കേരള ബജറ്റ് 2025; വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ചു
രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണിത്.
![305.61 crore has been allocated for forest and wildlife conservation in Kerala Budget 2025 305.61 crore has been allocated for forest and wildlife conservation in Kerala Budget 2025](https://static-gi.asianetnews.com/images/01jkfdp0pswd2a95y56fxc26rv/k-n-balagopal--2-_363x203xt.jpg)
തിരുവനന്തപുരം: വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ച് സംസ്ഥാന ബജറ്റ്. ആർ ആർ ടി സംഘത്തിൻ്റെ എണ്ണം 28 ആയി വർധിപ്പിച്ചു. ഇതിന് പുറമെ, കോട്ടൂർ ആന സംരക്ഷണ കേന്ദ്രത്തിന് 2 കോടി രൂപയും പാമ്പുകടി മരണങ്ങൾ ഇല്ലാതാക്കാൻ പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്ക് 25 കോടിയും അനുവദിച്ചെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.
അതേസമയം, വന്യമൃഗ ശല്യം നിയന്ത്രിക്കാനും നഷ്ടപരിഹാരത്തിനും വനമേഖലയിലെ കുടുംബങ്ങളെ സംരക്ഷിക്കാനുമായി പ്രത്യേക പാക്കേജിന് പ്ലാനിൽ അനുവദിച്ചിട്ടുള്ള തുകയ്ക്ക് പുറമെ 50 കോടി രൂപ കൂടി അധികമായി അനുവദിച്ചെന്ന് ധനമന്ത്രി അറിയിച്ചു. ഈ സർക്കാരിന്റെ കാലത്ത് വന്യജീവി ആക്രമണങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരം വർധിപ്പിച്ചെന്ന് ധനമന്ത്രി പറഞ്ഞു. റാപിഡ് റെസ്പോൺസ് ടീമുകൾ രൂപീകരിക്കുന്നതിനും മറ്റ് ടീമുകളെ ഏകോപിപ്പിക്കുന്നതിനുമായി നൽകുന്ന വിഹിതവും വർധിപ്പിച്ചു. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ചേർന്ന് വന്യമൃഗ പെരുപ്പത്തെ നിയന്ത്രിക്കാനായുള്ള നിയമനിർമാണം ഉൾപ്പെടെ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ ധന ഞെരുക്കത്തിന് കാരണം കേന്ദ്രസർക്കാരാണെന്ന് ബജറ്റ് അവതരണത്തിന്റെ തുടക്കത്തിൽ തന്നെ കെ.എൻ ബാലഗോപാൽ പറഞ്ഞിരുന്നു. കടമെടുക്കാൻ അനുവദനീയമായ പരിധിപോലും കേന്ദ്രസർക്കാർ അനുവദിക്കുന്നില്ലെന്നായിരുന്നു പ്രധാന വിമർശനം. കിഫ്‌ബി വായ്പ കടമായി കണക്കാക്കുകയാണ്. കിഫ്ബി വായ്പ മുൻകാല പ്രാബല്യത്തോടെയാണ് കടപരിധിയിൽ പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാടിന്റെ പുനരധിവാസത്തിന് 2221 കോടി രൂപ ആവശ്യമാണെന്ന് ധനമന്ത്രി പറഞ്ഞു. ഇതിനായി കേന്ദ്രസർക്കാർ ഒന്നും തന്നിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.