സ്ഥിര നിക്ഷേപങ്ങൾക്ക് പിന്നാലെ ആർഡി പലിശ നിരക്കും എസ്ബിഐ വർധിപ്പിച്ചു
വെറും നൂറ് രൂപ മാത്രം വെച്ച് എസ്ബിഐയിൽ റിക്കറിങ് ഡെപോസിറ്റ് തുടങ്ങാവുന്നതാണ്. ആറ് മാസം മുതൽ 10 വർഷം വരെയുള്ള റിക്കറിങ് ഡെപോസിറ്റ് സ്കീമുകൾ ബാങ്കിലുണ്ട്
മുംബൈ: റിക്കറിങ് ഡെപ്പോസിറ്റുകൾക്കുള്ള പലിശ നിരക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വർധിപ്പിച്ചു. സാധാരണക്കാർ വളരെയേറെ ആശ്രയിക്കുന്ന റിക്കറിങ് ഡെപോസിറ്റ് സ്കീമുകളുടെ പലിശ നിരക്ക് ഉയർത്തിയതിലൂടെ കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്താനാവുമെന്നാണ് എസ്ബിഐയുടെ പ്രതീക്ഷ.
വെറും നൂറ് രൂപ മാത്രം വെച്ച് എസ്ബിഐയിൽ റിക്കറിങ് ഡെപോസിറ്റ് തുടങ്ങാവുന്നതാണ്. ആറ് മാസം മുതൽ 10 വർഷം വരെയുള്ള റിക്കറിങ് ഡെപോസിറ്റ് സ്കീമുകൾ ബാങ്കിലുണ്ട്. ഇതൊരു സേവിങ്സ് അക്കൗണ്ടിന് അപ്പുറമുള്ളതാണ്. മുതിർന്ന പൗരന്മാരുടെ റിക്കറിങ് ഡെപോസിറ്റ് സ്കീമുകൾക്ക് കൂടുതൽ പലിശയും ലഭിക്കും.
റിക്കറിങ് ഡെപോസിറ്റുകൾക്ക് 5.1 മുതൽ 5.4 ശതമാനം വരെയാണ് പലിശ ലഭിച്ചുകൊണ്ടിരുന്നത്. 50 ബേസിസ് പോയിന്റ് വീതം മുതിർന്ന പൗരന്മാർക്ക് അധികം ലഭിച്ചിരുന്നു. ജനുവരി 15 മുതൽ ഈ പലിശ നിരക്ക് നിലവിൽ വന്നു. കുറഞ്ഞത് നൂറ് രൂപയോ, 10 ന്റെ ഗുണിതങ്ങളോ ഉപഭോക്താക്കൾക്ക് നിക്ഷേപമായി വെക്കാവുന്നതാണ്. റിക്കറിങ് ഡെപോസിറ്റുകൾക്ക് പരമാവധി പരിധിയില്ല.
1-2 വർഷം വരെയുളള നിക്ഷേപത്തിന് 5.1 ശതമാനം പലിശ
2-3 വർഷം വരെയുളള നിക്ഷേപത്തിന് 5.1 ശതമാനം പലിശ
3-5 വർഷം വരെയുളള നിക്ഷേപത്തിന് 5.3 ശതമാനം പലിശ
5-10 വർഷം വരെയുളള നിക്ഷേപത്തിന് 5.4 ശതമാനം പലിശ
സ്റ്റേറ്റ് ബാങ്ക് ഉപഭോക്താക്കൾക്ക് നെറ്റ് ബാങ്കിങ് വഴി റിക്കറിങ് ഡെപോസിറ്റ് സ്കീമുകളിൽ ചേരാനാവും. നേരിട്ട് ബാങ്കിന്റെ ശാഖകളിൽ ചെന്നാലും നിക്ഷേപം നടത്താനാവും. ഇന്ത്യാക്കാരയവർക്കും അവിഭക്ത ഹിന്ദു കുടുംബങ്ങളിലെ അംഗങ്ങൾക്കും മാത്രമേ റിക്കറിങ് ഡെപോസിറ്റ് തുറക്കാനാവൂ. നിക്ഷേപത്തിന്റെ കാലയളവിന് മുൻപ് പണം പിൻവലിക്കാവുന്നതാണ്. ഇതിനൊരു പെനാൽറ്റി ബാങ്ക് ഈടാക്കും.