ഡെബിറ്റ് കാർഡുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ; സർക്കാർ മേഖലയിൽ ആദ്യം

ഇനിമുതൽ കെ എഫ്  സി സംരംഭകർക്കുള്ള വായ്പാ വിതരണവും തിരിച്ചടവും നടത്തുന്നത് ഇതുവഴി ആയിരിക്കും.

kfc debit card

തിരുവനന്തപുരം: കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ ഡെബിറ്റ് കാർഡ് പുറത്തിറക്കുന്നു. പൊതുമേഖലാ ബാങ്കുകളുമായി ചേർന്ന് ബ്രാൻഡ് ചെയ്ത  അഞ്ചു വർഷം കാലാവധിയുള്ള റുപേ പ്ലാറ്റിനം കാർഡുകളാണ് നൽകുകയെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടോമിൻ ജെ തച്ചങ്കരി അറിയിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ നിർദേശങ്ങൾക്ക് അനുസൃതമായാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.

കെ എഫ്സി കാർഡുകൾ ഉപയോഗിച്ച്  എടിഎം, പിഒഎസ് മെഷീനുകൾ, ഓൺലൈൻ ഇടപാടുകൾ തുടങ്ങി മറ്റ് ഡെബിറ്റ് കാർഡുകൾ വഴി നടത്തുന്ന എല്ലാ ഇടപാടുകളും നടത്താനാകും. കെഎഫ്സിയുടെ മൊബൈൽ ആപ്പുമായി ബന്ധപ്പെടുത്തി വലിയ തുകയുടെ  ഇടപാടുകളും നടത്താനാകും.

ഇനിമുതൽ കെ എഫ്  സി സംരംഭകർക്കുള്ള വായ്പാ വിതരണവും തിരിച്ചടവും നടത്തുന്നത് ഇതുവഴി ആയിരിക്കും. കാർഡ് മുഖേന പണം കൊടുക്കുന്ന സംവിധാനം വരുമ്പോൾ വായ്പാ  വിനിയോഗം കൃത്യമായി  കെഎഫ്സി ക്ക് നേരിട്ട് നിരീക്ഷിക്കാനാകുമെന്നും തച്ചങ്കരി അറിയിച്ചു.

ഇതുവരെ കെഎഫ്സി വായ്പകളുടെ തിരിച്ചടവ് പ്രതിമാസമായിരുന്നു. ഇപ്പോൾ പ്രധാന വായ്പകളിലേക്കുള്ള തിരിച്ചടവ് ആഴ്ചതോറുമോ ദിവസം തോറുമോ തിരിച്ചടക്കാൻ കഴിയും. ഗൂഗിൾ പേ പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് പുതിയ സൗകര്യം. ഡെബിറ്റ് കാർഡ് നിലവിൽ വന്നാൽ തിരിച്ചടവ് ഇനിയും ലളിതമാകും. പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതിന്റെ മുന്നോടിയായാണ് ഇത്.

കോർപ്പറേഷൻ ജീവനക്കാർക്കും ഡെബിറ്റ് കാർഡ് നൽകും. ശമ്പളവും മറ്റ് അലവൻസുകളും ഈ രീതിയിൽ നൽകും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സർക്കാർ ധനകാര്യ സ്ഥാപനം ഡെബിറ്റ് കാർഡുകൾ വിപണിയിലിറക്കുന്നതെന്നും തച്ചങ്കരി വ്യക്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios