ആധാർ പുതുക്കാൻ മറന്നോ? പേടി വേണ്ട, സമയപരിധി വീണ്ടും നീട്ടി; ഏതൊക്കെ സേവനം സൗജന്യമാണ്
സർക്കാർ ക്ഷേമ പദ്ധതികളിൽ ആനുകൂല്യങ്ങൾ ലഭിക്കാനും ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനും യാത്രാ ടിക്കറ്റുകൾ ബുക്കുചെയ്യുന്നതിനും തുടങ്ങി നിരവധി സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കാൻ ആധാർ ആവശ്യമാണ്
ആധാർ എന്നത് രാജ്യത്തെ പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖയാണ്. ആധാർ വിശദാംശങ്ങൾ കൃത്യവും കാലികവുമായി സൂക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് യുഐഡിഎഐ ഓർമ്മപെടുത്താറുണ്ട്. സർക്കാർ ക്ഷേമ പദ്ധതികളിൽ ആനുകൂല്യങ്ങൾ ലഭിക്കാനും ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനും യാത്രാ ടിക്കറ്റുകൾ ബുക്കുചെയ്യുന്നതിനും തുടങ്ങി നിരവധി സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കാൻ ആധാർ ആവശ്യമാണ്. ഇന്ത്യാ ഗവൺമെൻ്റ് നൽകുന്ന 12 അക്ക സവിശേഷ തിരിച്ചറിയൽ നമ്പർ ആണ് ആധാർ.
എല്ലാ ആധാർ ഉടമകളെയും, പ്രത്യേകിച്ച് പത്ത് വർഷമായി ആധാർ എടുത്തവർ ആധാർ പുതുക്കേണ്ടതുണ്ട്. യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമായ 'മൈആധാർ' വഴി സൗജന്യമായി ആധാർ പുതുക്കാൻ സാധിക്കും. ഡിസംബർ 14- വരെ ആയിരുന്നു ഇതിന്റെ നേരത്തെയുള്ള സമയ പരിധി എന്നാൽ ഇപ്പോൾ ആധാർ സൗജന്യമായി പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. 2025 ജൂൺ 14 വരെ ആധാർ ഉടമകൾക്ക് ആധാർ സൗജന്യമായി പുതുക്കാം.
അതേസമയം, പേര്, ജനനത്തീയതി, വിലാസം, മൊബൈൽ നമ്പർ തുടങ്ങിയ ജനസംഖ്യാപരമായ വിവരങ്ങൾ ഓൺലൈനിൽ പുതുക്കാനുള്ള സേവനം മാത്രമേ സൗജന്യമായുള്ളു. വിരലടയാളം, ഐറിസ് സ്കാനുകൾ, ഫോട്ടോഗ്രാഫുകൾ എന്നിവ പോലുള്ള ബയോമെട്രിക്സ് വിവരങ്ങൾ പുതുക്കാനോ മാറ്റങ്ങൾ വരുത്താനോ ഉണ്ടെങ്കിൽ ആധാർ ഉടമകൾ അംഗീകൃത ആധാർ കേന്ദ്രങ്ങൾ സന്ദർശിക്കുകയും പുതുക്കുന്നതിന് നാമമാത്രമായ സ് നൽകുകയും വേണം.
ഓൺലൈനായി ആധാർ എങ്ങനെ പുതുക്കാം
* മൈആധാർ പോർട്ടൽ സന്ദർശിക്കുക.
* ആധാർ നമ്പറും നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
* പേരും വിലാസവും ഉൾപ്പെടെ നിങ്ങളുടെ ആധാറിലെ എല്ലാ വിശദാംശങ്ങളും പരിശോധിച്ച് സ്ഥിരീകരിക്കുക. എന്തെങ്കിലും തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ പുതുക്കുക എന്ന ഓപ്‌ഷനുമായി മുന്നോട്ട് പോകുക.
* പുതുക്കുന്നതിന് ആവശ്യമായ രേഖകൾ, ഉദാഹരണത്തിന് ഐഡൻ്റിറ്റി അല്ലെങ്കിൽ വിലാസത്തിൻ്റെ തെളിവ് നല്കാൻ ജെപിഇജി, പിഎൻജി അല്ലെങ്കിൽ പിഡിഎഫ് ഫോർമാറ്റിൽ വ്യക്തമായ സ്കാൻ ചെയ്ത പകർപ്പ് അപ്‌ലോഡ് ചെയ്യുക. ഫയലിന്റെ പരമാവധി വലുപ്പം 2 എംബി ആയിരിക്കണം.
* ആവശ്യമുള്ള രേഖകൾ നൽകി സമർപ്പിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക. പുതുക്കിയ ആധാർ കാർഡ് പോർട്ടലിൽ നിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്യാം