75 ശതമാനം വായ്പയും മുൻഗണനാ മേഖലയ്ക്ക്: അർബൻ സഹകരണ ബാങ്കുകൾക്ക് നിർദ്ദേശവുമായി ആർബിഐ
ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് വായ്പ നൽകുന്നതിന് മുൻഗണന നൽകണമെന്നും വ്യവസ്ഥ ചെയ്യുന്നു.
മുംബൈ: പ്രാഥമിക അർബൻ സഹകരണ ബാങ്കുകൾ വായ്പകളുടെ 75 ശതമാനം മുൻഗണനാ മേഖലകൾക്കായി നീക്കിവയ്ക്കണമെന്ന് റിസർവ് ബാങ്ക്. 2024 മാർച്ച് 31 ന് അകം ഈ ലക്ഷ്യം അർബർ സഹകരണ ബാങ്കുകൾ നേടിയെടുക്കണമെന്നും ആർബിഐ വ്യക്തമാക്കി.
കൃഷി, സൂക്ഷ്മ -ചെറുകിട -ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ), വിദ്യാഭ്യാസം, കയറ്റുമതി, ഭവന നിർമാണം, സാമൂഹിക മുന്നേറ്റത്തിനായുളള അടിസ്ഥാന സൗകര്യ വികസനം, പാരമ്പര്യേതര ഊർജ്ജം, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയാണ് മുൻഗണനാ മേഖലകളായി (പിഎസ്എൽ) റിസർവ് ബാങ്ക് പരിഗണിക്കുന്നത്. ഇതിൽ തന്നെ ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് വായ്പ നൽകുന്നതിന് മുൻഗണന നൽകണമെന്നും വ്യവസ്ഥ ചെയ്യുന്നു.
മുൻപ് 2015 ഏപ്രിലിൽ പിഎസ്എൽ സംബന്ധിച്ച് വാണിജ്യ ബാങ്കുകൾക്കും 2018 മേയിൽ അർബർ സഹകരണ ബാങ്കുകൾക്കും നൽകിയ നിർദ്ദേശങ്ങൾ സമഗ്രമായി പരിഷ്കരിച്ചുളള രേഖയാണ് റിസർവ് ബാങ്ക് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ വാണിജ്യ ബാങ്കുകൾക്കും അർബർ സഹകരണ ബാങ്കുകൾക്കും പിഎസ്എൽ വായ്പ പരിധി 40 ശതമാനമാണ്. 2024 മാർച്ച് 31 ആകുന്നതോടെ ഇത് ക്രമേണ വർധിപ്പിച്ച് അർബർ ബാങ്കുകൾ 75 ശതമാനത്തിൽ എത്തിക്കണം.
എല്ലാ ബാങ്കുകളും സമൂഹത്തിലെ ദുർബല വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കുളള വായ്പകൾ സമാനകാലയളവിൽ 10 ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്തണം. ചെറുകിട നാമമാത്ര കർഷകർക്കുളള വായ്പാ ശതമാനം നിലവിലെ എട്ട് ശതമാനത്തിൽ നിന്ന് 10 ശതമാനമായും ഉയർത്തണമെന്നും റിസർവ് ബാങ്ക് നിർദ്ദേശിക്കുന്നു.