മോദി പാവപ്പെട്ടവർക്കും കർഷകർക്കും വേണ്ടി ഒന്നും ചെയ്തില്ല; രാഹുലിന്റെ കലാവതിക്ക് പറയാനുള്ളത്

രാഹുൽ പറയും പോലെ ചെയ്യുന്ന നല്ല നേതാവ്, മോദി പാവപ്പെട്ടവർക്കും കർഷകർക്കും വേണ്ടി ഒന്നും ചെയ്തില്ല. കോണ്‍ഗ്രസിനെതിരെ രംഗത്തിറങ്ങാൻ സമ്മർദ്ദം ശക്തമാണെന്നും കലാവതി

Vidarbha farmer widow Kalavati reaction on promises by pm modi and rahul gandhi

വിദര്‍ഭ: കർഷകരെ അവഗണിച്ച മോദിയെക്കാൾ പ്രതീക്ഷ രാഹുൽ ഗാന്ധിയിലാണെന്ന് വിദർഭയിലെ കർഷകയായ കലാവതി. കോണ്‍ഗ്രസിനെതിരെ രംഗത്തിറങ്ങാൻ സമ്മർദ്ദം ശക്തമാണെന്നും കലാവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ലോക്സഭ പ്രസംഗത്തിലൂ‍ടെ ദേശീയ ശ്രദ്ധ നേടിയ കലാവതി ഒരു കാലത്ത് വിദർഭയിലെ കർഷക ദുരിതത്തിന്‍റെ പ്രതീകമായിരുന്നു. 

മോദി പാവപ്പെട്ടവർക്കും കർഷകർക്കും വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് കലാവതി പറയുന്നു. രാഹുൽ പറയും പോലെ ചെയ്യുന്ന നല്ല നേതാവാണെന്നും കലാവതി വ്യക്തമാക്കുന്നു. വിദർഭയിൽ കടക്കെണിയിൽ ആത്മഹത്യ ചെയ്ത പരശുറാം ഭാന്തോർക്കറുടെ ഭാര്യയാണ് കലാവതി. ഏഴ് പെണ്‍മക്കളെയും രണ്ട് ആണ്‍മക്കളെയും പോറ്റാനാകാതെ ആത്മഹത്യയുടെ വക്കിലെത്തിയ കലാവതിയുടെ അവസ്ഥ വിദഭർയിലെ കർഷകരുടെ നേർ ചിത്രമായിരുന്നു. 

ആണവകരാർ യാഥാർത്ഥ്യമായാൽ കലാവതിയുടെ ഗ്രാമത്തിലെ കൃഷിയിടങ്ങളിൽ വൈദ്യുതി എത്തും എന്ന പാർലമെന്റിൽ രാഹുൽ നൽകിയ വാക്ക് യാഥാർത്ഥ്യമായില്ല, പക്ഷേ കലാവതിയുടെ വീട്ടിൽ സൗരോർജ്ജത്തിൽ വൈദ്യുതി എത്തി. രാഹുലിന്‍റെ ശ്രദ്ധയിൽ കലാവതിയുടെ കുടുംബം കരകയറി. കർഷകരുടെ പ്രശ്നങ്ങൾ പഴയതിനെക്കാൾ രൂക്ഷമാകുമ്പോൾ ബിജെപിയെക്കാൾ കോണ്‍ഗ്രസ് തന്നെ ഭേദമെന്നാണ് കലാവതി വിശദമാക്കുന്നത്. രാഹുൽ പ്രധാനമന്ത്രിയാകണമെന്നാണ് കലാവതി ആഗ്രഹിക്കുന്നത്.

2014ൽ കോണ്‍ഗ്രസിനെതിരെ കലാവതിയുടെ സ്ഥാനാർത്ഥിത്വം രാജ്യ ശ്രദ്ധ നേടിയിരുന്നു. എന്നാൽ സംഭവിച്ചത് മറ്റൊന്നാണെന്ന് കലാവതി പറയുന്നു.തന്നെ തട്ടിക്കൊണ്ടുപോയി സ്ഥാനാർത്ഥിയാക്കാൻ ശ്രമിച്ചതാണെന്ന് കലാവതി പറയുന്നു. കലാവതിയുടെ ഗ്രാമത്തിൽ എൻജിഒകൾ എത്തിയതോടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുന്നുണ്ട്. എന്നാൽ അയൽക്കാരായ കർഷകരുടെ ജീവിതത്തിൽ മാറ്റമില്ല. കാർഷികരംഗം തകരുകയാണ്, ആത്മഹത്യകൾ തുടരുകയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios