പുതിയ അവതാരം വരുന്നു.. ക്രെഡിറ്റ് വിഷൻ: വായ്പയെടുക്കാൻ ആലോചനയുണ്ടോ? എങ്കിൽ ക്രെഡിറ്റ് വിഷൻ ശ്രദ്ധിക്കണം

ഇടപാടുകാരെ ക്ലസ്റ്ററുകൾ പോലെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുന്നതിനും അവർക്ക് ആവശ്യമായ വായ്പ സേവനങ്ങൾ വിപുലപ്പെടുത്താനും സഹായിക്കും. വീഴ്ച വരുത്താൻ സാധ്യത ഉള്ളവരെ മുൻകൂട്ടി മനസ്സിലാക്കി സമയം കളയാതെ റിക്കവറി നടപടികൾ കടുപ്പിക്കാനും കഴിയുമത്രേ.

TransUnion CIBIL launches credit vision NTC Score for credit customers

മാട്രിമോണിയൽ പരസ്യത്തിലൂടെ വന്ന ആലോചന ഉറപ്പിക്കും മുൻപ് പുതു തലമുറ ബാങ്കിൽ വൈസ് പ്രസിഡന്റ് ആയി റിട്ടയർ ചെയ്ത പെണ്ണിന്റെ അച്ഛന് തോന്നിയ ഒരു ബുദ്ധിയാണ് പയ്യന്റെ ക്രെഡിറ്റ് സ്കോർ ഒന്ന് പരിശോധിച്ച്‌ നോക്കാമെന്ന്. അഞ്ചാറ് ക്രെഡിറ്റ് കാർഡുകളിലും രണ്ടു വ്യക്തിഗത വായ്പകളുമായി പയ്യന്റെ ബാദ്ധ്യത കണ്ടപ്പോൾ ഞെട്ടിപ്പോയി. പിന്നീട് വിവരം അറിയിക്കാമെന്നും പറഞ്ഞ് തടി ഊരുകയായിരുന്നു. ട്രാൻസ് യൂണിയൻ സിബിൽ സ്കോറിന്റെ ഏറ്റവും പുതിയ അവതാരമാണ് ക്രെഡിറ്റ് വിഷൻ.

എല്ലാം വെളിപ്പെടും

സിബിൽ എന്ന് കേട്ടാൽ വായ്പ എടുക്കാൻ ഒരിക്കലെങ്കിലും ശ്രമിച്ചിട്ടുള്ളവർ ഒന്ന് ഞെട്ടും. ട്രാൻസ് യൂണിയൻ സിബിൽ എന്ന ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനി ആണ് വായ്പ നൽകണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാൻ ബാങ്കുകളും മറ്റും ഉപയോഗിക്കുന്ന ക്രെഡിറ്റ് റിപ്പോർട്ടും ക്രെഡിറ്റ് സ്കോറും പ്രധാനമായും നൽകുന്നത്. 'ക്രെഡിറ്റ് വിഷൻ' എന്ന ആഗോള ട്രേഡ് മാർക്കോടെ  ട്രാൻസ് യൂണിയൻ കമ്പനി പുറത്ത്  ഇറക്കിയിരിക്കുന്ന നൂതന അൽഗോരിതം അഥവാ കംപ്യൂട്ടർ അധിഷ്ഠിത കണക്കുകൂട്ടൽ രീതി ഉപയോഗിക്കാൻ ട്രാൻസ് യൂണിയൻ സിബിൽ തയ്യാറായിരിക്കുന്നു. വായ്പ ചോദിച്ചു വരുന്നവരുടെ സോഷ്യൽ മീഡിയ, മൊബൈൽ ആപ്പുകൾ, വാലെറ്റുകൾ ഉൾപ്പടെ ഓൺലൈൻ ഇടപാടുകൾ തുടങ്ങി പൊതുപെരുമാറ്റവും മാനസികാവസ്ഥയും വരെ ആഴത്തിൽ അരിച്ചു പെറുക്കും. വ്യക്തികളുടെ വിപുലമായ ആയിരകണക്കിന് വിവരങ്ങൾ ശേഖരിച്ചു നിർമിത ബുദ്ധി വിവര സാങ്കേതിക വിദ്യയുടെ ഭാഗമായ മെഷീൻ ലേർണിംഗിലൂടെ തയ്യാറാക്കുന്ന സ്കോറുകളായിരിക്കും പുതിയ ക്രെഡിറ്റ് സ്കോർ അൽഗോരിതം ഉപയോഗിച്ച് ഇനി കമ്പനി തയ്യാറാക്കി നൽകുക.

ആഴത്തിൽ അളക്കും

ഓരോരുത്തരുടെയും ബാങ്ക് കാർഡുകളും ചെറുകിട ധന ഇടപാടുകളുടെയും വിശദവിവരങ്ങൾ തേടിപിടിച്ച് വായ്പ ആവശ്യപ്പെടുന്നവരുടെ ഇപ്പോഴത്തെയും ഭാവിയിലെയും തിരിച്ചടവ് ശേഷിയും വീഴ്ച വരുത്തുന്നതിനുള്ള സാദ്ധ്യതകളുമാണ് തയ്യാറാക്കുക. വ്യത്യസ്ഥ അവസരങ്ങളിൽ കൊടുക്കാനുള്ള പണം കൊടുത്ത് തീർക്കുന്നതിൽ ആൾക്കാർ കാണിക്കുന്ന ഉത്സാഹമില്ലായ്മയും കമ്പനി കാണാതെ പോകില്ല. കഴിഞ്ഞു പോയ 24 മാസങ്ങളിൽ തിരിച്ചടക്കാൻ ബാക്കി നിൽക്കുന്ന വായ്പ തുകകൾ സ്റ്റെഡിയായി നിർത്തുകയാണോ, ഉയരുന്നുണ്ടോ അതോ കുറച്ചു കൊണ്ട് വരികയാണോ എന്നും പരിശോധിക്കും. ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങളിൽ നടത്തുന്ന ഓരോ ഇടപാടുകളും ചികഞ്ഞു നോക്കും. ഇതിനും പുറമെ ഓൺലൈനായും നേരിട്ടും വാങ്ങുന്ന സാധനങ്ങളുടേയും സേവനങ്ങളുടേയും കണക്കുകളും പുറത്തെടുക്കും.. ജനിച്ചപ്പോൾ മുതൽ നടത്തിയ പണമിടപാടുകൾ സംബന്ധിച്ച സകലവിധ രഹസ്യങ്ങളും സ്കാനറിൽ പെട്ടാലും അത്ഭുതപ്പെടാനില്ല

വായ്പ പ്രശ്നങ്ങൾക്കൊരു ഒറ്റമൂലി

‘സമഗ്ര സൊല്യൂഷൻ സ്യൂട്ട്’ എന്ന രീതിയിൽ ബാങ്കുകളുടെ വായ്പാ പ്രശ്നങ്ങളുടെ സർവ ദോഷ സംഹാരിണി ആയിട്ടാണ് മൂന്നാംകണ്ണിന്റെ വരവ്. അപേക്ഷകന്റെ വായ്പ സ്വഭാവം സംബന്ധിച്ച് ഒറ്റ തവണ പരിശോധിക്കുന്നതിനാണ്‌ മുൻപൊക്കെ ക്രെഡിറ്റ് സ്കോർ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഉപഗോയപെടുത്തിയിരുന്നത്. പുതിയ സംവിധാനം വരുന്നതോടെ വായ്പ കൊടുക്കുന്നതിന് മാത്രമല്ല ഏഴോളം പുതിയ ആവശ്യങ്ങൾക്ക് കൂടി ബാങ്കുകൾക്കും മറ്റും പുതിയ സ്കോർ ഉപഗോഗിക്കാനാകുമത്രേ. കൊടുത്ത വായ്പകൾക്ക് പുനർ വായ്പ ഉൾപ്പെടെ അണ്ടർ റൈറ്റിംഗിന് സാധ്യമാകും. തിരിച്ചടവിൽ ബുദ്ധിമുട്ട് വരാവുന്ന ഇടപാടുകാരെ മുൻകൂട്ടി മനസിലാക്കി വീഴ്ച വരുത്തും മുൻപ് വീണു പോകാതെ സഹായിക്കുകയുമാകാം. ഇടപാടുകാരെ ക്ലസ്റ്ററുകൾ പോലെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുന്നതിനും അവർക്ക് ആവശ്യമായ വായ്പ സേവനങ്ങൾ വിപുലപ്പെടുത്താനും സഹായിക്കും. വീഴ്ച വരുത്താൻ സാധ്യത ഉള്ളവരെ മുൻകൂട്ടി മനസ്സിലാക്കി സമയം കളയാതെ റിക്കവറി നടപടികൾ കടുപ്പിക്കാനും കഴിയുമത്രേ.

ഉറപ്പായ മാറ്റങ്ങൾ

വായ്പ അനുഭവങ്ങൾ ഇതുവരെ ഇല്ലാത്തവരും സാധാരണ സിബിൽ സ്‌കോറിൽ വായ്പക്ക് അർഹത തെളിയാത്തവർക്കും വേണ്ടിയാണ് കമ്പനി ഇപ്പോൾ പുതിയ ‘അൽഗോരിതം’ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നത്. ബാങ്കിതര ഫിനാൻസ് കമ്പനികൾ നൽകുന്ന എല്ലാ വ്യക്തിഗത വായ്‌പകൾക്കും ഇതേ രീതി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിന്റെയൊക്കെ ചുവടുപിടിച്ച് മറ്റ് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളും പുതിയ സംവിധാനങ്ങളിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കാം. എല്ലാ ഇടപാടുകാരെയും താമസിയാതെ പുതിയ സ്കാനറിലൂടെ കടത്തി വിടുമായിരിക്കാം. മാട്രിമോണിയൽ പരസ്യങ്ങളിലും 'സുതാര്യ സ്കോർ' ഉൾപ്പെടുത്താനായാൽ സ്കോറിന്റെ  വിപണി വീണ്ടും വിപുലമാകും.

-സി എസ് രഞ്ജിത്, പ്രമുഖ വ്യക്തിഗത സാമ്പത്തിക കാര്യ വിദഗ്ധനാണ് ലേഖകൻ-

Latest Videos
Follow Us:
Download App:
  • android
  • ios