മിഡ് കാപ് ഓഹരികളിലെ നിക്ഷേപമാണോ സുരക്ഷിതം! എന്തുകൊണ്ട്?
ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? മിഡ് കാപ് ഓഹരികളിലെ നിക്ഷേപമാണോ കൂടുതൽ സുരക്ഷിതം? പുതിയ നിക്ഷേപകർ അറിയേണ്ടതെല്ലാം
ദീര്‍ഘകാല നിക്ഷേപത്തിനും മികച്ച ആദായം കരസ്ഥമാക്കാനുമുള്ള ഉപാധിയെന്നോണം ഓഹരി വിപണിയെ സമീപിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വർദ്ധിക്കുകയാണ്. മികച്ച ഓഹരികളെ കണ്ടെത്തി നിക്ഷേപിക്കുന്നതിലൂടെ കൈനിറയെ നേട്ടം സമ്പാദിക്കാന്‍ കഴിയുമെന്നതിന് ഇന്ത്യന്‍ ഓഹരി വിപണിയിലെ നിരവധി ഉദാഹരണങ്ങളും ഇതിനു പ്രചോദനമേകുന്നു.
സമീപകാലയളവില്‍ ഓഹരി വിപണിയിലേക്ക് രംഗപ്രവേശം ചെയ്തവരില്‍ ഭൂരിഭാഗവും അടിസ്ഥാന ആശയങ്ങള്‍ മാത്രം മനസിലാക്കി കടന്നെത്തിയവരാണ്. ഏതുതരം ഓഹരികളെയാണ് തെരഞ്ഞെടുക്കേണ്ടതെന്നും ഒഴിവാക്കാണ്ടേതെന്നതുമൊക്കെ ആദ്യമായി ഓഹരി വിപണിയിലേക്ക് എത്തുന്ന നിക്ഷേപകരെ കുഴയ്ക്കുന്ന ചോദ്യങ്ങളാണ്. അതേസമയം സാമ്പത്തിക ഭദ്രതയുള്ളതും അടിസ്ഥാനപരമായി മികച്ചതും ഭാവി ബിസിനസ് സാധ്യതയുമുള്ള കമ്പനികളുടെ ഓഹരിയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ വിപണിയുടെ ചാഞ്ചാട്ടത്തിനൊപ്പം ഉലയാമെങ്കിലും അനുകൂല ഘട്ടമെത്തുമ്പോള്‍ വീഴ്ചയില്‍ നിന്നും അതിവേഗം കരകയറി മുന്നേറുമെന്നതാണ് ചരിത്രം.
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളെ, വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമായും മൂന്നായി തരംതിരിച്ചിരിക്കുന്നു. സ്മോള്‍ കാപ്, മിഡ് കാപ്, ലാര്‍ജ് കാപ് എന്നിങ്ങനെയാണത്. ഇതില്‍ മികച്ച സാമ്പത്തിക നിലവാരവും ദീര്‍ഘ കാലാടിസ്ഥാനത്തിലുളള ഉയര്‍ന്ന വളര്‍ച്ചാ സാധ്യതകളും ഒത്തൊരുമിക്കുന്നത് മിഡ് കാപ് കമ്പനികളിലാണ്. ഇതിലൂടെ ദീര്‍ഘ കാലയളവില്‍ ശരാശരിയിലും ഉയര്‍ന്ന ആദായം തേടിയെത്താം. അതായത്, സുരക്ഷിതത്തവും വളര്‍ച്ചയും ഒത്തൊരുമിക്കുന്നതിലൂടെ നിക്ഷേപത്തിനുളള സ്ഥിരത മിഡ് കാപ് വിഭാഗം ഓഹരികള്‍ക്ക് കൂടുതലായിരിക്കുമെന്ന് സാരം. മിഡ് കാപ് ഓഹരികളുടെ പ്രധാന സവിശേഷതകള്‍ ചുവടെ ചേര്‍ക്കുന്നു.
- സുരക്ഷിതത്വവും വളര്‍ച്ചയും ഒത്തുചേരുന്നതിലൂടെ നിക്ഷേപത്തിന്മേലുളള സ്ഥിരത.
- മൂലധന സംരക്ഷണത്തിനുള്ള ഉയര്‍ന്ന പ്രായോഗികത.
- ലാഭവിഹിതം നേടാനുള്ള സാധ്യത.
- നിലവില്‍ ലാര്‍ജ് കാപ് കമ്പനികളുടെയത്ര നിക്ഷേപശ്രദ്ധ ലഭിക്കാത്തതിനാല്‍ പിന്നീട് കിട്ടാവുന്ന സ്വീകാര്യതയിലൂടെ ഉയര്‍ന്ന മൂലധന നേട്ടത്തിനുള്ള അവസരം.
- തുടര്‍ന്നും വളരുന്നതിലൂടെ ലാര്‍ജ് കാപ് ഓഹരിയാകാനും സാമ്പത്തികാടിത്തറ കൂടുതല്‍ മെച്ചപ്പെടുത്താനുമുള്ള സാഹചര്യം.
- വൈവിധ്യവത്കരണത്തിനുള്ള കൂടുതല്‍ അവസരം
- മികച്ച വളര്‍ച്ചാ നിരക്ക്, നിക്ഷപത്തിന്മേലുള്ള പണപ്പെരുപ്പത്തിന്റെ ഭീഷണിയകറ്റുന്നു
ഇതുംകൂടി ശ്രദ്ധിക്കുക:
ഏതൊരു സംരംഭങ്ങളുടേയും വിജയസാധ്യത പ്രവചനാതീതമാണ്. എങ്കിലും മികച്ച ബിസിനസും ശക്തമായ ബാലന്‍സ് ഷീറ്റുമുള്ള കമ്പനികളുടെ ഓഹരികള്‍ തെരഞ്ഞെടുത്താല്‍ അപകട സാധ്യത കുറയ്ക്കാനാകും. കമ്പനിയുടെ ലാഭക്ഷമത, മാനേജ്മെന്റിന്റെ നേതൃഗുണം, സാമ്പത്തികാടിത്തറ, വരുമാനത്തിലും ലാഭത്തിലുമുള്ള വളര്‍ച്ച, ഓഹരിയുടെ മൂല്യവുമൊക്കെ വിലയിരുത്തിയ ശേഷമാകണം നിക്ഷേപത്തിനായുള്ള തീരുമാനം സ്വീകരിക്കേണ്ടത്.