2 ലക്ഷം കോടി രൂപയുടെ നഷ്ടം; അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കൂടുതൽ ഇടിവിലേക്ക്
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതോടെ തകർച്ചയെ നേരിട്ട് അദാനി ഗ്രൂപ്പ്. വിപണി മൂലധനത്തിൽ ഏകദേശം 2 ലക്ഷം കോടി രൂപ നഷ്ടം. ഓഹരികൾ ഇടിഞ്ഞുകൊണ്ടിരിക്കുന്നു.
ദില്ലി: അദാനി ഗ്രൂപ്പ് ഓഹരി തട്ടിപ്പ് നടത്തിയെന്ന ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് കനത്ത ഇടിവിൽ. ലിസ്റ്റ് ചെയ്ത ഒമ്പത് ഓഹരികൾ ആദ്യ വ്യാപാരത്തിന് ശേഷം വീണ്ടും സമ്മർദ്ദത്തിലായി. അദാനി ഗ്രൂപ്പിന് ഏകദേശം 2 ലക്ഷം കോടി രൂപ വിപണി മൂലധനം നഷ്ടപ്പെട്ടു. റിപ്പോർട്ട് പുറത്തു വന്നത് മുതൽ വിപണി മൂലധനത്തിൽ മൊത്തത്തിലുള്ള ഇടിവ് 2.75 ലക്ഷം കോടി രൂപയായി.
അദാനി ടോട്ടൽ ഗ്യാസിന്റെ ഓഹരികൾ 17 ശതമാനം ഇടിഞ്ഞപ്പോൾ, അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ്മിഷൻ എന്നിവ 12 ശതമാനത്തിലധികം ഇടിഞ്ഞു. അംബുജ സിമൻറ്, എസിസി എന്നിവ 6 ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ അദാനി പവർ, അദാനി വിൽമർ ഓഹരികൾ 5 ശതമാനം വീതം ഇടിഞ്ഞു. ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ അദാനി എന്റർപ്രൈസസ് 3.5 ശതമാനം ഇടിഞ്ഞു.
റിപ്പോർട്ട് പുറത്തുവിട്ട് 36 മണിക്കൂർ കഴിഞ്ഞിട്ടും അതിൽ ഉന്നയിച്ച കാര്യമായ ഒരു പ്രശ്നവും അദാനി അഭിസംബോധന ചെയ്തിട്ടില്ലെന്ന് യുഎസിലെ ഗവേഷണ ഹിന്‍ഡന്‍ബർഗ് പറഞ്ഞു.
റിപ്പോർട്ട് അനുസരിച്ച് ഓഹരി വിപണിയിൽ അദാനി ഗ്രൂപ് ഓഹരികളുടെ വില പെരുപ്പിച്ച് കാണിക്കുകയാണ്. അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളുടെ പ്രകടനം താഴേക്ക് പോവുമ്പോഴും ഓഹരി വില പെരുപ്പിച്ച് കാണിച്ചെന്നും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഹിൻഡൻബർഗ് റിപ്പോർട്ടിൽ പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു.ഇന്ത്യയിലെ എക്കാലത്തെയും വലിയ എഫ്‌പിഒ ആണ് അദാനി ഗ്രൂപ്പ് നടത്താൻ പോകുന്നത്. വരാനിരിക്കുന്ന ഫോളോ-ഓൺ പബ്ലിക് ഓഫറിംഗിനെ തകർക്കുക എന്നതാണ് ഈ റിപ്പോർട്ടിന് പിറകിലെ പ്രധാന ലക്ഷ്യം എന്ന് കമ്പനി ആരോപിക്കുന്നു.