാക്കിയുള്ളത് അദാനി എന്‍റര്‍പ്രൈസസ് ലിമിറ്റഡ് കൈവശം വച്ചിരിക്കുന്നു. പുനരുപയോഗ ഊര്‍ജ ഉല്‍പാദനം കൂട്ടാന്‍ ആണ് അദാനിയുമായി ചേര്‍ന്ന് ടോട്ടല്‍ എനര്‍ജീസ് സംയുക്ത സംരംഭം തുടങ്ങിയിരിക്കുന്നത്. പ്രതിവര്‍ഷം ഒരു ദശലക്ഷം മെട്രിക് ടണ്‍ ഉല്‍പാദന ശേഷിയുള്ള ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്‍റ് ഗുജറാത്തില്‍ സ്ഥാപിക്കാനാണ് അദാനി ആലോചിക്കുന്നത്. 2027 മുതല്‍ പദ്ധതി ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്
പുനരുപയോഗ ഊര്‍ജരംഗത്ത് വലിയ കുതിച്ചു ചാട്ടമാണ് അദാനി ഗ്രൂപ്പ് കൈവരിച്ചിരിക്കുന്നത്. ഹരിതോര്‍ജ ഉദ്പാദനം മാത്രം 10,000 മെഗാവാട്ട് കടന്നു.ഇതില്‍ 7,393 മെഗാവാട്ട് സൗരോര്‍ജ്ജവും 1,401 മെഗാവാട്ട് കാറ്റും 2,140 മെഗാവാട്ട് കാറ്റ്-സോളാര്‍ ഹൈബ്രിഡ് വൈദ്യുതിയും ഉള്‍പ്പെടുന്നു. 2030-ഓടെ 45,000 GW പുനരുപയോഗ ഊര്‍ജം ഉല്‍പാദിപ്പിക്കുകയാണ് അദാനിയുടെ ലക്ഷ്യം. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആഗോള സോളാര്‍ വൈദ്യുത ഉല്‍പാദകര്‍ ആണ് അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്.