ആധാർ ലോക്ക് ചെയ്തില്ലേ? തട്ടിപ്പുകാരിൽ നിന്ന് ആധാർ കാർഡ് സംരക്ഷിക്കാം ഇങ്ങനെ
വ്യക്തികൾക്ക് അവരുടെ ആധാർ നമ്പറുകൾ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും അനുവദിക്കുന്ന ഒരു സംവിധാനമാണ് ആധാർ ലോക്കിംഗ്.
ഡിജിറ്റൽ ഇടപാടുകള്‍ വർധിച്ചു വരുന്നതിനൊപ്പം തന്നെ അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും വർധിക്കുന്നുണ്ട്. അതിനാൽ തന്നെ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കുക എന്നത് പരമപ്രധാനമായ കാര്യമാണ്. ഒരു ഇന്ത്യൻ പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. രാജ്യത്തെ എല്ലായിടങ്ങളിലും ഐഡന്റിറ്റി കാർഡായി ആധാർ ആവശ്യപ്പെടുന്നുണ്ട്. അതായത് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ മുതൽ ഇന്ന് ആധാർ കാർഡ് വേണം. തിരിച്ചറിയൽ രേഖ എന്ന നിലയിൽ ആധാർ കാർഡിൽ ഉപഭോക്താവിന്റെ പേര്, താമസ വിലാസം, വിരലടയാളം, ഐറിസ് സ്കാനുകൾ തുടങ്ങിയ ബയോമെട്രിക് ക്രെഡൻഷ്യലുകൾ ഉളപ്പടെ സ്വകാര്യ വിവരങ്ങൾ അടങ്ങിയിരിക്കുന്നു. അതിനാൽ ആധാർ സംരക്ഷിക്കേണ്ടത് പ്രധാനമാണ്.
വ്യക്തികൾക്ക് അവരുടെ ആധാർ നമ്പറുകൾ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും അനുവദിക്കുന്ന ഒരു സംവിധാനമാണ് ആധാർ ലോക്കിംഗ്.
നിങ്ങളുടെ ആധാർ എങ്ങനെ ലോക്ക് ചെയ്യാം?
UIDAI ഔദ്യോഗിക വെബ്സൈറ്റ് (www.myaadhaar.uidai.gov.in) അല്ലെങ്കിൽ mAadhaar ആപ്പ് വഴി യുഐഡി (യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ) ലോക്ക് ചെയ്യാം. 'മൈ ആധാർ' എന്ന ഓപ്‌ഷന് താഴെയുള്ള ആധാർ ലോക്ക് & അൺലോക്ക് സേവനങ്ങളിൽ ക്ലിക്ക് ചെയ്യുക. ഇതിൽ എങ്ങനെ ആധാർ ലോക്ക് ചെയ്യാം എന്ന വിശദാംശങ്ങൾ ഉണ്ട്. യുഐഡിഎഐ ലോക്ക് റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് യുഐഡിഎഐ നമ്പർ, മുഴുവൻ പേര്, പിൻ കോഡ് എന്നിവ നൽകുക. ഒട്ടിപി ലഭിക്കാൻ, 1947-ലേക്ക് നിങ്ങളുടെ ആധാർ നമ്പറിന്റെ 4, 8 നമ്പറുകൾക്ക് ശേഷം LOCKUID എന്ന് എഴുതിയ സന്ദേശം അയക്കുക. ഒട്ടിപി ലഭിച്ചു കഴിഞ്ഞാൽ സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക. ഇതിനുശേഷം, നിങ്ങളുടെ ആധാർ നമ്പർ വെരിഫിക്കേഷനായി ഉപയോഗിക്കാൻ ആർക്കും കഴിയില്ല.