പിപിഎഫോ ബാങ്ക് എഫ്ഡിയോ? നികുതി ലാഭിക്കാൻ മികച്ച ഓപ്ഷനേതാണ്; അറിയേണ്ടതെല്ലാം
നികുതി ആനുകൂല്യവും നിക്ഷേപ സുരക്ഷയുമുള്ള സ്കീമുകളാണ് തിരയുന്നതെങ്കിൽ, അത്തരക്കാർക്ക് എറെ അനുയോജ്യമായ സ്കീമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. റിസ്ക് കുറഞ്ഞ മറ്റൊരു നിക്ഷേപപദ്ധതിയാണ് സ്ഥിരനിക്ഷേപങ്ങൾ.
വിവിധ തരത്തിലുള്ള നിക്ഷേപപദ്ധതികൾ ഇന്ന് നിലവിലുണ്ട്. നിക്ഷേപങ്ങളിൽ നിന്ന് ,മികച്ച പലിശ ലാഭിക്കാൻ കഴിയുന്നതും, നികുതി ആനുകൂല്യങ്ങളുള്ളതും, റിസ്ക് കുറഞ്ഞതും, റിസ്ക് കൂടിയതും അങ്ങനെ വിവിധ തരം നിക്ഷേപ സ്കീമുകളുണ്ട്. നികുതി ആനുകൂല്യവും നിക്ഷേപ സുരക്ഷയുമുള്ള സ്കീമുകളാണ് തിരയുന്നതെങ്കിൽ, അത്തരക്കാർക്ക് എറെ അനുയോജ്യമായ സ്കീമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. റിസ്ക് കുറഞ്ഞ മറ്റൊരു നിക്ഷേപപദ്ധതിയാണ് സ്ഥിരനിക്ഷേപങ്ങൾ. ബാങ്കുകൾ ഇടയ്ക്കിടെ പലിശനിരക്കുയർത്തുന്നതിനാൽ എഫ്ഡികളും ആകർഷകമായ സ്കീം തന്നെയാണ്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് പലിശനിരക്ക്
പൂർണമായും നികുതി ഇളവുള്ള നിക്ഷേപമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് അഥവാ പിപിഎഫ്.. സാമ്പത്തിക വർഷം 500 രൂപ നിക്ഷേപിച്ചുകൊണ്ട് പിപിഎഫ് പദ്ധതിയിൽ അംഗമാകാം. പരമാവധി പരിധി 1.5 ലക്ഷം രൂപയാണ് അടക്കേണ്ടത്. പിപിഎഫിന്റെ നിലവിലെ പലിശ നിരക്ക് 7.1 ശതമാനമാണ് (ജൂലൈ-സെപ്റ്റംബർ പാദത്തിൽ), ദീര്‍ഘ കാലയളവിലേക്കുള്ള എഫ്ഡി നിക്ഷേപങ്ങള്‍ക്ക് 6.5% മുതല്‍ 7% വരെ നിരക്കിലാണ് പ്രധാനപ്പെട്ട ബാങ്കുകളെല്ലാം പലിശ വാഗ്ദാനം ചെയ്യുന്നത്. നിലവിൽ പിപിഎഫ് നിരക്ക് ബാങ്ക് എഫ്ഡികളെ അപേക്ഷിച്ച് കൂടുതലാണ്. ഓരോ സാമ്പത്തിക പാദത്തിലും കേന്ദ്രസര്‍ക്കാരാണ് പിപിഎഫ് നിക്ഷേപിത്തിനുള്ള പലിശ നിരക്ക് നിശ്ചയിക്കുന്നത്.. എന്നാൽ എഫ്ഡികൾ മുൻകൂട്ടി നിശ്ചയിച്ച കാലയളവിലേക്ക് ഒരു നിശ്ചിത പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
നികുതി ആനുകൂല്യങ്ങൾ
പിപിഎഫില്‍ നിന്നുള്ള ആദായം പൂര്‍ണമായും നികുതി മുക്തമാണ്. അതായത് സമ്പാദിച്ച പലിശയും മെച്യൂരിറ്റി തുകയും നികുതി രഹിതമാണ് എന്ന് ചുരുക്കം, .ഉയർന്ന പലിശ നിരക്കും ട്രിപ്പിൾ നികുതി ആനുകൂല്യങ്ങളും പിപിഎഫ് നിക്ഷേപകരെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഒരു പിപിഎഫ് അക്കൗണ്ട് 15 വർഷത്തിനുള്ളിൽ മെച്യുരിറ്റി ആകുകയും, കാലാവധി പൂർത്തിയാകുമ്പോൾ, നിങ്ങൾക്ക് ഒന്നുകിൽ മുഴുവൻ തുകയും പിൻവലിക്കുകയോ, അക്കൗണ്ട് ക്ലോസ് ചെയ്യുകയോ അല്ലെങ്കിൽ അഞ്ച് വർഷത്തേക്ക് കൂടി നീട്ടുകയോ ചെയ്യാം.
