'നിഴല്‍ പോലെ കൂടെ നടന്നതല്ലേ ഞാന്‍ എന്നിട്ടും അച്ചായാ' ... ടി സിദ്ദിഖിനെ ട്രോളി എംഎം മണി
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് സൂചനകള്‍ പുറത്ത് വന്നതിന് പിന്നാലെ ഫേസ്ബുക്കിലൂടെ സിദ്ദിഖിനെതിരെ ഒളിയമ്പുമായെത്തുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് അങ്കത്തട്ട് ഒരുങ്ങുമ്പോള്‍ സോഷ്യല്‍ മീഡിയ പ്രധാന ആയുധമാക്കുകയാണ് കക്ഷി വ്യത്യാസമില്ലാതെ നേതാക്കള്‍. വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധി എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ടി സിദ്ദിഖിനെ ട്രോളുന്ന മന്ത്രി എംഎം മണിയുടെ പോസ്റ്റാണ് ഈ ഗണത്തില്‍ ഏറ്റവും പുതിയത്. മന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.
നിഴല്‍ പോലെ കൂടെ നടന്നതല്ലേ ഞാന്‍ എന്നിട്ടും അച്ചായാ...ലേലം എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ കഥാപാത്രത്തോട് നടന്‍ സിദ്ദിഖ് അവതരിപ്പിക്കുന്ന കഥാപാത്രം വൈകാരികമായി പറയുന്ന ഡയലോഗാണിത്. ഈ ഡയലോഗാണ് എംഎം മണി ടി സിദ്ദിഖിനെതിരെയുളള ആയുധമാക്കിയിരിക്കുന്നത്.
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച സൂചനകള്‍ പുറത്തുവന്ന ഉടന്‍ ഫേസ്ബുക്കിലൂടെ സിദ്ദിഖിനെതിരെ ഒളിയമ്പുമായെത്തുകയായിരുന്നു മന്ത്രി. മിനിറ്റുകള്‍ക്കകമാണ് നിരവധി കമന്റുകളും ഷെയറുകളുമായി പോസ്റ്റ് വൈറലായത്.