എല്ലാവരും ഒറ്റക്കെട്ടെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷൻ; എന്നാല്‍ എളുപ്പമാവില്ല കോണ്‍ഗ്രസിന്
മുംബൈയിൽ കോണ്‍ഗ്രസ് പാർട്ടിയുടെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണ് മുംബൈ സൗത്തിൽ. പാർട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങളെ തുടർന്ന് അധ്യക്ഷപദവി ഏറ്റെടുത്ത മിലിന്ദ് ദേവ്റയാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥി.
മുംബൈ: മുംബൈയിൽ കോണ്‍ഗ്രസ് പാർട്ടിയുടെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണ് മുംബൈ സൗത്തിൽ. പാർട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങളെ തുടർന്ന് അധ്യക്ഷപദവി ഏറ്റെടുത്ത മിലിന്ദ് ദേവ്റയാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥി. ശിവസേനയുടെ സിറ്റിംഗ് സീറ്റാണ് മുംബൈ സൗത്ത്. സുപ്രധാനമായ തെരഞ്ഞെടുപ്പില്‍ എല്ലാവരും ഒറ്റക്കെട്ടെന്നാണ് മുംബൈ കോണ്‍ഗ്രസ് അധ്യക്ഷൻ മിലിന്ദ് പറയുന്നു.
''എല്ലാ സ്ഥാനാർത്ഥികളും കഴിവുള്ളവരാണ്. പാർട്ടിയെ കെട്ടിപ്പടുക്കാനുള്ള എന്‍റെ പ്രവർത്തനം തെരഞ്ഞെടുപ്പിന് ശേഷമാകും. ചെറിയ വ്യാപാരികൾ മുതൽ വലിയ വ്യവസായികൾ വരെ എന്നെ പിന്തുണക്കും. എല്ലാവരുടെയും പിന്തുണ ഒരുപോലെ കാണുന്നു'', മിലിന്ദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
എന്നാൽ താഴെത്തട്ടിൽ പാർട്ടി പല തട്ടിലാണ്. ചേരിപ്പോരിൽ ദുർബലമായ സംഘടനാസംവിധാനം ശക്തിപ്പെടുത്തും മുമ്പാണ് സ്ഥാനാർത്ഥിത്വവും മിലിന്ദ് ദേവ്റയെ തേടിയെത്തിയത്. താൻ മത്സരിക്കുന്ന സീറ്റ് മാത്രമല്ല മുംബൈയിലെ മറ്റ് അഞ്ചിടത്തും വിജയിക്കുക എന്നതാണ് മിലിന്ദിന് മുന്നിലെ വെല്ലുവിളി.
മുകേഷ് അംബാനിയുടെ പിന്തുണകൊണ്ടും മുംബൈ സൗത്തിൽ മിലിന്ദ് ദേവ്റയുടെ സ്ഥാനാർത്ഥിത്വം ശ്രദ്ധനേടികഴിഞ്ഞു. അച്ഛൻ മുരളി ദേവ്റ ദീർഘനാൾ പ്രതിനിധീകരിച്ച മണ്ഡലത്തിൽ രണ്ട് തവണ മിലിന്ദും വിജയിച്ചു.
ശിവസേനയുടെ അരവിന്ദ് സാവന്താണ് മിലിന്ദിന്‍റെ എതിരാളി. കഴിഞ്ഞ തവണ സാവന്ത് വിജയിച്ചത് ഒന്നേകാൽ ലക്ഷത്തിലേറെ ഭൂരിപക്ഷത്തിൽ. 2019ൽ ക്യാപ്റ്റന് പിഴച്ചാൽ നഗരത്തിൽ കോണ്‍ഗ്രസിനും അടിതെറ്റും. ഇത്തവണ ജൂനീയർ ദേവ്റക്ക് വിജയിച്ചേ മതിയാകൂ.