ചെറുകിട വായ്പാ ആവശ്യം വർധിക്കുന്നു: വാഹന വായ്പയിൽ വളർച്ച റിപ്പോർട്ട് ചെയ്തതായി ട്രാന്‍സ് യൂണിയന്‍ സിബില്‍
ആഗോള സമ്പദ് വ്യവസ്ഥ ഇപ്പോഴും മഹാമാരിയുടെ ആഘാതം അനുഭവിക്കുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ട്രാന്‍സ് യൂണിയന്‍ സിബില്‍ ഗവേഷണ വിഭാഗം വൈസ് പ്രസിഡന്റ് അഭയ് കേല്‍ക്കര്‍ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ ആദ്യ നാളുകളിലെ ഇടിവിനു ശേഷം ചെറുകിട വായ്പകള്‍ക്കായുള്ള ആവശ്യം തുടര്‍ച്ചയായി ഉയരുന്നു എന്ന് ട്രാന്‍സ് യൂണിയന്‍ സിബിലിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വാര്‍ഷികാടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ വായ്പകള്‍ക്കായുള്ള ആവശ്യം കൊവിഡിനു മുന്‍പുള്ള സ്ഥിതിയിലേക്ക് എത്തിയിട്ടില്ലെങ്കിലും ക്രിയാത്മക മുന്നേറ്റമാണ് ദൃശ്യമാകുന്നത്. വായ്പകള്‍ക്കായുള്ള ആവശ്യം 2019 നവംബറിലേതിന്റെ 93 ശതമാനം എന്ന നിലയിലായിരുന്നു 2020 നവംബറില്‍ ഉണ്ടായിരുന്നത്. കോവിഡ് വ്യാപനത്തിന്റെ ആദ്യ മാസങ്ങളെ അപേക്ഷിച്ച് ഗണ്യമായ വളര്‍ച്ചയാണിത്.
ആഗോള സമ്പദ് വ്യവസ്ഥ ഇപ്പോഴും മഹാമാരിയുടെ ആഘാതം അനുഭവിക്കുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ട്രാന്‍സ് യൂണിയന്‍ സിബില്‍ ഗവേഷണ വിഭാഗം വൈസ് പ്രസിഡന്റ് അഭയ് കേല്‍ക്കര്‍ ചൂണ്ടിക്കാട്ടി. എങ്കിലും വായ്പകള്‍ക്കായുള്ള ആവശ്യം ഉപഭോക്താക്കളുടെ ആത്മവിശ്വാസത്തെയാണു കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2020 നവംബറിലെ കണക്കുകള്‍ പ്രകാരം ഭവന വായ്പകള്‍ക്കായുള്ള അന്വേഷണങ്ങളില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 9.1 ശതമാനം വര്‍ധനവാണ് ഉണ്ടായത്. വസ്തുവിന്റെ ഈടിന്‍മേലുള്ള വായ്പകളുടെ കാര്യത്തില്‍ 7.8 ശതമാനം ഇടിവും വാഹന വായ്പകളുടെ കാര്യത്തില്‍ 5.2 ശതമാനം വര്‍ധനവും ഉണ്ടായി. പേഴ്‌സണല്‍ വായ്പകളില്‍ 43 ശതമാനവും ക്രെഡിറ്റ് കാര്‍ഡുകളുടെ കാര്യത്തില്‍ 8.5 ശതമാനവും ഇടിവുണ്ടായി. കൊവിഡിനെ തുടര്‍ന്ന് ഉപഭോക്താക്കളുടെ വായ്പാ രീതികളും വായ്പാ ദാതാക്കളുടെ തന്ത്രങ്ങളും മാറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.