റിസ്ക്കില്ല, കണ്ണുംപൂട്ടി തെരഞ്ഞെടുക്കാം; നികുതി ആനുകൂല്യങ്ങളുള്ള 5 പോസ്റ്റ് ഓഫീസ് സ്‌കീമുകൾ, അറിയേണ്ടതെല്ലാം!
ദീർഘകാല സമ്പാദ്യം ലഭ്യമാക്കുന്ന, മാന്യമായ റിട്ടേൺ നൽകുന്ന കേന്ദ്രസർക്കാർ പദ്ധതികളായതിനാൽ നിക്ഷേപകർക്ക് സുരക്ഷയുടെ കാര്യത്തിലും ആശങ്ക വേണ്ട
റിസ്‌ക് എടുക്കാൻ തീരെ താൽപര്യമില്ലാത്തവർക്ക് കണ്ണും പൂട്ടി തെരഞ്ഞെടുക്കാവുന്നതാണ് പോസ്റ്റ് ഓഫീസ് നിക്ഷേപപദ്ധതികൾ. മറ്റ് നിക്ഷേപ ഓപ്ഷനുകളെ അപേക്ഷിച്ച് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ദശലക്ഷക്കണക്കിന് ആളുകൾ, പോസ്റ്റ് ഓഫീസ് നിക്ഷേപപദ്ധതികൾ തിരഞ്ഞെടുക്കുന്നുണ്ട്. ദീർഘകാല സമ്പാദ്യം ലഭ്യമാക്കുന്ന, മാന്യമായ റിട്ടേൺ നൽകുന്ന കേന്ദ്രസർക്കാർ പദ്ധതികളായതിനാൽ നിക്ഷേപകർക്ക് സുരക്ഷയുടെ കാര്യത്തിലും ആശങ്ക വേണ്ട. കുറഞ്ഞ മാസ അടവിലൂടെ മികച്ച വരുമാനവും നൽകുന്ന നിരവധി പദ്ധതികളുണ്ട്. രാജ്യത്തുടനീളമുള്ള ഒരു ലക്ഷത്തിലധികം തപാൽ ഓഫീസുകളിലാണ് ഇവ പ്രവർത്തിക്കുന്നത്. കൂടാതെ, ഈ സ്‌കീമുകൾ ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ അഞ്ച് പോസ്റ്റ് ഓഫീസ് സേവിംഗ് സ്‌കീമുകൾ പരിചയപ്പെടാം.
സുകന്യ സമൃദ്ധി യോജന
10 വയസ്സിന് താഴെയുള്ള പെൺകുട്ടിയുടെ പേരിൽ ്‌സുകന്യ സമൃദ്ധി യോജന പദ്ധതി ആരംഭിക്കാം.നിലവിൽ സുകന്യ സമൃദ്ധി അക്കൗണ്ടിൽ 7.6 ശതമാനമാണ് പലിശ നിരക്ക്. ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാം. പെൺകുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ അക്കൗണ്ടിന്റെ ഉടമസ്ഥാവകാശം നേടാം.ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം സുകന്യ സമൃദ്ധി യോജന പദ്ധതി നികുതി ഇളവ് വാഗ്ദാനം ചെയ്യുന്നു.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)
പോസ്റ്റ് ഓഫീസിലെ പ്രധാന സമ്പാദ്യ പദ്ധതികളിൽ ഒന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). സാമ്പത്തിക വർഷം 500 രൂപ നിക്ഷേപിച്ചുകൊണ്ട് പിപിഎഫ് പദ്ധതിയിൽ അംഗമാകാം. പരമാവധി പരിധി 1.5 ലക്ഷം രൂപയാണ് അടക്കേണ്ടത്. പിപിഎഫ് വാഗ്ദാനം ചെയ്യുന്ന നിലവിലെ വാർഷിക സംയുക്ത പലിശ നിരക്ക് 7.1 ശതമാനമാണ്. 15 വർഷമാണ് മെച്യൂരിറ്റി കാലയളവ്. ഐടി ആക്ടിലെ സെക്ഷൻ 80 സി പ്രകാരം പിപിഎഫ് പദ്ധതി മൂന്നിരട്ടി നികുതി ആനുകൂല്യം വാഗ്ദാനം ചെയ്യുന്നുണ്ട്.കൂടാതെ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുകയ്ക്കും നികുതി ബാധകമല്ല.
സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം
60 വയസ്സ് കഴിഞ്ഞവർക്ക് തുടങ്ങാവുന്ന പദ്ധതിയാണിത്. അഞ്ച് വർഷമാണ് മെച്യൂരിറ്റി കാലയളവ.് പ്രതിവർഷം 8 ശതമാനമാണ് പലിശ നിരക്ക് .കാലാവധി പൂർത്തിയാകുമ്പോൾ അതിന്റെ അഞ്ച് വർഷത്തെ കാലാവധി പുതുക്കാവുന്നതാണ്്. 15 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തി് സെക്ഷൻ 80 സി നികുതി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട്
ഇന്ത്യ പോസ്റ്റ് വാഗ്ദാനം ചെയ്യുന്ന പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് സമാനമാണ്. ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപയാണെങ്കിലും പരമാവധി നിക്ഷേപത്തിന് പരിധിയില്ല .ഓരോ മൂന്ന് മാസത്തിലും പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് അവലോകനം ചെയ്യും. 5 വർഷത്തെ ടേം ഡെപ്പോസിറ്റിന്റെ നിലവിലെ പലിശ നിരക്ക് 7 ശതമാനമാണ്.
നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റുകൾ
എൻഎസ്സി സ്‌കീമിൽ 1,000 രൂപ അടച്ചുകൊണ്ട് അംഗമാകാം. നിക്ഷേപത്തിന് ഉയർന്ന പരിധി ഇല്ല. ഈ സ്‌കീമിന് അഞ്ച് വർഷമാണ് കാലാവധി. 7 ശതമാനമാണ് നിലവിലെ പലിശ നിരക്ക്. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം ഒരാൾക്ക് 1.5 ലക്ഷം രൂപ വരെ നികുതിയിളവ് അവകാശപ്പെടാം.