6,970 കോടി എവിടെ? തിരിച്ചെത്താനുള്ള കറൻസിയുടെ കണക്ക് പുറത്തുവിട്ട ആർബിഐ
2023 മെയ് 19 ന് 2000 രൂപ നോട്ടുകൾ പിൻവലിക്കുമ്പോൾ പ്രചാരത്തിലുണ്ടായിരുന്നത് 3.56 ലക്ഷം കോടി മൂല്യമുള്ള നോട്ടുകൾ ആയിരുന്നു.
ദില്ലി: 2000ത്തിന്റെ നോട്ട് നിരോധിച്ച് 17 മാസങ്ങൾ കഴിയുമ്പോഴും 6,970 കോടി രൂപ ഇനിയും തിരിച്ചെത്താനുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2023 മെയ് 19 ന് 2000 രൂപ നോട്ടുകൾ പിൻവലിക്കുമ്പോൾ പ്രചാരത്തിലുണ്ടായിരുന്നത് 3.56 ലക്ഷം കോടി മൂല്യമുള്ള നോട്ടുകൾ ആയിരുന്നു. 2024 ഒക്ടോബർ 31 വരെയുള്ള കണക്കുകൾ പ്രകാരം, 2000 രൂപ നോട്ടുകളുടെ 98.04 ശതമാനവും തിരിച്ചെത്തിയാതായി ആർബിഐ പറയുന്നു
നിലവിൽ റിസർവ് ബാങ്കിൻ്റെ 19 ഇഷ്യൂ ഓഫീസുകളിൽ 000 രൂപ നോട്ടുകൾ മാറ്റുന്നതിനുള്ള സൗകര്യം ലഭ്യമാണ്. നേരത്തെ, രാജ്യത്തെ എല്ലാ ബാങ്ക് ശാഖകളിലും 2,000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതിനും/അല്ലെങ്കിൽ മാറ്റുന്നതിനുമുള്ള സൗകര്യം ലഭ്യമായിരുന്നു. അഹമ്മദാബാദ്, ബംഗളൂരു, ബേലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, ജമ്മു, കാൺപൂർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, ദില്ലി, പട്‌ന, തിരുവനന്തപുരം എന്നിവിടങ്ങളിലെ 19 ആർബിഐ ഓഫീസുകൾ വഴി ബാങ്ക് നോട്ടുകൾ മാറ്റാനാകും.
500, 1000 രൂപ നോട്ടുകളുടെ പിൻവലിച്ചതിനെ തുടർന്ന് സമ്പദ്‌വ്യവസ്ഥയുടെ കറൻസി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 2016 നവംബറിലാണ് ആർബിഐ 2000 രൂപ നോട്ടുകൾ അവതരിപ്പിച്ചത്. 2018-19 സാമ്പത്തിക വർഷത്തിൽ മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകൾ ആവശ്യത്തിന് ലഭ്യമായതോടെ ഉദ്ദേശിച്ച ലക്ഷ്യം കൈവരിച്ചെന്നും 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിവച്ചതായും ആര്‍ബിഐ അറിയിച്ചു.