വായ്പാ വളർച്ച നിരക്കിൽ മാറ്റം വരുത്താതെ ഇന്ത്യ റേറ്റിംഗ്സ്, ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത്
മൂലധനം സമാഹരിക്കുന്നതിലൂടെ ബാങ്കുകൾ അവരുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നത് തുടരുകയാണെന്നും ഇന്ത്യ റേറ്റിംഗ് വ്യക്തമാക്കുന്നു.
മുംബൈ: ഇന്ത്യൻ ബാങ്കിംഗ് മേഖലയുടെ വായ്പാ വളർച്ച നിരക്ക് നടപ്പ് സാമ്പത്തിക വർഷം 8.9 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തി ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ച് (ഇൻഡ് -റാ). ചില്ലറ വായ്പാ ആവശ്യകതയിലുണ്ടായ ഉണർവ്, അടിസ്ഥാന സൗകര്യ മേഖല അടക്കമുളള രംഗങ്ങളിലെ കേന്ദ്ര സർക്കാരിന്റെ ഉയർന്ന ചെലവിടൽ, ആദ്യ പാദത്തിലെ സാമ്പത്തിക പ്രവർത്തനങ്ങളിലുണ്ടായ വർധന എന്നിവയാണ് നിരക്കിൽ മാറ്റമില്ലാതെ നിലനിർത്താനുളള കാരണങ്ങളായി ഏജൻസി ചൂണ്ടിക്കാണിക്കുന്നത്.
2022 സാമ്പത്തിക വർഷം മൊത്തം നിഷ്ക്രിയ ആസ്തികൾ (ജിഎൻപിഎ) 8.6 ശതമാനമാണെന്നും സമ്മർദ്ദ ആസ്തികൾ 10.3 ശതമാനമാണെന്നും ബാങ്കുകൾക്കുള്ള പ്രൊവിഷനിംഗ് ചെലവ് നേരത്തെ കണക്കാക്കിയ 1.5 ശതമാനത്തിൽ നിന്ന് 1.9 ശതമാനമായി ഉയരുമെന്നും റേറ്റിംഗ് ഏജൻസി അറിയിച്ചു.
2022 സാമ്പത്തിക വർഷം മൊത്തത്തിൽ ബാങ്കിംഗ് മേഖലയെക്കുറിച്ച് ഒരു 'സ്ഥിരതയുള്ള' കാഴ്ചപ്പാട് ഏജൻസി നിലനിർത്തി. മൂലധനം സമാഹരിക്കുന്നതിലൂടെ ബാങ്കുകൾ അവരുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നത് തുടരുകയാണെന്നും ഇന്ത്യ റേറ്റിംഗ് വ്യക്തമാക്കുന്നു.
“മിക്ക സ്വകാര്യ ബാങ്കുകളും അവരുടെ മൂലധന ബഫറുകളെ ശക്തിപ്പെടുത്തുകയും അവരുടെ പോർട്ട് ഫോളിയോ മുൻകൂട്ടി കൈകാര്യം ചെയ്യുകയും ചെയ്തു. വളർച്ച പുനരുജ്ജീവിപ്പിക്കുമ്പോൾ, വലിയ സ്വകാര്യ ബാങ്കുകൾക്ക് അവരുടെ മികച്ച ഉൽപ്പന്നവും സേവന നിർദ്ദേശങ്ങളും കാരണം ക്രെഡിറ്റ് മൈഗ്രേഷനിൽ നിന്ന് പ്രയോജനം ലഭിക്കാൻ സാധ്യതയുണ്ട്, ” ഏജൻസി റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, ചെറുകിട ധനകാര്യ ബാങ്കുകൾ (എസ്എഫ്ബി), ബാങ്ക് ഇതര ധനകാര്യ കമ്പനികൾ, പുതിയ കാല ബാങ്കുകൾ എന്നിവരിൽ നിന്നുള്ള മത്സരം നേരിടുന്നതിനാൽ പഴയകാല സ്വകാര്യ ബാങ്കുകൾ സേവനങ്ങളിലും സാങ്കേതിക രംഗത്തും കൂടുതൽ നിക്ഷേപം നടത്തേണ്ടതുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona