ഒരു സീറ്റിൽ പോലും മത്സരിക്കാതെ രാജ് താക്കറെ മഹാരാഷ്ട്രയിൽ കരുത്ത് തെളിയിക്കുമോ?
സാക്ഷാൽ ബാൽ താക്കറെയുടെ അനുജന്‍റെ മകൻ രാജ് താക്കറെയായിരുന്നു ഒരു കാലത്ത് ശിവസേനയുടെ പ്രധാനമുഖങ്ങളിലൊന്ന്. ഛായ കൊണ്ടും, കൈ കൂപ്പുന്ന രീതി കൊണ്ട് പോലും വല്യച്ഛനെ അനുകരിച്ചു രാജ് താക്കറെ. പിന്നീട് ശിവസേനയിലെ പൊട്ടിത്തെറിയിൽ ഇറങ്ങിപ്പോന്ന് പുതിയ പാർട്ടിയുണ്ടാക്കിയെങ്കിലും രാജ് താക്കറെയ്ക്ക് ഇപ്പോഴും ആരാധകരുണ്ട് മഹാരാഷ്ട്രയിൽ.
മുംബൈ: ഒരൊറ്റ സീറ്റിൽപ്പോലും മത്സരിക്കാതെ മഹാരാഷ്ട്ര നവനിർമാൺ സേനയും രാജ് താക്കറെയും മഹാരാഷ്ട്രയിൽ മായാജാലം കാണിയ്ക്കുമോ? മഹാരാഷ്ട്രയിൽ അത്തരമൊരു തന്ത്രം പരീക്ഷിക്കുകയാണ് എംഎൻഎസ്. ബിജെപിക്കും ശിവസേനക്കും വെല്ലുവിളി ഉയർത്തി കോണ്‍ഗ്രസ് - എൻസിപി സ്ഥാനാർത്ഥികൾക്കായി സജീവമാകുകയാണ് എംഎൻഎസ്സിപ്പോൾ. മഹാരാഷ്ട്രയിൽ മോദിക്കെതിരെ ആഞ്ഞടിക്കുകയാണ് രാജ് താക്കറെ.
സീറ്റില്ല, ഒറ്റക്ക് ജയിക്കാൻ തക്ക വോട്ടില്ല, എന്നാലും മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർമാരിൽൽ ഒരാളാണ് രാജ് താക്കറെ. ബിജെപിയെയും ശിവസേനയും തറ പറ്റിക്കാൻ സംസ്ഥാനം മുഴുവനും ഓടിനടക്കുന്നു.
സാക്ഷാൽ ബാൽ താക്കറെയുടെ അനുജന്‍റെ മകൻ രാജ് താക്കറെയായിരുന്നു ഒരു കാലത്ത് ശിവസേനയുടെ പ്രധാനമുഖങ്ങളിലൊന്ന്. ഛായ കൊണ്ടും, കൈ കൂപ്പുന്ന രീതി കൊണ്ട് പോലും വല്യച്ഛനെ അനുകരിച്ചു രാജ് താക്കറെ. പിന്നീട് ശിവസേനയിലെ പൊട്ടിത്തെറിയിൽ ഇറങ്ങിപ്പോന്ന് പുതിയ പാർട്ടിയുണ്ടാക്കിയെങ്കിലും രാജ് താക്കറെയ്ക്ക് ഇപ്പോഴും ആരാധകരുണ്ട് മഹാരാഷ്ട്രയിൽ.
കോണ്‍ഗ്രസിനും എൻസിപിക്കും പിന്തുണ. ശരദ് പവാറാണ് ഈ തന്ത്രത്തിന്‍റെ ശിൽപി. അങ്ങനെ കാവി രാഷ്ട്രീയവും പ്രാദേശികവാദവും ഉയർത്തുന്ന എംഎൻഎസ് ഇന്ന് കോണ്‍ഗ്രസിനും എൻസിപിക്കും സ്വീകാര്യനാവുകയാണ്.
''എംഎൻഎസ് വികസനത്തിനും മഹാരാഷ്ട്രയുടെ അവകാശങ്ങൾക്കുമായാണ് നിലനിൽക്കുന്നത്. അതിൽ എന്താണ് തെറ്റ്? കഴിഞ്ഞ അഞ്ച് വർഷം വഞ്ചിക്കപ്പെട്ടു എന്ന തോന്നലാണ് അവർക്ക്'', എൻസിപി നേതാവും ശരദ് പവാറിന്‍റെ മകളുമായ സുപ്രിയ സുലെ പറയുന്നു.
പുൽവാമ ആക്രമണങ്ങളിലടക്കം മോദിയെ ശക്തമായി വിമർശിച്ച രാജ് താക്കറെ ദേശീയ ശ്രദ്ധനേടിയിരുന്നു. 2014-ൽ മോദിയെ വാനോളം വാഴ്ത്തിയെങ്കിൽ 2019-ൽ തികഞ്ഞ മോദി വിരുദ്ധനാണ് രാജ് താക്കറെ.
''മോദി മുക്തഭാരതമാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് രാജ് താക്കറെ വ്യക്തമാക്കിക്കഴിഞ്ഞല്ലോ'', എന്ന് എംഎൻഎസ് വിഭാഗ് അദ്ധ്യക്ഷനായ നന്ദകുമാർ ചിലെ പറയുന്നു.
2014ൽ മത്സരിച്ച സീറ്റുകളിൽ 70,000-ത്തിധികം വോട്ടുകൾ എംഎൻഎസ് നേടി. രാജ് താക്കറെയുടെ ആഹ്വാനം ഉൾക്കൊണ്ട് ഈ മറാത്തിവോട്ടുകൾ ഇത്തവണ കോണ്‍ഗ്രസിനും എൻസിപിക്കും മറിഞ്ഞാൽ കുറഞ്ഞത് 12 മണ്ഡലങ്ങളിൽ ചിത്രം മാറും. തന്ത്രം ഫലം കണ്ടാൽ പവാറിന്‍റെ പ്രത്യുപകാരം ഒക്ടോബറിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എംഎൻഎസിന് ഉറപ്പിക്കാം.