കൈയിൽ അലൂമിനിയം ഫോയിലുണ്ടെങ്കിൽ പോക്കറ്റടി പേടിക്കേണ്ട; പേഴ്സ് സൂക്ഷിക്കുക, കള്ളന്മാരു‌ടെ രീതി മാറുന്നു

ആര്‍.എഫ്.ഐ.ഡി കാര്‍ഡുകള്‍ ഉപയോഗിച്ച് 2,000 രൂപയുടെ വരെ മാത്രമേ ഇടപാടുകളെ അനുവദിച്ചിരുന്നുള്ളൂ. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ എത്ര തുകയ്ക്ക് വരെ വേണമെങ്കിലും ഉപയോഗിക്കാമെന്ന് റിസര്‍വ് ബാങ്ക് അനുമതി നല്‍കി.

rfid cards and its security issues written by C S renjit

യര്‍പോര്‍ട്ടിലെ ചെക്കിംഗ് കൗണ്ടര്‍ എന്നോ സൂപ്പര്‍ സ്റ്റോറിന്റെ ബില്ലിംഗ് കൗണ്ടറെന്നോ വ്യത്യാസമില്ലാതെ പോക്കറ്റടി കൂടുന്നു. തിരക്കിനിടയില്‍ പോക്കറ്റില്‍ തൊടാതെ, പോക്കറ്റിനുള്ളിലെ പേഴ്‌സില്‍ ഭദ്രമായി വച്ചിരിക്കുന്ന ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡിലെ വിവരങ്ങളാണ് പോക്കറ്റടിച്ചെടുക്കുന്നത്. തട്ടിപ്പുകാര്‍ ഇലക്‌ട്രോണിക് പോക്കറ്റടിയിലേയ്ക്ക് മാറിയതോടെ പോലീസുകാരും കുഴഞ്ഞ മട്ടാണ്.

തട്ടിപ്പുകാരെ പേടിച്ചാണ് ക്രെഡിറ്റ് കാര്‍ഡുകളെല്ലാം ചിപ്പ് കാര്‍ഡുകളാക്കിയത്. അതിന് മുമ്പ് വിവരങ്ങളെല്ലാം ഒരു മാഗ്നെറ്റിക് ടേപ്പില്‍ കാര്‍ഡിന്റെ പുറകില്‍ ഒട്ടിച്ച് വച്ചിരിക്കുകയായിരുന്നു. സ്വയ്പിംഗ് മെഷിനിലും എടിഎമ്മുകളിൽ കാര്‍ഡ് സ്ലോട്ടുകളിലും ചെറിയ റീഡറുകള്‍ പിടിപ്പിച്ച് വച്ച് കാര്‍ഡിലെ വിവരങ്ങള്‍ മോഷ്ടിച്ചെടുക്കുന്നതായിരുന്നു തട്ടിപ്പ്. ചാര ഉപകരണങ്ങള്‍ കാര്‍ഡിന്റെ വിവരങ്ങള്‍ 'സ്‌കിം' ചെയ്‌തെടുക്കും ഇതുപയോഗിച്ച് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് 'ക്‌ളോണ്‍' ചെയ്‌തെടുത്ത് പണം തട്ടും. ഇതിനെ ചെറുക്കാനാണ് പകര്‍ത്തിയെടുക്കാന്‍ സാധിക്കാത്ത മൈക്രോ ചിപ്പുകള്‍ ഘടിപ്പിച്ച് കാര്‍ഡുകള്‍ ഇറക്കിയത്. 

ഇതിനിടയില്‍ കാര്‍ഡുകളില്‍ മറ്റൊരു പുതിയ സംവിധാനം കൂടി വന്നിരിക്കുന്നു. ആര്‍എഫ്ഐഡി അഥവാ റേഡിയോ ഫ്രീക്കന്‍സി ഐഡന്റിഫിക്കേഷന്‍ ടെക്‌നോളജി തിരുകി വച്ചിട്ടുള്ള കാര്‍ഡുകളാണിത്. കാര്‍ഡ് എടുത്ത് നോക്കിയാല്‍ വയര്‍ലെസ് അടയാളം പോലെ ഒരു അടുക്ക് പൂര്‍ത്തിയാക്കാത്ത 'റ' കള്‍ വരച്ച് വച്ചിട്ടുണ്ടാകും. 

ഇ‌‌ടപാട് സോ ഈസി !

സാങ്കേതികമായി ചിപ്പ് കാര്‍ഡുകള്‍ തന്നെ. പക്ഷെ ചിപ്പിലുള്ള വിവരങ്ങള്‍ കാര്‍ഡിനുള്ളില്‍ വച്ചിരിക്കുന്ന ഒരു ചെറിയ ആന്റിന വഴി പ്രസരിപ്പിക്കുന്ന സാങ്കേതിക വിദ്യയാണ് ആര്‍.എഫ്.ഐ.ഡി ചുരുക്കി പറഞ്ഞാല്‍ ചിപ്പും റേഡിയോയും ചേര്‍ന്ന അതിസുരക്ഷാ കാര്‍ഡ്.
സ്വയ്പിംഗ് മെഷിനിലോ എടിഎം കാര്‍ഡ് റീഡറിന്റെയോ അടുത്ത് കൂടി തൊടാതെ ഒന്ന് കൊണ്ട് പോയാല്‍ മതി ഈ കാര്‍ഡിലെ വിവരങ്ങള്‍ മെഷിന്‍ പിടിച്ചെടുക്കും. ചാര ഉപകരണങ്ങളെല്ലാം ഇളിഭ്യരാകും. പിന്നെ കീപാഡില്‍ തുക രേഖപ്പെടുത്തി പിന്‍ നമ്പര്‍ ഇട്ട് കൊടുത്താല്‍ ഇടപാട് നടത്താം. 