ഉദാഹരണത്തിന്, നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിൽ ഓരോ വർഷവും 50,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, പലിശ നിരക്ക് 7.1 ശതമാനത്തിൽ സ്ഥിരമായി തുടരുകയാണെങ്കിൽ, 15 വർഷത്തിനുള്ളിൽ നിങ്ങൾക്ക് ഏകദേശം 14.06 ലക്ഷം രൂപ കോർപ്പസ് ഉണ്ടാക്കാം. ഇത് 5 വർഷത്തേക്ക് കൂടി നീട്ടിയാൽ ഈ തുക 22.69 ലക്ഷം രൂപയായി ഉയരും.
പിൻവലിക്കലുകളും വായ്പാ സൗകര്യങ്ങളും
പിപിഎഫിനെ കൂടുതൽ ആകർഷകമാക്കുന്ന മറ്റൊരു കാരണം, അത് ഭാഗികമായി പിൻവലിക്കാനുള്ള അവസരം നൽകുന്നതിനൊപ്പം, ഏഴാം വർഷം പൂർത്തിയാകുമ്പോൾ വായ്പാ സൗകര്യങ്ങളും നൽകുകയും ചെയ്യുന്നുണ്ട് എന്നതുമാണ്., മെഡിക്കൽ എമർജൻസി സമയത്തോ, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ സാമ്പത്തിക ആവശ്യങ്ങളിലോ ഒരു പരിധിവരെ പണലഭ്യതയും നൽകും.
എഫ്ഡികളിൽ നിക്ഷേപിക്കുമ്പോൾ
എഫ്ഡികളിൽ നിക്ഷേപിക്കുമ്പോൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.പിപിഎഫുകൾ നികുതി ആനുകൂല്യങ്ങൾ നൽകുമ്പോൾ, എഫ്ഡി നിക്ഷേപത്തില്‍ നിന്നും നേടുന്ന പലിശ വരുമാനത്തിന് നിക്ഷേപകന്റെ സ്ലാബ് നിരക്കില്‍ ആദായ നികുതിയും നല്‍കേണ്ടതുണ്ട്.കൂടാതെ, എഫ്ഡി-കൾക്ക് സർക്കാർ ഗ്യാരണ്ടിയും നൽകുന്നില്ല, അതേസമയം ഓരോ ബാങ്കിനും 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷൻ (ഡിഐസിജിസി) ഇൻഷ്വർ ചെയ്യുന്നുണ്ട്..എന്നാൽ കേന്ദ്ര സർക്കാരിന്റെ പിന്തുണയുള്ളതിനാൽ പിപിഎഫ് നൽകുന്ന സുരക്ഷ സമാനതകളില്ലാത്തതതുമാണ്. നിക്ഷേപകർ അവരവരുടെ ആവശ്യങ്ങൾ വിലയിരുത്തി, ഓരോരുത്തരുടെയും സാമ്പത്തിക ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന സകീം വേണം തിരഞ്ഞെടുക്കാൻ . ആവശ്യമെങ്കിൽ സാമ്പത്തികവിദഗദരുടെ സഹായവും തേടാവുന്നതാണ്.