ആദായ നികുതി അടക്കുന്നത് രാജ്യത്തെ ഒരു ശതമാനം പേർ മാത്രമെന്ന് കേന്ദ്രസർക്കാർ
നികുതിയിളവുകളെ തുടർന്നാണ് ആദായ നികുതി പിരിവ് കുറയുന്നതെന്ന വാദവും ശക്തമാവുന്നുണ്ട്.
ദില്ലി: രാജ്യത്തെ ഒരു ശതമാനം പേർ മാത്രമാണ് ആദായ നികുതി അടയ്ക്കുന്നതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പാർലമെന്റിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിങ് താക്കൂർ ഇക്കാര്യം പറഞ്ഞത്. 2018-19 സാമ്പത്തിക വർഷം മുതൽ 2020 ഫെബ്രുവരി 5.78 കോടി വ്യക്തിഗത ഇൻകം ടാക്സ് റിട്ടേണുകൾ ഫയൽ ചെയ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ 1.46 കോടി പേർ മാത്രമാണ് അഞ്ച് ലക്ഷം രൂപയിലേറെ വേതനമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
2019 ഫിനാൻസ് ആക്ട് പ്രകാരം അഞ്ച് ലക്ഷത്തിന് മുകളിൽ വേതനം കൈപ്പറ്റുന്നവരാണ് ആദായ നികുതി കൃത്യമായി അടയ്ക്കേണ്ടത്. നികുതിയിളവുകളെ തുടർന്നാണ് ആദായ നികുതി പിരിവ് കുറയുന്നതെന്ന വാദവും ശക്തമാവുന്നുണ്ട്.
കൃത്യമായി നികുതി ഇളവുകൾ പരിശോധിക്കുന്നുണ്ടെന്ന് താക്കൂർ വിശദീകരിച്ചു. ഇതിനായി കേന്ദ്രസർക്കാർ നിരവധി പുതിയ മാർഗങ്ങൾ അവലംബിച്ചതായും അദ്ദേഹം പറഞ്ഞു. പണമിടപാടുകൾക്ക് പാൻ നമ്പർ നിർബന്ധമാക്കിയതും, പണമിടപാടുകൾക്ക് രണ്ട് ലക്ഷം പരിധി നിശ്ചയിച്ചതും ഒന്നോ അതിലധികമോ അക്കൗണ്ടിൽ നിന്നും ഒരു കോടി രൂപ ഒരു സാമ്പത്തിക വർഷം പിൻവലിക്കുന്ന ഒരാളിൽ നിന്ന് രണ്ട് ശതമാനം ടിഡിഎസ് ഈടാക്കാനുള്ള തീരുമാനവുമടക്കം കേന്ദ്രം നികുതിയിളവ് പരിശോധിക്കാൻ നടത്തിയ എല്ലാ മാർഗ്ഗങ്ങളെ കുറിച്ചും കേന്ദ്രസഹമന്ത്രി പാർലമെന്റിൽ വിശദീകരിച്ചു.