തൊടാതെ ഇടപാട് നടത്താവുന്ന ആര്‍.എഫ്.ഐ.ഡി കാര്‍ഡുകളാണ് ഹൈടെക് പോക്കറ്റടിക്കാര്‍ക്ക് പ്രിയമാകുന്നത്. കാര്‍ഡുകളില്‍ നിന്ന് ഇത്തരത്തിൽ വിവരങ്ങള്‍ മോഷ്ടിക്കുന്ന ഇലക്‌ട്രോണിക് പോക്കറ്റടിക്കാരന്‍ വെറെ ലെവലാണ്. സാധാരണ ലെതര്‍ പേഴ്‌സുകളില്‍ പോക്കറ്റില്‍ ഭദ്രമായിരിക്കുന്ന ആര്‍.എഫ്.ഐ.ഡി കാര്‍ഡുകളുടെ അടുത്ത് കൂടി പേനയോളം വലുപ്പമുള്ള ഒരു ചെറിയ സ്‌കാനര്‍ ചെറുതായി ഒന്ന് തഴുകിയാല്‍ മതി കാര്‍ഡിന്റെ വിവരങ്ങള്‍ തട്ടിപ്പുകാരന്റെ സെര്‍വറിലേക്ക് നേരിട്ടെത്തും. കാര്‍ഡുടമയ്ക്ക് യാതൊരു സംശയവും ഉണ്ടാകില്ല.

വില മതിക്കാനാവാത്ത കാര്‍ഡിന്റെ വിവരങ്ങള്‍ പിന്നെ ഡാര്‍ക്ക് മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ നിരത്തി വച്ചിട്ടുണ്ടാകും. കൂടുതല്‍ പിന്‍വലിക്കല്‍ പരിധിയും ബാലന്‍സും ഉള്ള കാര്‍ഡുകള്‍ക്ക് ഉയര്‍ന്ന വിലയായിരിക്കും. അന്താരാഷ്ട്ര തട്ടിപ്പുകാരന്‍ ഇത് വാങ്ങി പണം കൈക്കലാക്കുന്നത് ലോകത്തിന്റെ ഏത് കോണിലാണെന്ന് പോലും കണ്ടുപിടിക്കുക പ്രയാസം. ലോക്കല്‍ തട്ടിപ്പുകാരാണെങ്കില്‍ ക്ലോണിംഗും പിന്‍വലിക്കലും നടത്തുന്നതിനിടയില്‍ പിടിക്കപ്പെടാനുള്ള സാധ്യതയെങ്കിലുമുണ്ട്. 

പരിഹാരം ലളിതം

ഇതിനുള്ള പരിഹാരവും വളരെ ലളിതമാണ്. ആര്‍.എഫ്.ഐ.ഡി കാര്‍ഡുകള്‍ അലുമീനിയം ഫോയിലില്‍ പൊതിഞ്ഞ് പേഴ്‌സില്‍ വച്ചാല്‍ സ്‌കാനറുകള്‍ പ്രവര്‍ത്തിക്കില്ല. ചപ്പാത്തിയും മറ്റും പൊതിഞ്ഞെടുക്കാന്‍ ഉപയോഗിക്കുന്ന അതേ അലുമിനിയം ഫോയില്‍ മതി. കാര്‍ഡ് സൂക്ഷിക്കുന്നതിന് ഇത്തരത്തില്‍ അലൂമിനീയം ഫോയിലുകള്‍ ഉള്ളിലുള്ള കവറുകളും പേഴ്‌സുകളും പ്രത്യേകം ലഭിക്കും.
ആര്‍.എഫ്.ഐ.ഡി കാര്‍ഡുകള്‍ ഉപയോഗിച്ച് 2,000 രൂപയുടെ വരെ മാത്രമേ ഇടപാടുകളെ അനുവദിച്ചിരുന്നുള്ളൂ. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ എത്ര തുകയ്ക്ക് വരെ വേണമെങ്കിലും ഉപയോഗിക്കാമെന്ന് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ഇലക്‌ട്രോണിക്ക് പോക്കറ്റടിക്കാരന്‍ ചുറ്റും കറങ്ങുന്നുണ്ട്, അലുമിനിയം ഫോയില്‍ കരുതിയേക്കുക.  

- സി എസ് രഞ്ജിത് (ലേഖകൻ, പ്രമുഖ വ്യക്തിഗത സാമ്പത്തിക കാര്യ വിദഗ്ധനാണ്)

Latest Videos
Follow Us:
Download App:
  • android
  • ios