PPF Investment : 400 രൂപ നീക്കിവെച്ചാൽ കോടീശ്വരനാകാം; ഏറ്റവും സുരക്ഷിതമായ നിക്ഷേപം
നല്ലൊരു വീട്, കാർ, അങ്ങനെ സ്വപ്നങ്ങളുടെ ചാക്കഴിച്ചാൽ പുറത്തേക്ക് വരുന്നവയുടെ എണ്ണമെടുത്താൽ അവസാനമുണ്ടാകില്ല. എന്നാൽ അതിനെല്ലാം എന്ത് വേണം? പണം വേണം. അതോ ഭൂരിഭാഗം പേർക്കും വലിയൊരു ചോദ്യചിഹ്നമാണ്.
ദില്ലി: നല്ലൊരു വീട്, കാർ, അങ്ങനെ സ്വപ്നങ്ങളുടെ ചാക്കഴിച്ചാൽ പുറത്തേക്ക് വരുന്നവയുടെ എണ്ണമെടുത്താൽ അവസാനമുണ്ടാകില്ല. എന്നാൽ അതിനെല്ലാം എന്ത് വേണം? പണം വേണം. അതോ ഭൂരിഭാഗം പേർക്കും വലിയൊരു ചോദ്യചിഹ്നമാണ്. കൈയ്യിലോ ബാങ്കിലോ പലർക്കും പതിനായിരം രൂപ പോലും ഇപ്പോൾ തികച്ച് കാണില്ല. എന്നാൽ കോടീശ്വരനാവുകയും വേണം. അതിനൊരു വഴിയുണ്ടോ എന്നാണ് പലരും അന്വേഷിക്കുന്നത്. എന്നാൽ അതിനൊരു വഴിയുണ്ട്.
മ്യൂച്വൽ ഫണ്ട് അടക്കം പല നിക്ഷേപങ്ങളുമുണ്ടെങ്കിലും റിസ്ക് ആലോചിക്കുമ്പോൾ മുന്നോട്ട് വെച്ച കാൽ തനിയെ പുറകോട്ട് പോകുന്നതാണ് മലയാളികളുടെ പൊതു ശീലം. അതിനാൽ തന്നെ സർക്കാരിന്റെ പിന്തുണയുള്ള നിക്ഷേപ മാർഗങ്ങളെ പ്രാധാന്യത്തോടെയാണ് ഭൂരിഭാഗം പേരും കാണുന്നത്. ഇത്തരം നിക്ഷേപ പദ്ധതികളിൽ നിക്ഷേപിച്ചാൽ കോടീശ്വരനാകാൻ കഴിയുമോ എന്നതാണ് അടുത്ത ചോദ്യം. സാധിക്കുമെന്നതാണ് അതിനുത്തരം.
പബ്ലിക് പ്രോവിഡന്റ് ഫണ്ട്
ദീർഘകാല ലക്ഷ്യങ്ങൾ നേടിയെടുക്കാനായി പണം സ്വരുക്കൂട്ടി വെക്കുന്നവർക്ക് ഏറെ ഉപകാരപ്രദമായ പദ്ധതിയാണിത്. വർഷം ഒന്നര ലക്ഷം വരെ പിപിഎഫിൽ നിക്ഷേപിക്കുന്നവർക്ക് 1961 ലെ ആദായ നികുതി നിയമ പ്രകാരം നികുതിയിളവും ലഭിക്കും. നിലവിൽ 7.1 ശതമാനമാണ് ഇതിൽ ലഭിക്കുന്ന പലിശ. ബാങ്കുകളിൽ സ്ഥിര നിക്ഷേപത്തിന് കിട്ടുന്നതിലും അധികം പലിശ. സാധാരണ 15 വർഷമാണ് പിപിഎഫിന്റെ മെചുരിറ്റി കാലം. 5, 10, 15 എന്നിങ്ങനെ അഞ്ചിന്റെ ഗുണിതങ്ങളായി കാലാവധി നീട്ടാവുന്നതാണ്.
കോടീശ്വരനാകുന്നത് എങ്ങിനെ?
പിപിഎഫിൽ സ്ഥിരമായി നിക്ഷേപിക്കുന്നൊരാൾക്ക് ഒരു കോടി രൂപയെന്ന ലക്ഷ്യം നേടിയെടുക്കാവുന്നതാണ്. അതിന് വർഷം ഒന്നര ലക്ഷം എന്ന കണക്കിൽ നിക്ഷേപം നടത്തണം. ദിവസം 416 രൂപ എന്ന കണക്കിൽ മാസം തോറും 12500 രൂപ ഇതിനായി നീക്കിവെക്കണം. എന്നാലും തുക തികയില്ലല്ലോ എന്നാണോ ചിന്തിക്കുന്നത്? അവിടെയാണ് 7.1 ശതമാനം പലിശയെ കുറിച്ച് ഓർക്കേണ്ടത്. 15 വർഷം തുടർച്ചയായി ഇത്തരത്തിൽ നിക്ഷേപിച്ചാൽ 40 ലക്ഷം രൂപയാണ് ലഭിക്കുക. 20 വർഷത്തേക്ക് കൂടി നിക്ഷേപിച്ചാൽ തിരികെ കിട്ടുന്ന തുക 66 ലക്ഷമായിരിക്കും. 25 വർഷത്തേക്കാണ് നിക്ഷേപം നടത്തുന്നതെങ്കിൽ ഒരു കോടിയോളം രൂപ നിങ്ങളുടെ കൈയ്യിലിരിക്കും.