ഊർജ്ജത്തോടെ അദാനി എനർജി, ആദ്യ നിക്ഷേപ സമാഹരണത്തിന് ഒരുങ്ങുന്നു, ലക്ഷ്യം 8,400 കോടി
അദാനി ഗ്രൂപ്പ് ആദ്യ നിക്ഷേപ സമാഹരണത്തിന് തയാറെടുക്കുന്നു. 8,400 കോടി രൂപ വരെ സമാഹരിക്കുന്നത് ലക്ഷ്യമിട്ട് അദാനി എനർജി
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അദാനി എന്റർപ്രൈസസിന്റെ 20,000 കോടി രൂപയുടെ ഫോളോ-ഓൺ പബ്ലിക് ഓഫർ (എഫ്പിഒ) റദ്ദാക്കിയതിന് ശേഷം അദാനി ഗ്രൂപ്പ് ആദ്യ നിക്ഷേപ സമാഹരണത്തിന് തയാറെടുക്കുന്നു. 8,400 കോടി രൂപ വരെ സമാഹരിക്കുന്നത് ലക്ഷ്യമിട്ട് അദാനി എനർജി ഈ ആഴ്‌ചയോ അടുത്ത ആഴ്‌ചയോ ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെന്റ് (ക്യുഐപി) നടത്താൻ ആലോചിക്കുന്നതായാണ് റിപ്പോർട്ട്. പൊതു ധനകാര്യ സ്ഥാപനങ്ങൾ, ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ, മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ് കമ്പനികൾ, വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ, വിദേശ സ്ഥാപന നിക്ഷേപകർ എന്നിവർക്ക് ഓഹരി വിറ്റ് നിക്ഷേപ സമാഹരണം നടത്തുന്നതാണ് ക്യുഐപി . ഓഹരി വിലയിലെ കൃത്രിമത്വവും മറ്റ് ക്രമക്കേടുകളും ആരോപിച്ച് അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തിറക്കിയതിനെത്തുടർന്നാണ് അദാനി എന്റർപ്രൈസസിന്റെ കഴിഞ്ഞ വർഷം നിശ്ചയിച്ച ഓഹരി വിൽപന നടക്കാതെ പോയത്.
ഐസിഐസിഐ സെക്യൂരിറ്റീസ്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ്, ജെഫറീസ് എന്നിവരെ അദാനി എനർജി ഉപദേശകരായി നിയമിച്ചിട്ടുണ്ട്. അദാനി എനർജി ഓഹരി മൂല്യം കഴിഞ്ഞ മാസം സെൻസെക്‌സിലെ 2.94% നേട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ 5.4% ആണ് ഉയർന്നത് . 35%-ത്തിലധികം വിപണി വിഹിതമുള്ള ഇന്ത്യയിലെ മുൻനിര സ്വകാര്യ മേഖല പവർ ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനികളിലൊന്നാണ് അദാനി എനർജി. മുംബൈ, മുന്ദ്ര സെസുകൾക്കുള്ള വൈദ്യുതി വിതരണ ലൈസൻസുകളും കമ്പനിക്കുണ്ട്. ജൂൺ 30 ന് അവസാനിച്ച പാദത്തിൽ അദാനി എനർജി പ്രവർത്തന വരുമാനം 5,379 കോടി രൂപയാണ് . കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 3,664 കോടി രൂപയിൽ നിന്ന് 47% ആണ് വർധന.