ട്രാൻസ്ജെൻഡറാണെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞതിന് ശേഷമുള്ള കന്നിവോട്ട്; സിസിലി ആഹ്ലാദത്തിലാണ്

സ്വന്തം സ്വത്വം വെളിപ്പെടുത്തിയതിന് ശേഷം ആദ്യമായാണ് സിസിലിക്ക് വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. കോഴിക്കോട്ടുള്ള ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിന്ന് ആദ്യമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫോട്ടോ പതിച്ച തിരിച്ചറിയൽരേഖ ലഭിക്കുന്ന വ്യക്തി കൂടിയാണ് സിസിലി. 

sisily George first transgender got voters id in Kozhikode district

ഫറോക്ക്: സിസിലി ജോർജിന്റെ കന്നിവോട്ടാണിത്. ഇത്തവണ ആദ്യമായി വോട്ട് ചെയ്യുന്ന ഒരുപാട് പേരുണ്ടാകും. പക്ഷേ, സിസിലിക്ക് ഇത് വെറും കന്നിവോട്ടല്ല. തന്റെ സ്വത്വം വെളിപ്പെടുത്തിയതിനുശേഷം, താനൊരു ട്രാൻസ്ജെൻഡറാണെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞതിന് ശേഷമുള്ള ആദ്യ വോട്ട്. അതിന്റെ ആഹ്ലാദത്തിലാണ് കോഴിക്കോട് നിന്നുള്ള ട്രാൻസ്ജെൻഡറായ സിസിലി ജോർജ്. 

സ്വന്തം സ്വത്വം വെളിപ്പെടുത്തിയതിന് ശേഷം ആദ്യമായാണ് സിസിലിക്ക് വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. കോഴിക്കോട്ടുള്ള ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിന്ന് ആദ്യമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫോട്ടോ പതിച്ച തിരിച്ചറിയൽരേഖ ലഭിക്കുന്ന വ്യക്തി കൂടിയാണ് സിസിലി. വോട്ട് ചെയ്യാൻ വളരെയധികം ആ​ഗ്രഹിച്ചിരുന്നതായി ആക്റ്റിവിസ്റ്റും പുനർജനി കൾച്ചറൽ സൊസൈറ്റി സ്ഥാപകയുമായ സിസിലി ജോർജ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 

വോട്ട് ചെയ്യാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. ഒരു ട്രാൻസ്ജെൻഡർ എന്ന നിലയിൽ താൻ സ്വത്വം വെളിപ്പെടുത്തിയത് പോലെ മറ്റുള്ളവരും അവരവരുടെ സ്വത്വം വെളിപ്പെടുത്തി മുന്നോട്ട് വരണം. സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താൻ മടിക്കുന്ന ഒരുപാട് പേർ കോഴിക്കോട് ജില്ലയിൽ ഇന്നുമുണ്ട്. തനിക്ക് വോട്ടേർസ് ഐഡി ലഭിച്ചത് അവരുടെയൊക്കെ സ്വത്വം വെളിപ്പെടുത്തുന്നതിന് പ്രചോദനം നൽകട്ടെയെന്നും സിസിലി പറഞ്ഞു.  

ആറ് മാസം സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങിയാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുന്നത്. സിസിലി ജോർജ് എന്ന് പേര് സ്വീകരിക്കുന്നതിന് മുമ്പ് ഉണ്ടായിരുന്ന പേര് രേഖകളിൽ നിന്നും മാറ്റുന്നതിനാണ് വളരെയധികം ബുദ്ധിമുട്ടിയത്. 11 പേരാണ് തിരിച്ചറിയൽ കാർഡിനായി അപേക്ഷിച്ചിരുന്നത്. ഇതിൽ തനിക്കാണ് ആദ്യമായി ഐഡി കാർഡ് ലഭിച്ചതെന്നും സിസിലി കൂട്ടിച്ചേർത്തു.  

എന്നാൽ, ഏറെ കാത്തിരിപ്പിന് ശേഷം ലഭിച്ച തിരിച്ചറിയൽ കാർഡിനെതിരെ ജില്ലാ കലക്ടർക്ക് പരാതി നൽകിയിരിക്കുകയാണ് സിസിലി. തിരിച്ചറിയൽ കാർഡ് ലഭിക്കുന്നതിനായി നൽകിയ അപേക്ഷയിൽ ലിം​ഗത്തിന്റെ കോളത്തിൽ സ്ത്രീ എന്നാണ് ടിക്ക് ചെയ്തിരുന്നത്. ഐഡി കാർഡ് വന്നപ്പോഴേക്കും അതിൽ സ്ത്രീ എന്നതിന് പകരം മൂന്നാം ലിം​ഗം എന്നാണ് കൊടുത്തിരിക്കുന്നത്. എന്നാൽ ഒരിക്കലും മൂന്നാം ലിം​ഗമെന്ന പേരിൽ അറിയാൻ ആ​ഗ്രഹിക്കുന്നില്ലെന്നും ട്രാൻസ്ജെൻഡർ എന്നറിയപ്പെടാനാണ് ആ​ഗ്രഹമെന്നും സിസിലി പറഞ്ഞു. 

ഫെബ്രുവരി 26-ന് ബിഎൽഒ ഫജറു സാദ്ദീഖ് ആണ് സിസിലിയുടെ വീട്ടിലെത്തി ഐഡി കാർഡ് കൈമാറിയത്. കോഴിക്കോട് പൊക്കുന്ന് സ്വദേശിയായ സിസിലി ജോർജ് കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വോട്ടറാണ്. ജില്ലാ ജസ്റ്റിസ് ബോർഡ് മെമ്പറും കോഴിക്കോട് ജില്ലാ ലീ​ഗൽ സർവീസ് അതോറിറ്റി പാരൽ ലീ​ഗൽ വളണ്ടിയറും കൂടിയാണ് സിസിലി. 

Latest Videos
Follow Us:
Download App:
  • android
  • ios