വായ്പ മൊറട്ടോറിയം: കേന്ദ്ര സർക്കാർ വ്യാഴാഴ്ചയ്ക്കകം മറുപടി നൽകണം, ഒക്ടോബർ അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും
പ്രശ്നങ്ങൾ സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും 2-3 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്നും സർക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
ദില്ലി: മോറട്ടോറിയം പ്രഖ്യാപിച്ച മാസങ്ങളിൽ ബാങ്ക് വായ്പകളുടെ പിഴപലിശ ഒഴിവാക്കാനാകുമോ എന്നതിൽ മറുപടി നൽകാൻ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി സമയം നീട്ടി നൽകി. വ്യാഴാഴ്ച വരെയാണ് സമയം നൽകിയത്. ഇത് സങ്കീര്‍ണമായ പ്രശ്നമാണെന്നും വിശദമായ ചര്‍ച്ചകൾക്ക് ശേഷമേ തീരുമാനം എടുക്കാനാകൂവെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി.
വായ്പകൾ തിരിച്ചടയ്ക്കുന്നതിനുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്നും കൊവിഡ് -19 മഹാമാരി കണക്കിലെടുത്ത് വായ്പ തുകയുടെ പലിശ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട രണ്ട് ഹർജികൾ സംബന്ധിച്ച് ഒക്ടോബർ അഞ്ചിന് സുപ്രീംകോടതി വാദം കേൾക്കും. പ്രശ്നങ്ങൾ സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും 2-3 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്നും സർക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.