മറ്റ് ബാങ്കുകളോട് മത്സരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കുകൾ വീണ്ടും ഉയർത്തി
പുതിയ പലിശ നിരക്ക് രണ്ട് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ബാധകമാകും. ഏഴ് ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ നിരക്കാണ് വർധിപ്പിച്ചത്
ദില്ലി: ഒരു മാസത്തിനിടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് രണ്ടാമതും വർധിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കാനറ ബാങ്ക് എന്നിവ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചതിന് പിന്നാലെയാണ് സെക്ടറിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ നീക്കം.
കുറഞ്ഞ കാലത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് സ്റ്റേറ്റ് ബാങ്ക് വീണ്ടും പലിശ നിരക്ക് വർധിപ്പിച്ചത്. ഇത്തവണ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് എസ്ബിഐ ഉയർത്തിയത്. ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഇത് സംബന്ധിച്ച് വിശദമായ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുതിയ പലിശ നിരക്ക് രണ്ട് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ബാധകമാകും. ഏഴ് ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ നിരക്കാണ് വർധിപ്പിച്ചത്. നിരക്കുകൾ 10 ബേസിസ് പോയിന്റ് (0.10 ശതമാനം) വർധിപ്പിച്ചതായി ബാങ്ക് അറിയിച്ചു. ഇക്കഴിഞ്ഞ ജനുവരി 22 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.
സാധാരണക്കാർക്ക് രണ്ട് വർഷം വരെയുള്ള 2 കോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപത്തിന് 5 ശതമാനമാണ് പലിശ ലഭിച്ചിരുന്നത്. ഇത് 5.10 ശതമാനമായി. മുതിർന്ന പൗരന്മാർക്ക് 5.6 ശതമാനം ലഭിക്കും. നേരത്തെ 5.5 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം ജനുവരി 8 നാണ് നേരത്തെ പലിശ നിരക്ക് പുതുക്കിയത്. അതിന് ശേഷം ഈ വർഷം ആദ്യവും പിന്നീട് ഇപ്പോഴുമാണ് പലിശ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.
പുതിയ പലിശ നിരക്ക്
7-46 ദിവസം വരെ
പൊതുജനങ്ങൾക്ക് - 2.90 ശതമാനം
മുതിർന്ന പൗരന്മാർക്ക് - 3.40 ശതമാനം
46-179 ദിവസം വരെ
പൊതുജനങ്ങൾക്ക് - 3.90 ശതമാനം
മുതിർന്ന പൗരന്മാർക്ക് - 4.40 ശതമാനം
180-210 ദിവസം വരെ
പൊതുജനങ്ങൾക്ക് - 4.40 ശതമാനം
മുതിർന്ന പൗരന്മാർക്ക് - 4.90 ശതമാനം
211 ദിവസം മുതൽ 1 വർഷം വരെ
പൊതുജനങ്ങൾക്ക് - 4.40 ശതമാനം
മുതിർന്ന പൗരന്മാർക്ക് - 4.90 ശതമാനം
രണ്ട് വർഷം വരെ
പൊതുജനങ്ങൾക്ക് - 5.10 ശതമാനം
മുതിർന്ന പൗരന്മാർക്ക് - 5.60 ശതമാനം
2-3 വർഷം വരെ
പൊതുജനങ്ങൾക്ക് - 5.10 ശതമാനം
മുതിർന്ന പൗരന്മാർക്ക് - 5.60 ശതമാനം
3-5 വർഷം വരെ
പൊതുജനങ്ങൾക്ക് - 5.30 ശതമാനം
മുതിർന്ന പൗരന്മാർക്ക് - 5.80 ശതമാനം
5-10 വർഷം വരെ
പൊതുജനങ്ങൾക്ക് - 5.40 ശതമാനം
മുതിർന്ന പൗരന്മാർക്ക് - 6.20 ശതമാനം