തട്ടിപ്പ് ആരോപണങ്ങളിൽ കാലിടറി അദാനി ഗ്രൂപ്പ്; ഓഹരി വിപണിയിൽ 46,000 കോടി രൂപയുടെ നഷ്ടം
ഓഹരി വില പെരുപ്പിച്ച് കാണിച്ചെന്ന റിപ്പോർട്ട് അദാനി ഓഹരികൾക്ക് തിരിച്ചടിയായി. ആരോപണം തെറ്റാണെന്നും സത്യാവസ്ഥ എന്താണെന്നും വ്യക്തമാക്കി അദാനി ഗ്രൂപ്പ്.
ദില്ലി: അദാനി എന്റർപ്രൈസസ് ഫോളോ-ഓൺ പബ്ലിക് ഓഫറിംഗിലൂടെ ധനസമാഹരണത്തിന് ഒരുങ്ങിയതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. 46000 കോടി രൂപയുടെ ഇടിവാണ് കമ്പനി നേരിട്ടത്. ഇന്ന് കമ്പനിക്ക് അഞ്ച് ശതമാനത്തോളം ഇടിവാണ് ഉണ്ടായത്. അദാനി വിൽമർ, അദാനി പോർട്സ്, അദാനി എന്റർപ്രൈസസ്, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ എനർജി, എസിസി, അംബുജ സിമന്റ് ഓഹരികൾ നഷ്ടത്തിലാണ്.
യുഎസിലെ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഓഹരികൾ ഇടിഞ്ഞിരുന്നു. അദാനി ഗ്രൂപ്പ് ഓഹരികളുടെ വില പെരുപ്പിച്ച് കാണിക്കുകയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കമ്പനികളുടെ പ്രകടനം താഴേക്ക് പോവുമ്പോഴും ഓഹരി വില പെരുപ്പിച്ച് കാണിച്ചെന്നും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. കൂടാതെ ഓഹരികൾ പ്ലെഡ്ജ് ചെയ്ത് വലിയ തോതിൽ കടം വാങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു.
അദാനി പോർട്സ് 7.3 ശതമാനം, അദാനി എന്റർപ്രൈസസ് 3.7 ശതമാനം, അദാനി ട്രാൻസ്മിഷൻ 8.75 ശതമാനം, അദാനി ഗ്രീൻ എനർജി 3.40 ശതമാനം, എസിസി 7.2 ശതമാനം, അംബുജ സിമന്റ് 9.7 ശതമാനം, അദാനി വിൽമർ 4.99 ശതമാനം എന്നിങ്ങനെ ഇടിഞ്ഞു.
അതേസമയം, റിപ്പോർട്ട് വസ്തുത വിരുദ്ധമെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു. ആരോപണങ്ങളെല്ലാം നുണയാണെന്നും അദാനി എന്‍റർപ്രൈസസിന്‍റെ ഫോളോ-ഓൺ പബ്ലിക് ഓഫറിംഗിന്റെ സമയത്ത് റിപ്പോർട്ട് വന്നതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങൾ ഉണ്ടെന്നും അദാനി ഗ്രൂപ് ചൂണ്ടിക്കാട്ടി.
ഫോളോ-ഓൺ പബ്ലിക് ഓഫറിംഗിലൂടെ 20,000 കോടി രൂപ സമാഹരിക്കാൻ അദാനി എന്റർപ്രൈസസിന് കഴിഞ്ഞാൽ, അത് രാജ്യത്തെ ഏറ്റവും വലിയ എഫ്പിഒ ആയി മാറും. 2020 ജൂലൈയിൽ എഫ്‌പിഒ വഴി 15,000 കോടി രൂപ സമാഹരിച്ച യെസ് ബാങ്കിന്റെ പേരിലാണ് നിലവിൽ ഈ റെക്കോർഡ് ഉള്ളത്.